ചട്ടിയില്‍ കൈക്കൂലി വാങ്ങിയ കുട്ടമണിയെ പറപ്പിച്ച് സിഐടിയു; കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തെറിച്ചു

ചട്ടി വില്‍പ്പനയില്‍ അഴിമതി നടത്തിയതിന് വിജിലന്‍സ് പിടിയിലായ നേതാവിനെതിരെ നടപടി എടുത്ത് സിഐടിയു. കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണിക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വിജിലന്‍ പിടിയിലായതിന് പിന്നാലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും കുട്ടമണിയെ പുറത്താക്കിയതായി സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. അഴിമതി അംഗീകരിക്കാനാകില്ല. അത്തരക്കാരെ സംരക്ഷിക്കില്ലെന്നും കരീം വ്യക്തമാക്കി.
സിഐടിയു കൈവിട്ടതോടെ കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കുട്ടമണിക്ക് നഷ്ടമായി. വളാഞ്ചേരി നഗരസഭയിലേക്ക് വിതരണം ചെയ്ത 3642 ചെടിച്ചട്ടികള്‍ക്ക് ഒന്നിന് മൂന്ന് രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിനാണ് കുട്ടമണിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ALSO READ : ചട്ടിയിൽ തട്ടിപ്പ് നടത്തി CPM നേതാവ്; കുട്ടമണി പെട്ടത് വിജിലൻസിൻ്റെ കെണിയിൽ
വളാഞ്ചേരി നഗരസഭയില്‍ ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഈ ടെന്‍ഡര്‍ നേടിയ ആളോട് ഓര്‍ഡര്‍ നല്‍കാന്‍ ചട്ടി ഒന്നിന് മൂന്നുരൂപ വീതമാണ് കുട്ടമണി കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 25,000 ആവശ്യപ്പെട്ടത്. പിന്നീട് പതിനായിരമാക്കി കുറച്ചു. ഇതോടെ കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കുക ആയിരുന്നു.
തൃശ്ശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ വച്ച് കരാറുകാരന്‍ കുട്ടമണിക്ക് പണം നല്‍കി. പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐടിയു സംസ്ഥാന സമിതി അംഗമാണ് കുട്ടമണി. തൊഴിലാളി നേതാവ് സ്ഥാനം ലഭിച്ചപ്പോള്‍ തന്നെ അഴിമതിക്ക് ശ്രമിച്ചത് വലിയ നാണക്കേട് ആയെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിലുളള നടപടിക്ക് സിഐടിയുവിന് നിര്‍ദേശം എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here