ജി സുധാകരനോട് അധികം കളിക്കില്ല; ഞങ്ങളെയൊക്കെ വളര്‍ത്തിക്കൊണ്ടുവന്ന നേതാവെന്ന് സജിചെറിയാന്‍

ആലപ്പുഴ സിപിഎമ്മും മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം. സുധാകരനെ വിമര്‍ശിക്കുന്നത് അവസാനിപ്പിച്ച് സമവായമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. സുധാകരന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച മന്ത്രി സജി ചെറിയാന്‍ തന്നെ സമവായം പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തു. സുധാകരന് ഒരു പ്രശനവുമില്ലെന്നും എല്ലാത്തിനും കാരണം മാധ്യമങ്ങളാണ് എന്നുമാണ് സജിചെറിയാന്‍ പറയുന്നത്.
ജി സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. അത്രക്ക് ആത്മബന്ധമാണ് അദ്ദേഹത്തോടുള്ളത്. അത് ആര്‍ക്കും തകര്‍ക്കന്‍ കഴിയില്ല. അദ്ദേഹം ആലപ്പുഴയിലെ പ്രമുഖനായ നേതാവാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപാട് സംഭാവനകള്‍ ചെയ്ത ആളാണ്.
നമ്മുടെയെല്ലാം വികാരമാണ് ജി സുധാകരന്‍. ഏതെങ്കിലു ഒരുപ്രശ്നം ഉന്നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും സജിചെറിയാന്‍ പറഞ്ഞു.
സുധാകരന് ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. പ്രായപരിധി കാരണം എല്ലാ പരിപാടികളിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല. എന്നാല്‍ അദ്ദേഹം ഞങ്ങളെക്കാള്‍ കുടത്ത പാര്‍ട്ടിക്കാരനാണ്. മാധ്യമങ്ങളാണ് അദ്ദേഹത്തെ ആട്ടി, ആട്ടി ഓരോ രൂപത്തില്‍ ചിത്രീകരിച്ച് പാര്‍ട്ടിക്കെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് മാധ്യമങ്ങള്‍ ഉപേക്ഷിച്ചാല്‍ മതി. വിദ്യാര്‍ഥി രംഗത്തുനിന്ന് ഞങ്ങളെയൊക്കെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തകര്‍ക്കാന്‍ മാത്രം നന്ദികെട്ടവരൊന്നുമല്ല ഞങ്ങളാരും. ജൂനിയറായ തന്നെ ഏതെങ്കിലും കാര്യത്തില്‍ തെറ്റിദ്ധരിച്ച് വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു പ്രയാസവും ഇല്ല. ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. തന്റെ വാക്കുകള്‍ അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നു. ഇന്നുവരെ പരസ്യമായോ രഹസ്യമായോ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളെയൊക്കെ ശാസിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. തെറ്റിധാരണ മാറ്റാന്‍ സുധാകരനെ നേരില്‍ കാണും എന്നും സജി ചെറിയാന്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ തന്നെ ജി സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രംഗത്ത് എത്തിയിരിക്കുന്നത് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരനെ പോലെ ഒരു നേതാവിനെ പിണക്കി മുന്നോട്ടു പോകുന്നത് വലിയ ദോഷം ചെയ്യും എന്ന് സിപിഎമ്മിന് നന്നായി അറിയാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here