ദേവസ്വം തലപ്പത്ത് മാറ്റം ഉറപ്പായിരിക്കെ മുഖ്യമന്ത്രിയുടെ പിആർ വർക്കും ചർച്ചയാകുന്നു… ദേവകുമാറും മകനും പിണറായിക്ക് കുടുംബം പോലെ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ് സ്ഥാനത്തേക്ക് സിപിഎം ഇപ്പോള്‍ സജീവമായി പരിഗണിക്കുന്ന പേരാണ് ഹരിപ്പാട് മുന്‍ എംഎല്‍എ കൂടിയായ ടികെ ദേവകുമാറിന്റേത്. മറ്റുപല പേരുകളും ചര്‍ച്ചയായി എങ്കിലും ദേവകുമാറിലേക്ക് തീരുമാനം എത്തിയതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം തന്നെയാണ്. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ദേവകുമാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

ദേശീയ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ നോക്കിയിരുന്നത് ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്‌മണ്യം ഉള്‍പ്പെട്ട ഏജന്‍സിയായ ‘കെയ്സൻ’ ആണ്. 2024 സെപ്റ്റംബറിലെ മുഖ്യമന്ത്രിയുടെ ‘മലപ്പുറം സ്വർണക്കടത്ത് പരാമർശം’ വിവാദമായതിന് പിന്നാലെ അദ്ദേഹം തന്നെയാണ് അത് വ്യക്തമാക്കിയത്. ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച തൻ്റെ അഭിമുഖത്തിൽ താൻ പറയാത്ത കാര്യം ഉൾപ്പെടുത്തി എന്നായിരുന്നു മുഖ്യമന്ത്രി ആദ്യം നിലപാടെടുത്തത്.

Also Read: ഹിന്ദുവോ മുഖ്യമന്ത്രിയോ, ആര് തിരുത്തണം? മലപ്പുറത്തെ സ്വർണക്കടത്ത് പരാമർശത്തിൽ സിപിഎം കണക്കുകൂട്ടൽ പാളിയപ്പോൾ

മലപ്പുറം ജില്ലയിലൂടെ നടക്കുന്ന സ്വര്‍ണ-ഹവാല കേസുകളുടെ കണക്കുകൾ വിശദീകരിച്ചത് മുസ്ലീം വിഭാഗത്തിനെതിരായി എന്ന തരത്തിൽ വൻ വിവാദമായി വളർന്നതോടെയാണ് വിശദീകരണങ്ങൾ ഉണ്ടായത്. പറയാത്ത കാര്യം ഉൾപ്പെടുത്തിയെന്ന് പിന്നീട് ഏറ്റുപറഞ്ഞ ഹിന്ദു പത്രം പക്ഷെ, മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നവർ എഴുതിനൽകിയ കണക്കുകളാണ് അഭിമുഖത്തിൽ ചേർത്തതെന്നും വിശദീകരിച്ചു.

Also Read: മകൻ പ്രചരിപ്പിച്ച ‘മലപ്പുറം ഡേറ്റ’ അച്ഛൻ ഫെയ്സ്ബുക്കിലിട്ടു; വിവാദത്തോടെ പോസ്റ്റുമുക്കി ദേവകുമാർ; മുഖ്യമന്ത്രിക്കായുള്ള മുൻ എംഎൽഎയുടെ ഇടപെടൽ തിരിച്ചടിക്കുമ്പോൾ

ഇതോടെയാണ് ഒപ്പമുണ്ടായിരുന്നവർ വെറും പിആർ ഏജൻസിക്കാരല്ല, തൻ്റെ അടുപ്പക്കാരാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. ”അഭിമുഖം നടത്താന്‍ ദ ഹിന്ദു പത്രത്തിന് തല്‍പര്യമുണ്ടെന്ന് അറിയിച്ച് സമീപിച്ചത് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകനാണ്. ചെറുപ്പം മുതല്‍ അറിയാവുന്ന ആളായതു കൊണ്ടും അയാളുടെ രാഷ്ട്രീയ നിലപാട് അറിയാവുന്നതു കൊണ്ടും സമ്മതിച്ചു”; ഇങ്ങനെയാണ് ഹരിപ്പാട് മുൻ എംഎൽഎ ദേവകുമാറിനേയും മകനേയും കുറിച്ച് മുഖ്യമന്ത്രി അന്ന് വിശദീകരിച്ചത്. അഭിമുഖം നടക്കുമ്പോള്‍ സുബ്രഹ്‌മണ്യം മുഖ്യമന്ത്രിക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്നു എന്നും സമ്മതിച്ചിരുന്നു.

Also Read: ‘ഹിന്ദു’ അഭിമുഖത്തിലെ വിവാദഭാഗം പിആർ കമ്പനിക്ക് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈകഴുകി കെയ്സൻ; രണ്ടുപേർക്കെതിരെ നടപടിക്ക് സാധ്യത

ദേശീയ തലത്തില്‍ മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ സംഘത്തിൻ്റെ ജോലി എന്നാണ് സൂചന. അതോടൊപ്പം മുസ്ലിം പ്രീണനം ആണെന്ന ഭൂരിപക്ഷ സമുദായങ്ങളുടെ പരാതിയുടെ ആക്കം കുറയ്ക്കാനും മലപ്പുറം പരാമര്‍ശത്തിലൂടെ സിപിഎം ലക്ഷ്യമിട്ടിരുന്നു എന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടിയതിൽ അപ്പുറം വിവാദമായി കൈപൊള്ളിയതോടെ പിന്നീട് പലവിധ വിശദീകരണങ്ങളിലൂടെ തലയൂരുകയായിരുന്നു.

Also Read: മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന മാഫിയയേത്? സംസ്ഥാന ഇൻ്റലിജൻസിനെ ഉദ്ധരിച്ച് ഡൽഹിയിൽ പ്രചരിച്ച രേഖയുടെ ഉറവിടം സർക്കാരിന് അറിയണ്ടേ?

ഇതേ ദേവകുമാറിനെയാണ് ഈ നിർണായക ഘട്ടത്തിൽ ദേവസ്വം തലപ്പത്തേക്ക് എത്തിക്കുന്നത്. സിപിഎമ്മും സർക്കാരും ആകെ പെട്ടുനിൽക്കുന്ന ശബരിമലയിലെ പ്രശ്നങ്ങളിൽ മുഖംരക്ഷിക്കുക എന്ന ഉദ്ദേശ്യമാണ് നിലവിലെ ദേവസ്വം ഭരണസമിതിയെ നീക്കുക എന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തൻ്റെ വിശ്വസ്തനെ തന്നെ അവിടെ ഇരുത്തുക എന്നതും മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട് ചെയ്യുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top