പൊലീസിനും സിപിഎമ്മിനും വൻ തിരിച്ചടി; ലൈംഗിക അപവാദം പ്രചരിപ്പിച്ചെന്ന കേസിൽ ഷാജഹാന് ജാമ്യം

കൊച്ചിയിലെ സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ യൂട്യൂബിലൂടെ ലൈംഗിക അപവാദം പ്രചരിപ്പിച്ചെന്ന കേസിൽ കെ എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിലെത്തി നടത്തിയ അറസ്റ്റിൽ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടാത്ത വകുപ്പായ ഐടി ആക്ടിലെ 67എ ഉൾപ്പെടുത്തിയതാണ് കോടതി ചോദ്യം ചെയ്തത്.
ഷാജഹാൻ യൂട്യൂബിൽ പോസ്റ്റുചെയ്ത കേസിന് ആസ്പദമായ വീഡിയോയിൽ അശ്ലീലമായി എന്താണ് ഉള്ളതെന്ന് കോടതി ചോദിച്ചു. പരാതിക്കാരി കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ അതിൽ ഉള്ളതെന്ന് കോടതി ആരാഞ്ഞു. കേസെടുത്ത് മൂന്നുമണിക്കൂറിനുള്ളിൽ അറസ്റ്റു ചെയ്തു. ചെങ്ങമനാട് സിഐക്ക് ആരാണിതിന് അധികാരം നൽകിയത് എന്ന ചോദ്യവും കോടതി പ്രോസിക്യൂഷനോട് ഉന്നയിച്ചു.
കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതിയാണ് കെ എം ഷാജഹാൻ. രണ്ടുപേരുടെ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഷാജഹാന്‍ തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുയാണ് എന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതിയുടെ പല ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here