വായ്പ എടുത്ത ബിജെപിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തും; കൗണ്‍സിലറുടെ ആത്മഹത്യയിലും വിമര്‍ശനം; നേതൃത്വത്തെ ഞെട്ടിച്ച് മുന്‍ സംസ്ഥാന വക്താവ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുമല വാര്‍ഡ് ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യയില്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സംസ്ഥാന വക്താവ് എംഎസ് കുമാര്‍. ബിജെപിക്കാരായ സഹപ്രവര്‍ത്തകര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനില്‍കുമാറിനെ മരണത്തിലേക്ക് തള്ളിവിട്ടു എന്നാണ് എംഎസ് കുമാറിന്റെ വിമര്‍ശനം. ഇതില്‍ സംസ്ഥാന ഭാരവാഹികള്‍ വരെയുണ്ട്. ഇവരുടെ എല്ലാം പേര് വെളിപ്പെടുത്തും എന്ന ഭീഷണിയും എംഎസ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം അനില്‍കുമാറിന്റെ ആത്മഹത്യ ആയിരിക്കും. രാഷ്ട്രീയത്തില്‍ ഒരുപാടു ഉയരങ്ങളില്‍ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയി എന്നതുകൊണ്ട് മാത്രമാണ്. പ്രതിസന്ധി കാലത്ത് കൂടെ നില്‍ക്കും എന്ന് പ്രതീക്ഷിച്ചവര്‍ മാറി നിന്നു. ഇതോടെയാണ് സ്വന്തം മക്കളെ വരെ മറന്ന് അനില്‍ ഈ കടുംകൈ ചെയ്തത് എന്നും എംഎസ് കുമാര്‍ പറയുന്നു.
വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാന്‍ നേതൃത്വം ഇടപെട്ടെങ്കില്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നും എംഎസ് കുമാര്‍ വിമര്‍ശിക്കുന്നു. അനില്‍കുമാര്‍ അനുഭവിച്ച അതേ ഘട്ടത്തിലൂടെയാണ് താനും കടന്നു പോകുന്നത്. താന്‍ നേതൃത്വം നല്‍കിയിരുന്ന സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരില്‍ 90 ശതമാനം പേരും ബജെപിക്കാരാണ്. അവരുടെ പേരുകള്‍ പുറത്തുവിടും എന്നും എംഎസ് കുമാര്‍ പറയുന്നുണ്ട്.
എംഎസ് കുമാര്‍ നേതൃത്വം നല്‍കിയിരുന്ന തിരുവിതാംകൂര്‍ സഹകരണസംഘവും പ്രതിസന്ധിയിലാണ്. സഹകരണ സംഘത്തില്‍ 32 കോടിയുടെ നഷ്ടമുണ്ടായതിനെ തുടര്‍ന്ന് എംഎസ് കുമാര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here