നവജാത ശിശുവിനെ പാറയ്ക്കടിയിൽ കുഴിച്ചിട്ട് ദമ്പതികൾ; കൃത്യം ചെയ്തത് സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ

മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിതാക്കൾ പാറയ്ക്കടിയിൽ കുഴിച്ചിട്ടത്. നാലാമത്തെ കുട്ടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് പ്രൈമറി സ്കൂൾ അധ്യാപകരായ മാതാപിതാക്കൾ നവജാതശിശുവിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് റിപ്പോർട്ട്.
നന്ദൻവാടി ഗ്രാമത്തിൽ രാവിലെ നടക്കാനിറങ്ങിയവരാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. അടുത്തെത്തിയപ്പോഴാണ് പാറയ്ക്കടിയിൽ ചെറിയ കൈകൾ കണ്ടെത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയെ പുറത്തെടുത്തപ്പോൾ ഉറുമ്പുകൾ ശരീരത്തിൽ പൊതിഞ്ഞു രക്തം വാർന്നിരുന്നു. കുഞ്ഞിനെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ അതിജീവനം അത്ഭുതകരമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ബബ്ലു ദണ്ഡോലിയ, രാജ്കുമാരി ദണ്ഡോലിയ എന്നീ ദമ്പതികൾ 2009 മുതൽ പ്രൈമറി സർക്കാർ സ്കൂളിൽ മൂന്നാം ക്ലാസ് അധ്യാപകരായി ജോലി ചെയ്യുന്നു. നാലാമത്തെ കുട്ടിയുടെ പേരിൽ സസ്‌പെൻഷനോ പിരിച്ചുവിടലോ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് ചെയ്തതെന്നാണ് അവർ മൊഴി നൽകിയത്. ഇവർക്ക് 8, 6, 4 വയസ്സ് പ്രായമുള്ള മറ്റ് മൂന്ന് കുട്ടികൾ കൂടിയുണ്ട്. നിലവിൽ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here