വെള്ളാപ്പള്ളിയെ തോളിലേറ്റിയത് സിപിഎമ്മിന് വിനയായി; വർഗീയ വിഷം ചീറ്റലിന് ഒത്താശ നൽകിയത് തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതു പക്ഷത്തിൻ്റെ തോൽവിക്ക് പ്രധാന കാരണം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന പൊതു വികാരം സിപിഎമ്മിൽ ശക്തം. സദാ സമയവും ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയവും അധിക്ഷേപകരവുമായ പ്രസ്താവനകളിറക്കുന്ന വെള്ളാപ്പള്ളിയുടെ തോളിൽ മുഖ്യമന്ത്രി കൈയ്യിട്ട് നടക്കുന്നതിലെ പ്രതിഷേധമാണ് സിപിഎം അണികളിൽ നിന്നുയരുന്നത്. വെള്ളാപ്പള്ളി വർഗീയത വിളമ്പിയാൽ ഈഴവ വോട്ടുകൾ എൽഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന പിണറായിയുടെ മോഹത്തിനേറ്റ തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.
വെള്ളാപ്പള്ളിയുടെ വർഗീയ-വിഭജന രാഷ്ടീയം ഇടതിൻ്റെ കോട്ടയായ ആലപ്പുഴയിലും എന്തിന് തറവാട് നിൽക്കുന്ന കണിച്ചുകുളങ്ങരയിൽ പോലും ഏശിയില്ല. ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വന്നത്. ഇതെല്ലാം പാർട്ടി അണികൾക്കിടയിൽ പോലും അവമതിപ്പുണ്ടാക്കി. മുസ്ലീം – ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ സദാ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ അംഗീകരിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള വെള്ളാപ്പള്ളി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് ചുങ്കത്തറയില്‍ പറഞ്ഞതിനെ തള്ളിപ്പറയാൻ സിപിഎമ്മോ മുഖ്യമന്ത്രിയോ തയ്യാറായില്ല. അതിനുള്ള തിരിച്ചടി മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടുകയും ചെയ്തു.
Also Read : ലക്ഷ്യമിടുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം; ലീഗ് അവസരവാദികളെന്നും വെള്ളാപ്പള്ളി
കേന്ദ്രത്തിലും കേരളത്തിലുമുള്ള ഭരണക്കാർക്ക് സ്തുതി പാടുന്ന പണിയാണ് വെള്ളാപ്പള്ളി കഴിഞ്ഞ 10 കൊല്ലമായി ചെയ്തു വരുന്നത്. മകൻ തുഷാറിനെ എൻഡിഎ ക്യാമ്പിൽ നിർത്തുകയും അച്ഛൻ നടേശൻ ഇടതിന് വേണ്ടി നടത്തിയ നീക്കങ്ങളെല്ലാം പൊട്ടി പാളീസായി. മകൻ്റെ പാർട്ടിയായ ബി ഡിജെഎസിനും ഈ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടായില്ല.
സിപിഎമ്മിൻ്റെ പ്രധാന വോട്ട് ബാങ്കായ ഈഴവ സമുദായത്തിൻ്റെ വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുന്നത് തടയാൻ SNDP യോഗം ജനറൽ സെക്രട്ടറിക്ക് കഴിഞ്ഞതുമില്ല. വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴയിൽ 23 ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇത് സർവകാല റെക്കോർഡാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പു കാലത്ത് വെള്ളാപ്പള്ളി മലപ്പുറത്ത് മുസ്ലീങ്ങൾക്കെതിരെ നടത്തിയ വിഷം ചീറ്റലിൻ്റെ ഫലമായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഇടതിന് ഒരംഗം പോലുമില്ലാതായി. 33 ഡിവിഷനുകളിൽ 33 ജയിച്ച് യുഡിഎഫ് വെന്നിക്കൊടി പാറിച്ചു.നഗരസഭകളിൽ 12 ൽ 11 ഉം യു ഡി എഫ് പിടിച്ചെടുത്തു. സിപിഎമ്മിനെ ന്യൂനപക്ഷ ഭൂരിപക്ഷ ജനവിഭാഗങ്ങൾ വിശ്വസിക്കാതെ പോയതിന് പ്രധാന കാരണം വെള്ളാപ്പള്ളിയുടെ നിലപാടുകളാണ്. തരാതരം പോലെ വർഗീയ കാർഡിറക്കുന്ന പാർട്ടിയുടെ നയങ്ങളാണ് തിരിച്ചടിയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here