സിപിഎം കുത്തക തകര്‍ത്തപ്പോള്‍ നോട്ടമിട്ടു; സാമ്പത്തിക ബാധ്യത പറഞ്ഞ് പ്രതിഷേധ യോഗം വരെ; പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യക്ക് കാരണം പാര്‍ട്ടി വേട്ട

‘കട്ടമുതല്‍ തിരിച്ചുനല്‍കിയാല്‍ കള്ളി കള്ളിയല്ലാതെ ആകുമോ’ ഇന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആര്യനാട് പഞ്ചായത്ത് മെമ്പര്‍ ശ്രീജക്കെതിരെ സിപിഎം ഉയര്‍ത്തിയ മുദ്രാവാക്യമാണിത്. സ്വകാര്യമായ ബാധ്യതകളുടെ പേരിലാണ് സിപിഎം ശ്രീജക്കെതിരെ ഈ മുദ്രാവാക്യം ഉയര്‍ത്തിയതും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം വരെ സംഘടിപ്പിച്ച് അപമാനിച്ചതും. ഈ വേട്ടയാടലില്‍ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ആര്യനാട് പഞ്ചായത്തിലെ സിപിഎമ്മിന്റെ കുത്തകയായിരുന്ന കോട്ടയ്ക്കകം വാര്‍ഡ് പിടിച്ചെടുത്തോടെയാണ് ശ്രീജയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ശ്രീജയ്ക്ക് 60 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. സ്വകാര്യപണമിടപാടുകാരില്‍ നിന്ന് അടക്കം പണം കടംവാങ്ങിയിരുന്നു. കടം നല്‍കി പണം തിരിച്ചുകിട്ടാത്തവര്‍ പരാതിയുമായി സിപിഎമ്മിനെ സമീപിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധ സമരം തുടങ്ങിയത്. നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ച് അപമാനിച്ചു.
കടബാധ്യത തീര്‍ക്കാന്‍ ശ്രീജ സമീപകാലത്ത് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.വായ്പ പാസാകുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം വേട്ടയാടല്‍ സഹിക്കാനാകാതെ വന്നതോടെയാണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് ഭര്‍ത്താവ് ജയകുമാര്‍ ആരോപിച്ചു. ശ്രീജ മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് ഏഴുദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും ഭര്‍ത്താവ് ജയകുമാര്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here