വാഴൂർ സോമൻ എംഎൽഎ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

പ്രമുഖ സിപിഐ നേതാവും എംഎല്‍എയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പിടിപി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കുഞ്ഞുപാപ്പൻ്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-ാം തീയതി കോട്ടയം ജില്ലയിലെ വാഴൂരിൽ ആണ് വാഴൂർ ജനിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ . എഐഎസ്എഫ് സംസ്ഥാന നേതാവ്, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷനായി 2005 മുതൽ 2010 വരെ പ്രവർത്തിച്ചു. കേരള സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ അധ്യക്ഷനായി 2016 മുതൽ 2021 വരെ പ്രവർത്തിച്ചിരുന്നു. എഐറ്റിയുസി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ പ്രവർത്തക സമിതി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചു. 2021ൽ കേരള നിയമസഭയിലേയ്ക്ക് പീരുമേട് നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here