മാത്യു കുഴല്‍നാടനോടുള്ള കലിപ്പ് തീരാതെ പിണറായി വിജയന്‍; മാസപ്പടിക്കേസ് പറഞ്ഞ് ഇന്നും സഭയില്‍ പരിഹാസം

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ ആരോപണങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കുന്നതില്‍ മുന്നിലാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി അടക്കമുള്ള ആരോപണങ്ങള്‍ സഭയ്ക്കുളളില്‍ വീറോടെ ഉന്നയിക്കുകയും കോടതികളില്‍ നിയപോരാട്ടം നടത്തുകയും ഈ യുവ എംഎൽഎ നടത്തുന്നുണ്ട്. സഭയ്ക്കുള്ളില്‍ വളരെ രോഷത്തോടെ മാത്യ കുഴല്‍നാടനോട് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നും മാത്യു കുഴല്‍നാടനെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തി. മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വരെയുള്ള കോടതികള്‍ തള്ളിയിരുന്നു. രാഷ്ട്രീയം കോടതിയില്‍ അല്ല കാണിക്കേണ്ടത് എന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. അന്ന് മുതല്‍ ഭരണപക്ഷം സഭയില്‍ ഇക്കാര്യം ഇടയ്ക്കിടെ പറഞ്ഞിരുന്നു. ഇന്ന് ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിക്കുകയും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനെ പറ്റി സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി കുഴല്‍നാടനേയും ട്രോളിയത്.

ALSO READ : ‘രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത് കോടതിയിലല്ല’; മാസപ്പടി കേസുമായി എത്തിയ മാത്യു കുഴല്‍നാടനെ ഓടിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയില്‍ പോയിട്ട് വല്ലാത്ത തിരിച്ചടിയേല്‍ക്കേണ്ടിവന്ന ബഹുമാന്യനായ അംഗം എന്നായിരുന്നു കുഴല്‍നാടനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഈ അംഗം സ്പീക്കറുടെ ഡയസിലേക്ക് കയറുകയും വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നിശബ്ദ ജീവികളായ വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചു. സ്ത്രീകളായ ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബോഡിഷെയ്മിങ് പരാമര്‍ശം ഉണ്ടായത്.

ALSO READ : ‘എട്ടുമുക്കാൽ അട്ടി വെച്ച പോലെ’; നിയമസഭയിൽ മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്

‘എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട്, എട്ടുമുക്കാല്‍ അട്ടി വെച്ചതുപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയായിരുന്നു.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരുടേയും പേര് പറയാതെയാണ് ഈ പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. എന്നാൽ ലക്ഷ്യം കുഴൽനാടാനാണ് എന്ന് വ്യക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top