കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് ഇതാ…. വിൽപന നിരോധിച്ച് തമിഴ്നാട്

മധ്യപ്രദേശിലും രാജസ്ഥാനിലും വൃക്ക തകരാറു മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. മരിച്ച കുട്ടികളുടെ വീട്ടിൽ നിന്നും ഒരേ മരുന്നുകൾ കണ്ടെത്തിയിരുന്നു. ‘കോൾഡ്രിഫ് കഫ് സിറപ്പിന്’ (Coldrif cough syrup) രണ്ട് സംസ്ഥാനങ്ങളിലെയും കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതിന്റെ വിൽപ്പന നിരോധിച്ചത്.

സംഭവത്തെക്കുറിച്ച് സംസ്ഥാന ഡ്രഗ് അതോറിറ്റി അന്വേഷണം നടത്തുകയാണ്. വൃക്ക തകരാറു മൂലം നിരവധി കുട്ടികൾ മരിച്ചതിനാൽ രണ്ടു സംസ്ഥാനങ്ങളിലും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) അന്വേഷണം നടത്തിയിരുന്നു. വെള്ളം ഉൾപ്പടെ പരിശോധിച്ചിരുന്നു. 500 ഓളം പേരുടെ രക്ത സാമ്പിളുകളും പരിശോധിച്ചു. ഈ പ്രദേശങ്ങളിൽ ഒന്നും പകർച്ചവ്യാധിയില്ലെന്ന് കണ്ടെത്തി. നിലവിൽ 12 കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശിൽ ഒമ്പത് കുട്ടികളും, രാജസ്ഥാനിൽ മൂന്ന് കുട്ടികളും.

മരണങ്ങളെ തുടർന്ന് ജില്ലാ ഭരണകൂടം കോൾഡ്രിഫ്(Coldrif) നെക്സ്ട്രോ ഡിഎസ് (Nextro-DS) എന്നീ രണ്ട് കഫ് സിറപ്പുകൾ നിരോധിച്ചു. സിറപ്പിൽ മായം കലർന്നിട്ടില്ലെന്നാണ് മധ്യപ്രദേശ് ആരോഗ്യ മന്ത്രി രാജേന്ദ്ര ശുക്ലയുടെ വാദം. ബുധനാഴ്ചത്തെ പരിശോധനാ റിപ്പോർട്ട് പുറത്തുവരുമെന്നും സാമ്പിളുകൾ വിശകലനത്തിനായി നാഗ്പൂരിലെയും പൂനെയിലെയും ലബോറട്ടറികളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ(ICMR) റിപ്പോർട്ട് വന്നാലേ ഇതിന് വ്യക്തത ഉണ്ടാകൂ. സംസ്ഥാന സർക്കാർ അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ജവഹർ ബേദം പറഞ്ഞു. എന്നാൽ, സംഭവത്തിൽ സംസ്ഥാന സർക്കാർ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. ഭരത്പൂർ, സിക്കാർ ജില്ലകളിലെ രണ്ട് കുട്ടികളുടെ മരണത്തിന് കാരണം സംസ്ഥാനത്തിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത ചുമ സിറപ്പാണ്. രാജസ്ഥാൻ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിൽ ഇത് വ്യക്തമാക്കിയിരുന്നു .

ഡോക്ടറുടെ ഉപദേശമില്ലാതെയാണ് രണ്ട് കേസുകളിലും കുട്ടികൾക്ക് വീട്ടിൽ സിറപ്പ് നൽകിയത്. പ്രോട്ടോക്കോൾ അനുസരിച്ച്, ഡെക്‌സ്ട്രോമെത്തോർഫാൻ (DXM) മരുന്ന് കുട്ടികൾക്ക് നിർദ്ദേശിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഈ മരുന്ന് പ്രോട്ടോക്കോൾ ലംഘിച്ചു കുട്ടികൾക്ക് നൽകിയതിൽ ഡോക്ടറെയും ഫാർമസിസ്റ്റിനെയും സസ്പെൻഡ് ചെയ്തു.

കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് നിരവധി കുട്ടികളാണ് രോഗബാധിതരായത്. ഛർദ്ദി, മയക്കം മുതൽ ബോധം നഷ്ടപ്പെടുന്നത് വരെയുള്ള ലക്ഷണങ്ങളുണ്ടായെന്നും റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നു. അതേസമയം, പ്രാദേശിക ഡോക്ടറായ ഡോ താരാചന്ദ് യോഗി ഈ മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ കുടിച്ചു കാണിച്ചു. എന്നാൽ വൈകാതെ തന്നെ അദ്ദേഹവും ബോധരഹിതനായി. ഇത് കൂടുതൽ ആശങ്കക്കാണ് വഴി വച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top