വീണ്ടും കിറ്റ്; ഗവര്‍ണറുമായി അനുരഞ്ജനം; സിപിഎം സംവിധാനം വീടുകയറും; എല്ലാം സജ്ജമാക്കി സാക്ഷാല്‍ പിണറായി വിജയന്‍ ഇറങ്ങുന്നു

ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മോശം പശ്ചാത്തല സംവിധാനം, കെഎസ്ഇബിയുടെ നിരന്തര വീഴ്ച, വര്‍ദ്ധിക്കുന്ന മനുഷ്യ വന്യമൃഗ സംഘര്‍ഷങ്ങള്‍, സര്‍വകലാശാലകളിലെ നിശ്ചലാവസ്ഥ ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികൂട്ടിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ഇത് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. ഇത് മുന്‍കൂട്ടി കണ്ട് തിരുത്തലിന് ശ്രമം തുടങ്ങിയിരിക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും. ഉയരുന്ന വിവാദങ്ങളെല്ലാം സാധാരണക്കാരെ ബാധിക്കുന്നതായതിനാല്‍ അത്തരമൊരു ഇടപടലാണ് ലക്ഷ്യം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം എന്ന ചരിത്രനേട്ടം സിപിഎമ്മിന് സമ്മാനിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനും പിണറായി എടുത്ത പ്രധാന പ്രതിരോധ ആയുധം കിറ്റ് തന്നെയാണ്. ഓണക്കാലത്ത് ഏറ് ലക്ഷ്ം കുടുംബങ്ങള്‍ കിറ്റ് വിതരണം ചെയ്യും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയൊന്നും പരിഗണിക്കാതെയാണ് ഈ കിറ്റ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൂടാതെ ക്ഷേമപെന്‍ഷന്‍ വിതരണത്തിലും ഒരു മുടക്കവും പാടില്ലെന്നും നിര്‍ദേശമുണ്ട്.

ALSO READ : വീണ്ടും സൗജന്യ ഓണകിറ്റ്; സർക്കാർ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പോ… പിണറായി ബുദ്ധിയിൽ തമിഴ്നാട് തോൽക്കും

ഭാരതാംബ വിവാദത്തില്‍ തുടങ്ങിയ കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി തന്നെ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. ഇതോടെ വീറോടെ തെരുവില്‍ ഇറങ്ങി പോരാടിയ എസ്എഫ്‌ഐ പ്രതിരോധത്തിലായി. എന്നാല്‍ ഈ നീക്കങ്ങളെല്ലാം നടത്തുന്നത് പിണറായി ആയതിനാല്‍ അപസ്വരങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഗവര്‍ണറില്‍ നിന്നുളള വെല്ലുവിളികള്‍ ഒഴിവാക്കാനാണ് പിണറായി തന്നെ നേരിട്ട് എത്തി ഗവര്‍ണറെ കണ്ടത്. പിന്നാലെ മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഇന്ന് ഗവര്‍ണറെ കണ്ടു.

സ്‌കൂള്‍ പ്രവര്‍ത്തന സമയം കൂട്ടിയതില്‍ പ്രതിഷേധം ഉന്നയിച്ച സമസ്തയോട് ആദ്യം വെല്ലുവിളിക്കുന്ന ഭാഷയിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഞങ്ങളുടെ വോട്ടു കൂടി വാങ്ങിയിട്ടുണ്ടെന്ന് ഓര്‍മിക്കണമെന്ന പ്രതികരണം വന്നതോടെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. നിലവില്‍ എതിര്‍പ്പ് ഉന്നയിക്കുന്നവരുമായി ചര്‍ച്ചയാകാം എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. ആരുമായി തര്‍ക്കത്തിനില്ല. എല്ലവരുമായി തുറന്ന ചര്‍ച്ച എന്ന അനുനയപാതയിലാണ്.

ALSO READ : 15 ഇനങ്ങളടങ്ങിയ തകർപ്പൻ കിറ്റ്; ഓണകിറ്റിൽ നെയ്യും എണ്ണയും പായസം മിക്‌സും വരെ..

സിപിഎം പ്രവര്‍ത്തകരോട് വീടുകള്‍ കയറിയുള്ള പ്രചരണത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവാദങ്ങളില്‍ വിശദീകരണം നല്‍കാനും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ചെറുക്കാനുമാണ് ഭവന സന്ദര്‍ശനം അടക്കം പ്ലാന്‍ ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top