ഇരട്ടത്താപ്പേ, നിൻ പേരോ സിപിഎം!! ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് പിബി; ഇവിടെ ഏഴ് പേരെ കൊന്നു തള്ളിയപ്പോള്‍ മിണ്ടിയില്ല

നിരോധിത സംഘടനയായ സിപിഐ- മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബാല കേശവറാവു ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ ഛത്തീസ്ഗഡ് പോലീസ് വെടിവെച്ചുകൊന്നതില്‍ സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കടുത്ത പ്രതിഷേധം. മാവോയിസ്റ്റുകളുമായി ചര്‍ച്ച പോലും നടത്താതെ മനുഷ്യത്വരഹിതമായി കൊന്നതിനെ ശക്തിയായി പാര്‍ട്ടി അപലപിച്ചു. എന്നാല്‍ പിബി അംഗമായ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നപ്പോള്‍ പാര്‍ട്ടിയുടെ ഉന്നത സമിതി മൗനത്തിലായിരുന്നു.
ഇക്കഴിഞ്ഞ ദിവസം സംയുക്തസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബസവരാജു എന്നറിയപ്പെടുന്ന നംബാല കേശവറാവും കൂട്ടരും കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിലയിട്ടിരുന്നു. ഇതാദ്യമായാണ് മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാള്‍ കൊല്ലപ്പെടുന്നത്.
ചര്‍ച്ചയില്ലാതെ നിര്‍ദാക്ഷണ്യം വെടിവെച്ചുകൊന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും ബിജെപിയുടെ ഫാസിസ്റ്റ് മനോഭാവവുമാണ് വെളിച്ചത്ത് വന്നതെന്നാണ് പിബിയുടെ വിലയിരുത്തല്‍. ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിച്ചുകൊണ്ട്, കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും സംഭാഷണത്തിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം, അവര്‍ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നതെന്ന് പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പിബി അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 2016 നവംബര്‍ മുതല്‍ 2020 നവംബര്‍ വരെ സംസ്ഥാന പോലീസ് മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലില്‍ വിവിധയിടങ്ങളില്‍ കൊല്ലപ്പെട്ടത് ഏഴുപേരാണ്. ഇവിടേയും സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ഒരു ചര്‍ച്ചയും നടത്തിയില്ല. പോയിന്റ് ബ്ലാങ്കില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു എന്നാണ് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ അന്ന് പറഞ്ഞത്.
ഇക്കാലയളവില്‍ മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് പന്തീരങ്കാവില്‍ എസ്എഫ്‌ഐക്കാരായ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി ജയിലിട്ടതും പിണറായി സര്‍ക്കാരാണ്. “അവരെന്തോ പരിശുദ്ധന്‍മാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ട, സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാന്‍ തയ്യാറല്ല, അവര്‍ ആട്ടിന്‍കുട്ടികളല്ല”, എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞത്. ഈ ഘട്ടങ്ങളിലൊന്നും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ കേരള സര്‍ക്കാര്‍ നടത്തിയ മാവോയിസ്റ്റ് വേട്ടയെ അപലപിക്കാനോ തളളിപ്പറയാനോ തയ്യാറായില്ല.
2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശികളായ കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് വെടിവെപ്പില്‍ മരിച്ചത്. സിപിഐ എം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗമായിരുന്നു കുപ്പുസ്വാമി. ഇയാളുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് ഉണ്ടായിരുന്നത്. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എകെ 47, എസ്എല്‍ആര്‍ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് ഫോറന്‍സിക് നിഗമനം.
2019 മാര്‍ച്ച് ആറിനാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ സി.പി. ജലീല്‍ കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ 28ന് അടുത്ത ഏറ്റുമുട്ടല്‍ കൊലപാതകവും നടന്നു. അന്ന് അട്ടപ്പാടി വനമേഖലയക്ക് സമീപമുളള മഞ്ചക്കണ്ടി ഊരിലായിരുന്നു ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടിന്റെ തിരിച്ചിലിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ കര്‍ണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, മണിവാസകം, കാര്‍ത്തിക് എന്നിങ്ങനെ നാല് പേര്‍ കൊല്ലപ്പെട്ടു.
ഈ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിപിഐയും കടുത്ത പ്രതിഷേധം നടത്തി. കേന്ദ്രഫണ്ടിനു വേണ്ടി നടത്തുന്ന മാവോയിസ്റ്റ് വേട്ട എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് പറഞ്ഞത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയമിച്ചിരുന്നു. നിഷ്ഠൂരമായ കൊലപാതകമാണ് പോലീസ് നടത്തിയതെന്നായിരുന്നു ആ സമിതിയുടെ കണ്ടെത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here