മഠം വിട്ട കന്യാസ്ത്രിയുടെ ആത്മകഥ വീണ്ടും; ‘ക്രിസ്തുവിന്റെ മണവാട്ടി’ എന്നത് റൊമാന്റിക് സങ്കല്‍പ്പമെന്ന് മരിയ റോസ

മലയാളത്തിലെ ആത്മകഥാ പരമ്പരയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചവയാണ് തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ തുറന്നു പറച്ചിലുകള്‍. കന്യസ്ത്രീ മഠങ്ങളില്‍ അനുഭവിച്ച പീഡനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങി ക്രൈസ്തവ സഭകളിലെ കൊള്ളരുതായ്മകള്‍ മുഴുവന്‍ പലരും തുറന്ന് എഴുതി. ആ പരമ്പരയിലേക്ക് പുതിയൊരു പുസ്തകം കൂടി എത്തുകയാണ്. മരിയ റോസ എന്ന മുന്‍ കന്യാസ്ത്രി എഴുതിയ ‘മഠത്തില്‍ വിട്ടവള്‍, മഠം വിട്ടവള്‍’ എന്ന ആത്മകഥ കന്യാസ്ത്രീ മഠങ്ങളിലെ മോശം പ്രവണതകളെ പൊളിച്ചടുക്കുന്നതാണ്.

തൃശുര്‍ സെന്റ് മേരീസ് കോളജിലെ പ്രിന്‍സിപ്പലും 33 വര്‍ഷം കാര്‍മലീത്ത കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍’ എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വലിയ വിവാദം സൃഷ്ടിച്ചു. കന്യാസ്ത്രി മഠങ്ങളിലെ അപമാനം, ലൈംഗിക പീഡനങ്ങള്‍, മാനസിക പീഡനങ്ങള്‍, അരാജകത്വങ്ങള്‍ എന്നിവ തുറന്ന് കാണിക്കുന്നതായിരുന്ന ജെസ്മിയുടെ എഴുത്ത്.

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ മുന്‍ അംഗമായിരുന്ന ലൂസി കളപുര തന്റെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പേരില്‍ 2019 ല്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും കത്തോലിക്ക സഭയുടെ കന്യാസ്ത്രീ മഠങ്ങളിലെ ചൂഷണങ്ങള്‍ അനാവരണം ചെയ്യുന്നതായിരുന്നു. ഇപ്പോള്‍ 20 വര്‍ഷക്കാലം കന്യാസ്ത്രിയായിരുന്ന മരിയ റോസയാണ് ‘മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍’ എന്ന ആത്മകഥയിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. കഴിഞ്ഞ മാസം ഡിസി ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കിയത്.

ALSO READ : സിസ്റ്റർ അനുപമ മഠം വിട്ടിറങ്ങി; സമരപർവം മതിയാക്കി; ചരിത്രം കുറിച്ച പോരാട്ടത്തിൻ്റെ മുറിവുകൾ ബാക്കി…

പതിനഞ്ചാമത്തെ വയസില്‍ മഠത്തില്‍ ചേരുകയും 37മത്തെ വയസില്‍ മഠം വിട്ടു പോരുകയും ചെയ്ത മരിയറോസ താന്‍ കോണ്‍വെന്റിനുള്ളില്‍ അനുഭവിച്ച മനുഷ്യത്യരഹിതമായ അനുഭവങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. സഭാ വസ്ത്രം ഊരിവെച്ച ശേഷം ബന്ധുക്കളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്ന അവഹേളനങ്ങളും പുസ്തകത്തില്‍ വരച്ചുകാണിക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിപരിയയവും ഉണ്ടായിട്ടും താമസിക്കാനൊരിടമോ ജോലിയോ കിട്ടാത്ത അവസ്ഥ, സദാചാരക്കാരുടെ ഒളിഞ്ഞു നോട്ടങ്ങള്‍, മാതാപിതാക്കളുടെ തിരസ്‌കരണം തുടങ്ങിയ മലയാളി സമൂഹത്തിന്റെ ജീര്‍ണത മുഴുവന്‍ മരിയ റോസ 142 പേജുള്ള ഓര്‍മ്മക്കുറിപ്പിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നു.

മഠം വിട്ടതിന്റെ പേരില്‍ തന്റെ അമ്മയെ ബന്ധുക്കള്‍ അപമാനിച്ചത് കണ്ണീരോടെയാണ് മരിയ വിവരിക്കുന്നത്. സഹോദരന്മാര്‍ പിതൃസ്വത്തില്‍ ഒരു കൂരവെക്കാന്‍ പോലും സ്ഥലം കൊടുക്കാതെ മുഴുവനും തട്ടിയെടുത്തു. ‘ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവരെ വിടുന്നതാണെന്ന്’ പറഞ്ഞാണ് പുസ്തകം ആരംഭിക്കുന്നത്.

ALSO READ : അഭയക്കേസ് പ്രതി ഫാ.പൂതൃക്കയെ വെറുതെവിട്ട സുപ്രീം കോടതി മുൻ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയിൽ!! നിയമവൃത്തങ്ങളിൽ ആശ്ചര്യം

ഓസ്‌ട്രേലിയക്കാരനായ ലോഥാര്‍ ജോര്‍ജിയഫിനെ ജീവിത പങ്കാളിയാക്കിയതിനെ മഠം വിട്ടതിനേക്കാള്‍ ഭീകരമായ വിധത്തിലാണ് ബന്ധുക്കളും നാട്ടുകാരും കൈകാര്യം ചെയ്തതെന്ന് മരിയ എഴുതിയിട്ടുണ്ട്. മഠത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയും വൈദികരുടെ കാമാസക്തിയുമൊക്കെ വളരെ പൊതിഞ്ഞാണ് മരിയ എഴുതിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top