സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസുകാരിയായി; ജില്ലാ പഞ്ചായത്തിലേക്ക് സീറ്റും ഉറപ്പിച്ചു

സിപിഐ നേതൃത്വത്തിലാകെ അഴിമതിയാണെന്ന് ആരോപിച്ച് പാര്‍ട്ടിവിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ദിരാഭവനില്‍ എത്തി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരില്‍ കണ്ടാണ് അംഗത്വം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും ശ്രീനാദേവിയെ സ്വീകരിച്ചു.
സിപിഐക്കുള്ളിലെ അഴിമതിയുടെ രക്തസാക്ഷിയാണ് താനെന്ന് ശ്രീനാദേവി പ്രതികരിച്ചു. താന്‍ ഉന്നയിച്ച് ഒരു ചോദ്യത്തിനും പരാതിക്കും സിപിഐ മറുപടി നല്‍കിയിട്ടില്ല. താന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് പോലും വ്യക്തമാക്കിയിട്ടില്ല. അധികാരത്തിന് വേണ്ടിയല്ല, ആദര്‍ശത്തിന്റെ ഭാഗമായാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിനുവേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും ശ്രീനാദേവി പറഞ്ഞു.
ജില്ലാ പഞ്ചായത്തിലേക്ക് ശ്രീനാദേവിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ശ്രീനാദേവി പ്രതിനിധീകരിച്ച പള്ളിക്കല്‍ ഡിവിഷനില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ഏനാത്ത് ഡിവിഷന്‍ നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ഡിസിസിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here