പരോൾ ചികിത്സയ്ക്ക്, പക്ഷേ ബോംബേറ് കേസ് പ്രതി പോയത് പാർട്ടി പ്രകടനത്തിന്; ചട്ടങ്ങൾ കാറ്റിൽ പറത്തി സിപിഎം കൗൺസിലർ

പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി പരോൾ ചട്ടം ലംഘിച്ച് സി.പി.എം പ്രകടനത്തിൽ പങ്കെടുത്തു. പയ്യന്നൂർ നഗരസഭാ കൗൺസിലർ വി.കെ. നിഷാദ് ആണ് നിയമങ്ങൾ കാറ്റിൽ പറത്തി പയ്യന്നൂരിൽ നടന്ന സി.പി.എം പ്രതിഷേധ പ്രകടനത്തിൽ സജീവ സാന്നിധ്യമായത്. പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പരോൾ നേടിയ നിഷാദ്, പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെ പ്രവേശിച്ചത്.

Also Read : സിപിഎം സ്ഥാനാർഥി പട്ടാപകൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ കുറ്റക്കാരൻ; 20 വർഷം തടവ് വിധിച്ച് കോടതി

പരോൾ ചട്ടങ്ങളുടെ നഗ്നമായ ലംഘനം അടിയന്തര പരോളിൽ ഇറങ്ങുന്ന തടവുകാർ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ, പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സി.പി.എം പ്രതിഷേധത്തിൽ നിഷാദ് സജീവമായി പങ്കെടുത്തു. പ്രകടനത്തിൽ നിഷാദ് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരോൾ ചട്ടലംഘനം പുറംലോകമറിഞ്ഞത്.

2012-ൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പയ്യന്നൂർ ടൗണിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലെ 46ആം വാർഡ് കൗൺസിലർ കൂടിയായ ഇയാൾ, പിതാവിന്റെ ശസ്ത്രക്രിയയും തുടർച്ചികിത്സയും ചൂണ്ടിക്കാട്ടിയാണ് അടിയന്തര പരോളിന് അപേക്ഷിച്ചത്. ജനുവരി 26 വരെയാണ് നിഷാദിന് പരോൾ അനുവദിച്ചിരുന്നത്. ഇന്നലെ പ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇയാൾ തിരികെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top