ഇഡി എന്ന ചക്കരക്കുടം തീവെട്ടിക്കൊള്ളക്കാരാല്‍ സമൃദ്ധം; ഉദ്യോഗസ്ഥർ പെട്ട കേസ് കണക്കുകൾ ഞെട്ടിക്കും; കേരളത്തിലെ വിജിലൻസ് കേസും പുതുമയല്ല!!

കള്ളപ്പണക്കേസുകള്‍ ഒതുക്കാന്‍ ഏജന്റുമാരെ നിയമിച്ച് പണം പിടുങ്ങുന്ന കൊള്ളസംഘം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ (ഇഡി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയിലെ വിജിലന്‍സ് അന്വേഷണം മുന്നോട്ട് നീങ്ങുമോ, അതോ സെറ്റിലാക്കുമോ?
ഇക്കഴിഞ്ഞ ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കു വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഏജന്റുമാരായ വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെ സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരുടെ കൂട്ടാളിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും അറസ്റ്റിലായി. കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ അനീഷ് ബാബുവില്‍ നിന്ന് രണ്ട് കോടി രൂപ ഏജന്റുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഇഡിയുടെ സമന്‍സ് ലഭിച്ചതിന് പിന്നാലെയാണ് ഏജന്റുമാര്‍ രംഗപ്രവേശനം ചെയ്തതും കേസൊതുക്കാന്‍ കോടികള്‍ ആവശ്യപ്പെട്ടതും. കൊച്ചി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാറിനു വേണ്ടിയാണ് ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചതെന്നാണ് വിജിലന്‍സിന്റെ നിഗമനം.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കള്ളപ്പണമിടപാട് നടത്തിയ രാഷ്ടീയ എതിരാളികളേയും അവരെ സഹായിച്ചിരുന്ന വന്‍കിട വ്യവസായികളേയും പിടികൂടുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സദാ ശ്രദ്ധാലുക്കളായിരുന്നു. മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ , ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള ഉന്നത നേതാക്കളെ ജയിലിലടച്ച് രാഷ്ടീയ – വ്യവസായ ഉന്നതരെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ വിദഗ്ധമായി ഉപയോഗിച്ചു.
ഇഡിയെ പേടിച്ച് നിരവധി രാഷ്ടീയ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കാലുമാറി. ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വാസ് ശര്‍മ്മ , മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങി നിരവധി നേതാക്കള്‍ ഇഡി പേടിയില്‍ കാലുമാറിയവരാണ്. കൂടുതല്‍ അധികാരങ്ങള്‍ ലഭിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപിരിവ് തുടങ്ങി. ആരെയും വിരട്ടി വരുതിയിലാക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ബോധപൂര്‍വം സൃഷ്ടിച്ചു.
ഇതാദ്യമായല്ല, ഇഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി – അഴിമതിക്കേസുകളില്‍ പ്രതിസ്ഥാനത്തു വരുന്നത്. വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും അല്ലാത്തവരെ പൂട്ടുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടാക്കി എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടിയിലായ ഇഡി ഉദ്യോഗസ്ഥരുടെ എണ്ണം. കഴിഞ്ഞ 11 വര്‍ഷമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ ആയുധമമാക്കി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും വ്യാപകമായി അഴിമതി നടത്തുകയും ചെയ്യുകയാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഏറ്റവും ഒടുവില്‍ കൊച്ചിയില്‍ നടന്ന സംഭവ വികാസങ്ങള്‍.
ഈ വര്‍ഷം ആദ്യം ഇഡി ഷിംല യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വിശാല്‍ ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്‌കോളര്‍ഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനായിരുന്നു അറസ്റ്റ്. ഇയാളുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഒരുകോടിയിലധികം രൂപ പണമായി കണ്ടെടുത്തി. മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കേസ് ഒഴിവാക്കാനാണ് വിശാല്‍ ദീപ് ദേവഭൂമി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ ഭൂപീന്ദര്‍ കുമാര്‍ ശര്‍മയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.
മുംബൈയില്‍ കഴിഞ്ഞവര്‍ഷം വിഎസ് ഗോള്‍ഡ് കമ്പനി എന്ന ജൂവലറിയുടെ ഉടമയായ വിപുല്‍ താക്കറില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ് യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വിപുല്‍ താക്കറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ജൂവലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയത്. വിലപേശലിനൊടുവില്‍ തുക 20 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇത് വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തേ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു.
രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ 2023-ല്‍ കേസൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയതിന് മണിപ്പുരിലെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ചിട്ടിക്കേസുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണയെ അറസ്റ്റ് ചെയ്തത്. ഇംഫാല്‍ ഇഡിയിലെ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
കോവിഡ് കാലത്ത് 2021-ല്‍ ബെംഗളൂരുവിലെ ബിസിനസുകാരന്റെ വീട്ടില്‍ വ്യാജറെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥനെയും സഹായിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്ന ബിസിനസുകാരന്റെ ഹോട്ടലിനെതിരേ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഉദ്യോഗസ്ഥനായ ഡി. ചന്നകേശവലു വ്യാജറെയ്ഡ് നടത്തിയത്. ഇയാള്‍ക്കൊപ്പം സുഹൃത്തായ വീരേഷ് എന്ന സഹായിയും ഉണ്ടായിരുന്നു. രണ്ടുകോടി രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കിത്തരാമെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ വ്യവസായി ആറുലക്ഷം രൂപ മാത്രേമേ കൈയിലുള്ളു എന്നുപറഞ്ഞ് അത്രയും തുക നല്‍കി. ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങിയതോടെ വ്യവസായി സിബിഐയെ അറിയിക്കുകയായിരുന്നു.
സ്വന്തം ഉദ്യോഗസ്ഥർക്കെതിരെ ഇഡി തന്നെ സിബിഐക്ക് പരാതി നൽകിയ സംഭവവും ഉണ്ടായി. 2023 ഓഗസ്റ്റില്‍, ഡല്‍ഹി എക്‌സൈസ് കുംഭകോണത്തില്‍ അന്വേഷണം നേരിടുന്ന ഒരു ബിസിനസുകാരനില്‍ നിന്ന് അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഇഡി സ്വന്തം ഉദ്യോഗസ്ഥനായ പവന്‍ ഖത്രിക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐയില്‍ പരാതി നല്‍കി.
അഴിമതിക്കാരായ ഇഡി ഉദ്യോഗസ്ഥരെ സംസ്ഥാന വിജിലന്‍സുകളും പിടിച്ച കേസുകളുമുണ്ട്. 2023 നവംബറില്‍, രാജസ്ഥാനിലെ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) ഇഡി ഓഫീസര്‍ നവല്‍ കിഷോര്‍ മീണയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരനെ കയ്യോടെ പിടികൂടിയതിന്റെ പേരിലാണ് അകത്തായത്. അതുപോലെ, 2023 ഡിസംബറില്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഇഡി ഉദ്യോഗസ്ഥന്‍ അങ്കിത് തിവാരിയെ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ അറസ്റ്റ് ചെയ്തു.
രാജ്യത്ത് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തത് 193 കേസുകളെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ ഇഡി കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇക്കാലയളവില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് കേവലം രണ്ടു പേര്‍ മാത്രമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 19ന് രാജ്യസഭയില്‍ സിപിഎം അംഗമായ എഎ റഹീമിന് നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തു വന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കണക്കുകള്‍ രാജ്യസഭയില്‍ പങ്കുവച്ചത്.

2019-24 കാലഘട്ടത്തില്‍ വിവിധ സംഭവങ്ങളിലായി 911 കേസുകള്‍ ഇഡി രജിസ്റ്റര്‍ ചെയ്തതായി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അംഗം രണ്‍ദീപ് സുര്‍ജെവാ ലെയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ധനസഹമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതില്‍ 654 കേസുകളില്‍ വിചാരണ പുരോഗമിക്കുകയാണെന്നും 42 കേസുകളില്‍ ശിക്ഷ വിധിച്ചെന്നുമായിരുന്നു കേന്ദ്രം 2024 ഡിസംബര്‍ 10 ന് പാര്‍ലമെന്റില്‍ അറിയിച്ചത്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇഡി കേസുകളിലെ ശിക്ഷ വിധിക്കപ്പെട്ടത് 6.42 ശതമാനം കേസുകളില്‍ മാത്രമാണ്.
ഇഡികേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് (Conviction rate) അഥവാ ശിക്ഷാ നിരക്ക് ‘വെരി പൂവര്‍’ ( very poor ) എന്നാണ് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം പറഞ്ഞത്. ഇ ഡി അറസ്റ്റ് ചെയ്ത ബംഗാള്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ കമന്റ് കോടതി പറഞ്ഞത്. കള്ളപ്പണ കേസുകളിലൊക്കെ കാര്യമായ തെളിവ് ശേഖരണമോ കൃത്യമായ പ്രോസിക്യൂഷനോ നടത്തുന്നതില്‍ ഇഡി സമ്പൂര്‍ണ പരാജയമാണെന്നാണ് 2024 നവംബറില്‍ മറ്റൊരു കേസില്‍ സുപ്രീം കോടതി പറഞ്ഞത്. ‘നിങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് എത്രയാണ്. അത് 60- 70 ശതമാനമാണെങ്കില്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. എന്നാലതിന്റെ നിരക്ക് വളരെ പരിതാപകരമാണ്’ എന്നാണ് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ പറഞ്ഞത്.
2020 നവംബര്‍ നാല്, അഞ്ച് തീയതികളില്‍ തിരുവല്ലയില്‍ ബിലീവേഴ്സ് സഭയുടെ ആസ്ഥാനത്ത് ഇന്‍കം ടാക്‌സ് , ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തിയതായി വലിയ വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍ത്തിയിട്ട ഒരു പഴയ കാറിന്റെ ഡിക്കിയില്‍ നിന്ന് 54 ലക്ഷം പിടിച്ചെടുത്തു, എന്നും അനധികൃത വിദേശ പണം കണക്കില്ലാതെ വരുന്നു എന്നൊക്കെ പറഞ്ഞ സംഭവത്തിന് പിന്നെ എന്ത് സംഭവിച്ചു എന്നാര്‍ക്കും അറിയില്ല. 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടത്തിയെന്നുമൊക്കെയായിരുന്നു മാധ്യമ വാര്‍ത്തകള്‍. ഈ കോലാഹലങ്ങള്‍ക്കു ശേഷം ഈ റെയ്ഡുകള്‍ക്ക് എന്ത് സംഭവിച്ചു എന്നാര്‍ക്കും അറിയില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് ബീലീവേഴ്‌സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കേരളത്തിലെ ഏക സഭയും ഇവരായിരുന്നു. ബീലീവേഴ്‌സ് സഭയുടെ ക്രമക്കേടുകള്‍ എല്ലാം വെളുപ്പിച്ചു കൊടുത്തു എന്നാണ് കരുതേണ്ടത്.
2022 ജൂലൈ 18,19 തീയതികളില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കുറ്റപ്പുഴയിലെ ആസ്ഥാനത്തടക്കം എന്‍ഫോഴ്?സ്?മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സ്വപ്ന സുരേഷിനെ സ്വാധീനിക്കാന്‍ ചെന്ന സാജ് കിരണ്‍ എന്ന ഇടനിലക്കാരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെയും കുടുംബങ്ങള്‍ ബിലീവേഴ്‌സ് ചര്‍ച്ചുവഴി വിദേശത്തേക്ക് പണംകടത്തിയെന്ന ആരോപണം സാജ് കിരണ്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നത്. വിദേശ ഫണ്ട് നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണം എന്നാണ് ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്ന് പറഞ്ഞത്. ബിജെപിയുടെ വാഷിംഗ് മെഷീനില്‍ സഭയെ കയറ്റി വെളുപ്പിച്ചതോടെ എല്ലാം ശുഭം.
ഒരു വശത്ത് വന്‍തോതില്‍ കള്ളപ്പണം പിടിച്ചു എന്നവകാശപ്പെടുകയും മറുവശത്ത് കാശ് വാങ്ങി കേസ് ഒതുക്കുകയുമാണെന്ന പ്രതീതിയും ആരോപണവും ഇഡിയെക്കുറിച്ച് വ്യാപകമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here