രജനിയെ രക്ഷിക്കാന്‍ വില്ലന് കഴിയുമോയെന്ന് നാളെയറിയാം… പുതിയ റിലീസിനായി എമ്പാടും ഒരുക്കങ്ങൾ

രജനീകാന്ത് മാത്രമല്ല, തമിഴ്നാട് ആകെ കാത്തിരിക്കുന്ന ‘കൂലി’ സിനിമ നാളെ റിലീസ് ആകുകയാണ്. തമിഴ്‌നാട്ടില്‍ ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രചാരണങ്ങൾ അരങ്ങേറുന്നുമുണ്ട്. 1000 കോടി നേടുന്ന ആദ്യത്തെ തമിഴ്‌ സിനിമയാകും കൂലി എന്ന പ്രചാരണമാണ് രജനീകാന്തിനെ പിന്തുണയ്ക്കുന്ന ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ വാനോളം ഉയര്‍ത്തികൊണ്ടുവരുന്ന ഈ പ്രതീക്ഷകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആ സിനിമയ്ക്ക് കഴിയുമോയെന്ന ആശങ്കയും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

കൂലി എന്ന ഈ സിനിമ രജനീകാന്തിനെ സംബന്ധിച്ചിടിത്തോളവും നിര്‍ണ്ണായകമാണ്. 74 വയസിലും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്ന അദ്ദേഹത്തിന് മുന്‍കാലങ്ങളിലേതുപോലെ തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് അതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ജയിലര്‍ എന്ന സിനിമ തമിഴ്‌നാട്ടില്‍ കളക്ഷനില്‍ പുതിയ റെക്കാര്‍ഡ് ഇട്ടപ്പോള്‍, അതിന് പിന്നാലെ വന്ന വേട്ടയ്യന്‍ എന്ന സിനിമക്ക് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതാണ് പുതിയ റിലീസിനെക്കുറിച്ച് സംശയം ഉയരുന്നതിനുളള പ്രധാന കാരണങ്ങളിലൊന്ന്.

എന്നാല്‍ ഹിറ്റുകള്‍ എന്നത് ഒരാളുടെ മാത്രം കഴിവിനെ അടിസ്ഥാനമാക്കി അല്ലെന്നതാണ് സിനിമാ കേന്ദ്രങ്ങളുടെ വിശദീകരണം. രജനി എല്ലായ്‌പ്പോഴും മാസ് ഹിറോ തന്നെയാണ്, സംശയമില്ല. ഏത് സിനിയിലായാലും ലഭിക്കുന്ന കളക്ഷനിലെ ഒരു പ്രധാനഭാഗം രജനി കൊണ്ടുവരുന്നത് തന്നെയായിരിക്കും. എന്നാല്‍ പടം സൂപ്പര്‍ ഹിറ്റോ, ബ്ലോക്ക് ബസ്റ്ററോ ഒക്കെ ആകുകയെന്നത് കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്. പ്രത്യേകിച്ച് ഇക്കാലത്ത് സിനിമയിലെ വില്ലന്‍ കഥാപാത്രത്തിൻ്റെ കരുത്താണ് അതില്‍ പ്രധാന പങ്കുവഹിക്കുന്നത്.

ചലച്ചിത്രങ്ങളില്‍ വില്ലന്‍ എന്നത് എക്കാലത്തും തിരശീലയ്ക്ക് പിന്നിലെ ഒരു വിജയഘടകമാണ്. അതിനെ ആരും വലുതായി പരിഗണിച്ച് പറയാറില്ല. വാണിജ്യ സിനിമയുടെ തുടക്കകാലം മുതൽ തന്നെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. രാജ്യം കണ്ട എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റായ ഹിന്ദിയിലെ ‘ഷോലെ’യെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കുന്നത് അതിലെ ഗബ്ബര്‍സിംഗ് എന്ന കഥാപാത്രത്തെയാണ്. മലയാളത്തിലെ സമീപകാല ഹിറ്റായ ‘തുടരും’ സിനിമയിലെ വില്ലൻ ജോർജ് സർ മറ്റൊരു ഉദാഹരണം.

ആരും വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ല എങ്കിലും രജനി സിനിമകളിലും വിജയഘടകങ്ങളില്‍ വില്ലന്‍ കഥാപാത്രം പ്രധാനമായിരുന്നു എന്നിപ്പോൾ പലരും തിരിച്ചറിയുന്നുണ്ട്. ജയിലര്‍ സിനിമയുടെ വിജയം ഉദാഹരണവുമാണ്. രജനിക്കൊപ്പം നിറഞ്ഞാടിയ വിനായകൻ്റെ അതിൻ്റെ വിജയത്തിൽ പ്രധാന ഘടകമായി. ഒരു ചടങ്ങില്‍ രജനി അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിനായകന്റെ അഭിനയവും മാനറിസങ്ങളും അദ്ദേഹം സൃഷ്ടിച്ച ഒരു ഭീകരാന്തരീക്ഷവും രജനീകാന്ത് എന്ന സൂപ്പര്‍ നായകൻ്റെ പ്രതിഭ പുറത്തെടുക്കാൻ ഗുണകരമാകുക തന്നെയുണ്ടായി.

തുടര്‍ന്ന് വന്ന വേട്ടയ്യന്‍ എന്ന സിനിമ കഥാപരമായും, സമൂഹത്തിന് സന്ദേശം നല്‍കുന്നതിലായാലും ജയിലറെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. എന്നാല്‍ പ്രമുഖ നടനായ റാണാ ദംഗുബട്ടിയെയാണ് അതിലെ വില്ലനായി കൊണ്ടുവന്നത് എങ്കിലും, താരപരിവേഷത്തിന് അപ്പുറം സിനിമയിൽ അത് കാര്യമായ ചലനം ഉണ്ടാക്കിയില്ല എന്നതാണ് വസ്തുത. ആ സിനിമയില്‍ രജനീകാന്തിനെ എതിരിടാന്‍ ആരും ഉണ്ടായിരുന്നില്ല എന്നൊരു തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്. വില്ലന്‍ ചലഞ്ചിംഗ് അല്ലായിരുന്നു എന്നതാണ് ആ സിനിമയുടെ പരാജത്തിന് വഴിവച്ചതും.

തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ആയ നാഗാര്‍ജ്ജുനയാണ് കൂലിയിലെ വില്ലന്‍ എന്നാണ് പലരും നല്‍കുന്ന സൂചന. രജനീകാന്തിന്റെ സിനിമയിലെ സൂപ്പര്‍ പവറുകളെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ക്രൂരനും വെറുക്കപ്പെട്ടവനും ആകുമോ ഈ വില്ലൻ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വില്ലന്‍ കഥാപാത്രം നായകന് ഒപ്പം നില്‍ക്കുന്നതായാൽ‍ വിജയം ഉറപ്പ്. അല്ലെങ്കില്‍ രജനീകാന്തിനുപോലും ഒന്നും ചെയ്യാന്‍ കഴിയില്ല. അതായത് എത്രവലിയ സൂപ്പര്‍ ഹിറോ ആയാലും അയാളുടെ വിജയം വില്ലനെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് സാരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top