നമ്മുടെ ആള്‍ക്കാരെ സഹായിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്; ബിജെപി എന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിരോധം; അനിലിനെ കൂടി തള്ളിപ്പറയുമോ എന്ന് അണികള്‍

സഹകരണ സ്ഥാപനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരം കോർപ്പറേഷ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ ഭാരവാഹിയുമായ അനില്‍ കുമാര്‍ ആതമഹത്യ ചെയ്ത സംഭവത്തില്‍ പ്രതിരോധത്തിന് പലവഴികളും പയറ്റി ബിജെപി. അനില്‍ കുമാര്‍ സിപിഎം, പോലീസ് വേട്ടയുടെ ഇരയായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനായി ഇന്ന് തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബിജെപി മാര്‍ച്ചും നടത്തി.

അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സിപിഎമ്മുമാണ് എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ അങ്ങനെ പറയുന്നതിലെ കാരണം ചോദിച്ചാല്‍ പ്രകോപിതരാവുകയാണ് നേതാക്കള്‍ ചെയ്യുന്നത്. അനില്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ സിപിഎമ്മിനെ കുറിച്ചോ പോലീസിനെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. എന്നാല്‍ അവരുടെ തിരിച്ചടവ് വൈകി. പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു എന്നാണ് അനില്‍ കുമാര്‍ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങളായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ അനില്‍ കുമാര്‍ പറഞ്ഞിരിക്കുന്ന നമ്മുടെ ആള്‍ക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കും നന്നായി അറിയാവുന്ന കാര്യമല്ലേ എന്ന ചോദ്യമാണ് സിപിഎം ചോദിക്കുന്നത്.

ALSO READ : ബിജെപി കൗൺസിലറുടെ ആത്മഹത്യാ; പാർട്ടിക്ക് കുരുക്കാകുമോ?

അതിന് ബിജെപി നേതാവ് വി മുരളീധരന്‍ നല്‍കിയിരിക്കുന്ന വിശദീകരണവും വിചിത്രമാണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ കൊടുക്കുന്ന എല്ലാവരും സംഘത്തിലെ ആള്‍ക്കാരാകും. അവര്‍ തിരിച്ചടക്കുമെന്ന വിശ്വാസത്തിലാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ കൊടുക്കുന്നത്. അവരെ നമ്മുടെ ആളുകള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്. നമ്മുടെ ആളുകള്‍ എന്ന് അനില്‍ പറഞ്ഞത് എല്ലാവരെയും ആണ്. സഹകരണ സംഘത്തില്‍നിന്ന് വായ്പ എടുത്ത എല്ലാവരെയും കുറിച്ചാണ്. ബിജെപിക്കാരെ മാത്രം അല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ചുരുക്കത്തില്‍ ഇതിലൊന്നും ബിജെപിക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രപ്പാടാണ് നടക്കുന്നത്. ജീവിച്ചരുന്നപ്പോള്‍ ഒറ്റപ്പെടുത്തിയതു പോലെ മരിച്ച ശേഷവും അനില്‍ കുമാറിനെ ഒറ്റപ്പെടുത്തുകയും ബാധ്യത മുഴുവന്‍ അയാളുടെ തലയില്‍ ആക്കാനുമുള്ള നീക്കങ്ങള്‍ അല്ലെ നടക്കുന്നത് എന്ന ചോദ്യം ബിജെപിയില്‍ നിന്ന് തന്നെ ഉയരുകയാണ്. ഇതിന്റെ പേരില്‍ അനിലിന്റെ കുടുംബത്തേയും വേട്ടയാടുമോ എന്ന സംശയവും ഉയരുന്നുണ്ട്.

ALSO READ : കൗണ്‍സിലറുടെ മരണത്തിൽ ബിജെപി വാദം പൊളിയുന്നു; ആരോപണങ്ങൾ തള്ളി പോലീസ്

അനില്‍ കുമാര്‍ കൗണ്‍സിലറായ തിരുമല ഉള്‍പ്പെടുന്ന നേമം നിയമസഭാ മണ്ഡലം ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളില്‍ ഓന്നാണ്. കെ രാജഗോപാല്‍ ചരിത്രം കുറിച്ച് നിയമസഭയില്‍ എത്തിയ മണ്ഡലം എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമായി. സംസ്ഥാന അധഗ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറെ നാളായി ഈ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനത്തിലാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ഉണ്ടായ ഈ തിരിച്ചടി ബിജെപിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതുകൊണ്ട് തന്നെയാണ് എങ്ങനെയും പിടിച്ചു നില്‍ക്കാനുള്ള ഈ കാട്ടികൂട്ടലുകള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top