മുണ്ടു മുറുക്കി ഉടുത്താണെങ്കിലും പിണറായി സര്‍ക്കാര്‍ കമ്യൂണിസ്റ്റ് സ്മാരകങ്ങള്‍ നിര്‍മ്മിക്കും; കയ്യൂര്‍ സ്മാരകത്തിന് അഞ്ചു കോടി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സ്മാരക – പ്രതിമാ നിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്. സിപിഎമ്മിന് താല്പര്യമുള്ള മെമ്മോറിയലുകള്‍ക്ക് പണം അനുവദിക്കുന്നതിന് ട്രഷറി നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍ മന്ത്രിമാരായ കെഎം മാണി, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നയാ പൈസാ പോലും അനുവദിച്ചിട്ടില്ല.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്ന കയ്യൂര്‍ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് സാംസ്‌കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബര്‍ 31-ന് ഉത്തരവിറങ്ങിയത്.

2022-23 ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് കയ്യൂര്‍ സ്മാരക പദ്ധതി ബജറ്റില്‍ ഇടം പിടിച്ചത്. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഡെപ്പോസിറ്റ് ശീര്‍ഷകത്തില്‍ (8443-00-108-PWD Deposit) നിന്നാണ് തുക ലഭ്യമാക്കുക. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശമ്പള വിതരണത്തിനും പോലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സ്മാരക മന്ദിരത്തിനായി കോടികള്‍ വകയിരുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2020- 21 ലെ ബജറ്റില്‍ ഇടത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കെഎം മാണി സ്മാരകം ആറ് വര്‍ഷമായി കടലാസില്‍ ഉറങ്ങുകയാണ്. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ പദ്ധതി നടപ്പാക്കാത്തതില്‍ കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും ഇതുവരെ ഭരണാനുമതി നല്‍കിയിട്ടില്ല. സമാനമായ അവസ്ഥയിലാണ് കൊട്ടാരക്കയിലെ ആര്‍ ബാലകൃഷ്ണ പിള്ള സ്മാരകത്തിന്റെ അവസ്ഥയും. 2021- 22 ലെ ബജറ്റിലാണ് ബാലകൃഷ്ണപിള്ള സ്മാരകത്തിന് രണ്ട് കോടി അനുവദിച്ചിരുന്നു. മുന്‍ മന്ത്രി കെആര്‍ ഗൗരിയമ്മയുടെ പേരിലും സ്മാരകം നിര്‍മ്മിക്കാന്‍ ബജറ്റില്‍ രണ്ട് കോടി നീക്കിവെച്ചെങ്കിലും ഭരണാനുമതി നല്‍കിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here