വിജയന്റെ വാവിട്ട ഡയലോഗുകള്‍; പരനാറി മുതല്‍ എട്ടുമുക്കാലട്ടി വരെ; ഒന്നും തിരുത്താത്ത പിണറായി ശൈലി

ഉന്നത നേതാവിനും അതിലുപരി ഇരിക്കുന്ന സ്ഥാനത്തിനും നിരക്കാത്തതുമായ പദപ്രയോഗങ്ങള്‍ പതിവായി നടത്തുന്നതില്‍ ലേശം പോലും പശ്ചാത്താപമില്ലാത്ത വ്യക്തിയാണ് പിണറായി വിജയന്‍. സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എയെ ഉയരക്കുറവിന്റെ പേരില്‍ മുഖ്യമന്ത്രി പരിഹസിച്ചതാണ് ഏറ്റവും ഒടുവിലത്തെ അദ്ദേഹത്തിന്റെ ‘പഞ്ച്’ ഡയലോഗ്.

ബുധനാഴ്ച നിയമസഭയിലായിരുന്നു പിണറായിയുടെ വാവിട്ട വാക്കുകള്‍. ‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്, എട്ടുമുക്കാലട്ടി വെച്ചതു പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുന്നവര്‍ക്കെല്ലാം അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവച്ച് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ ബോഡിഷെയിമിങ് പരാമര്‍ശം. അദ്ദേഹം ആരുടേയും പേര് പരാമര്‍ശിച്ചില്ലെങ്കിലും മുസ്ലീം ലീഗിലെ നജീബ് കാന്തപുരം തനിക്കെതിരെയാണ് പിണറായി അധിക്ഷേപ പരാമശം നടത്തിയതെന്ന് പറഞ്ഞ് രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും അദ്ദേഹം പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

ALSO READ : കാലം ആവശ്യപ്പെട്ട നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ച മാർ കൂറിലോസ് ‘വിവരദോഷി’യായത് എങ്ങനെ? ഇടതുപക്ഷം ഹൃദയപക്ഷമെന്ന് ഇന്നുംപറഞ്ഞ ബിഷപ്പ് ആരാണ്

ഇടത് സഹയാത്രികനും മുഖ്യമന്ത്രിയുടെ ആരാധകനുമായിരുന്ന യാക്കോബായ സഭയുടെ നിരണം ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ കഴിഞ്ഞ വര്‍ഷം ജൂണില്‍ ‘വിവരദോഷി’ എന്നാണ് പിണറായി വിജയന്‍ വിളിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കേറ്റ കനത്ത തോല്‍വയില്‍ ഇടതുപക്ഷം ഇടത്തു തന്നെ നില്‍ക്കണമെന്ന ബിഷപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെയാണ് വൈദികരിലും വിവരദോഷികളുണ്ടെന്ന പ്രസ്താവന പിണറായി നടത്തിയത്.
‘കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം പ്രാവശ്യം ജനങ്ങള്‍ വീഴില്ല, പ്രത്യേകിച്ച് കേരളത്തില്‍. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാര്‍ഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തല്‍ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തില്‍ തന്നെ ഇറങ്ങണം.ഇടതുപക്ഷം ‘ഇടത്’ തന്നെ നില്‍ക്കണം. ഇടത്തേക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ടിട്ട് വലത്തേക്ക് വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തില്ല. ബിജെപിയേക്കാള്‍ രൂക്ഷമായി രാഹുല്‍ ഗാന്ധിയെ ടാര്‍ജറ്റ് ചെയ്ത ഇടതുപക്ഷത്തിന്റെ നിലപാട് തിരിച്ചടിക്ക് കാരണമായി’ ഇതായിരുന്നു പിണറായിയെ പ്രകോപിപ്പിച്ച ബിഷപ്പിന്റെ പോസ്റ്റ്.

കൊല്ലം ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 2014ല്‍ ആര്‍എസ്പി എല്‍ഡിഎഫ് വിട്ട സന്ദര്‍ഭത്തില്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എന്‍കെ പ്രേമചന്ദ്രനെ വിശേഷിപ്പിച്ചത് ‘പരനാറി’ എന്നായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎ ബേബി 37000ലധികം വോട്ടിന് കൊല്ലത്ത് പ്രേമചന്ദ്രനെ പരാജയപ്പെടുകയും ചെയ്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും ‘പരനാറി എന്നും പരനാറി തന്നെ’ എന്നാവര്‍ത്തിച്ചതും തിരഞ്ഞെടുപ്പില്‍ കല്ലുകടിയായി മാറി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ ഒന്നര ലക്ഷം വോട്ടിന് പ്രേമചന്ദ്രനോട് പരാജയപ്പെട്ടത് ചരിത്രം. പക്ഷേ, താന്‍ പറഞ്ഞത് മോശം വാക്കുകളാണെന്നോ അത് പറഞ്ഞത് തെറ്റായി പോയെന്നോ പിണറായി ഇതുവരെ പറഞ്ഞിട്ടില്ല.

ALSO READ : നികൃഷ്ടജീവി, വിവരദോഷി ഇപ്പോള്‍ ‘അവസരവാദി’… സഭയും സിപിഎമ്മും വീണ്ടും നേർക്കുനേർ; പാംപ്ലാനി പിതാവിനെ പറഞ്ഞതിന് മാപ്പില്ല!!

സിപിഎം നേതാവും തിരുവമ്പാടി എംഎല്‍എയും ആയിരുന്ന മത്തായി ചാക്കോയുടെ മരണത്തിന് ശേഷം താമരശേരി മെത്രാന്‍ നടത്തിയ ഒരു പ്രസ്താവനക്കെതിരെ പിണറായി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. മത്തായി ചാക്കോ കാന്‍സര്‍ ബാധിതനായി മരണാസന്നനായി കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ കിടന്ന കാലത്ത് അദ്ദേഹം കത്തോലിക്കാ വിശ്വാസപ്രകാരമുള്ള അന്ത്യകൂദാശ സ്വീകരിച്ചുവെന്ന മാര്‍ പോള്‍ ചിറ്റിലപ്പള്ളി പറഞ്ഞത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. പാര്‍ട്ടിയും സഭയും തമ്മില്‍ നേര്‍ക്കുനേര്‍ പോര്‍വിളി നടത്തി.

ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ബിഷപ്പിന്റെ പേരു പറയാതെ ഇത്തരം പ്രസ്താവന നടത്തിയവരെ ‘നികൃഷ്ടജീവി’ എന്ന് വിളിക്കേണ്ടി വരുമെന്ന് പിണറായി പരസ്യമായി പ്രസംഗിച്ചു. ”കള്ളം പറയില്ല എന്ന് നമ്മളൊക്കെ വിശ്വസിക്കുന്ന ഒരു മഹാന്‍ യുഡിഎഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ്. ഇങ്ങനെയുള്ളവരെ നികൃഷ്ടജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്” എന്നാണ് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ലക്ഷ്യംവച്ച് പിണറായി വിജയന്‍ തിരുവമ്പാടിയില്‍ നടന്ന മത്തായി ചാക്കോ അനുസ്മരണ യോഗത്തില്‍ തുറന്നടിച്ചു പറഞ്ഞത്.
ബിഷപ്പിനെതിരായ പരാമര്‍ശം എത്രവട്ടം ആവര്‍ത്തിക്കാനും മടിയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ പിണറായിയുടെ പ്രസ്താവനക്കെതിരെ സഭ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പക്ഷേ പിണറായി കുലുങ്ങിയില്ല.

വടകരയിലെ സിപിഎം വിമത നേതാവായ ടിപി ചന്ദ്രശേഖരന്റെ കൊലപാതക ശേഷം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ടിപിയെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞതും വിവാദമായിരുന്നു. ‘കുലം കുത്തി എന്നും കുലം കുത്തി തന്നെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിനു തൊട്ടു പിന്നാലെയായിരുന്നു സിപിഎമ്മിലെ വിഭാഗീയതയെക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്ന മാതൃഭൂമി പത്രാധിപര്‍ കെ ഗോപാലകൃഷ്ണനെ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ചു കൊണ്ടുള്ള പ്രസംഗം വലിയ വിവാദമായിരുന്നു.

പാലോളി, വിഎസ്, ഇപി ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവര്‍ കത്തിയും ബോംബുമായി നടക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിനെതിരെ സംസാരിക്കുമ്പോഴായിരുന്നു പിണറായി ഇങ്ങനെ പറഞ്ഞത്: ”എടോ ഗോപാലകൃഷ്ണാ, കത്തി കണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍. ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണ് ഞങ്ങള്‍” എന്നായിരുന്നു പിണറായിയുടെ ആ വാക്കുകള്‍.

ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നിരന്തരം നടത്തിയ പിണറായി അതൊന്നും പിന്‍വലിക്കാനോ തിരുത്താനോ ഇതുവരേയും തയ്യാറായിട്ടില്ല. അതും കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്യേക ശൈലി തന്നെയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top