തിരഞ്ഞെടുപ്പ് സീസണിൽ പതിവ് തെറ്റിക്കാതെ വെള്ളാപ്പള്ളിയും സുകുമാരൻ നായരും; തിട്ടൂരങ്ങളിൽ വിരണ്ട് കോൺഗ്രസ്; നെഞ്ച് വിരിച്ച് സിപിഎമ്മും

സമദൂരം മറന്ന് കോൺഗ്രസുമായി അകലുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ; പതിവുപോലെ തോൽപ്പിക്കാനുള്ളവരുടെ ലിസ്റ്റെടുക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ; സമ്മർദ തന്ത്രങ്ങളുമായി ക്രൈസ്തവ സഭാ നേതാക്കൾ… തെരഞ്ഞെടുപ്പ് സീസൺ അടുക്കുമ്പോൾ കേരളത്തിലെ സമുദായ നേതാക്കൾക്കു തിരക്കേറുകയാണ്.
“ജനങ്ങൾ ഭരണമാറ്റമാഗ്രഹിക്കുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാരുണ്ടാകണം”- 2021ലെ നിയമസഭാ തിരഞ്ഞെടുപ്പു ദിവസം ചങ്ങനാശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ സുകുമാരൻ നായർ പറഞ്ഞു. ആഹ്വാനം ഫലം ചെയ്തില്ല, ഇടതു മുന്നണി 99 സീറ്റുമായി തുടർ ഭരണമുറപ്പിച്ചു. തങ്ങളുടെയൊക്കെ ഇംഗിതവും തിട്ടൂരവും അനുസരിച്ചാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ധരിച്ചുവച്ചിട്ടുണ്ട് കുറേ സമുദായ നേതാക്കൾ.
ഇവരുടെ പിന്തുണ പ്രഖ്യാപിക്കലും പിൻവലിക്കലുമെല്ലാം താത്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നു തെളിയിക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം ഒരിക്കൽക്കൂടി സാധൂകരിക്കുകയാണ് സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാടുകൾ സത്യസന്ധമല്ലെന്നും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് പുതിയ വെളിപാട്. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബിജെപി ഒന്നും ചെയ്തില്ല; കോൺഗ്രസ് കള്ളക്കളി കളിച്ചെന്നും കുറ്റപ്പെടുത്തൽ.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതു കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നു സുകുമാരൻ നായർ പ്രഖ്യാപിച്ചതോടെ ബിജെപിയും കോൺഗ്രസും അങ്കലാപ്പിലാണ്. പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളുടെ ചങ്കിടിപ്പ് കൂടി. 2018ലെ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനു കുടപിടിച്ചതാണ് കോൺഗ്രസ്. സർക്കാർ ഒത്താശയോടെ ശബരിമലയിൽ യുവതീപ്രവേശം നടത്തി ആചാരം ലംഘിച്ചു എന്നായിരുന്നു എൻഎസ്എസിന്‍റെ അന്നത്തെ പരിഭവം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അതിഗംഭീര വിജയവും കിട്ടി. ഇപ്പോൾ വിശ്വാസികൾക്കൊപ്പമെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ചാണ് നായർ സംഘടന സർക്കാരിനൊപ്പം കൂടുന്നത്.
ALSO READ : സ്വാമി ശരണം! ബഡായി പറച്ചില്‍ അല്ലാതെ മറ്റൊന്നും ശബരിമലയില്‍ നടക്കുന്നില്ല; 10 കൊല്ലം കൊണ്ട് നടന്നത് 83 കോടിയുടെ വികസനം മാത്രമെന്ന് മന്ത്രി വാസവന്‍
എല്ലാ തിരഞ്ഞെടുപ്പു കാലത്തും തോൽപ്പിക്കാനുള്ളവരുടെ ലിസ്റ്റിറക്കുന്ന ആളാണ് വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസുകാർക്കായിരിക്കും ലിസ്റ്റിൽ പ്രാമുഖ്യം. സ്വതവേ പേടിത്തൊണ്ടൻമാർ ആതിനാൽ അവരാരും മറുത്തൊന്നും പറയാറുമില്ല. പക്ഷേ, തോൽപ്പിക്കുമെന്നു വെള്ളാപ്പള്ളി പ്രഖ്യാപിച്ചവരൊക്കെ വമ്പൻ ഭൂരിപക്ഷത്തിൽ ജയിച്ചതാണ് ചരിത്രം. വി എം സുധീരൻ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, പി സി വിഷ്ണുനാഥ് തുടങ്ങിയവരൊക്കെ വെള്ളാപ്പള്ളിയുടെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. പക്ഷേ, വോട്ടർമാർ അതൊന്നും ഗൗനിച്ചില്ല. ഏറ്റവുമൊടുവിൽ നിലമ്പൂരിൽ എം സ്വരാജ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പാളിപ്പോയ പ്രവചനം. 11,000 വോട്ടിലധികം ഭൂരിപക്ഷം നേടിയാണ് ആര്യാടൻ ഷൗക്കത്ത് നിയമസഭയിലെത്തിയത്.
ക്രൈസ്തവ സഭാ നേതാക്കളുടെ മനോഭാവവും ഇതുപോലെയൊക്കെതന്നെ. തിരഞ്ഞെടുപ്പടുക്കുമ്പോൾ ചില മെത്രാന്മാർക്ക് ഹാലിളകും. സഭയ്ക്ക് അതു കിട്ടിയില്ല, ഇതു കിട്ടിയില്ല, ഞങ്ങൾ പാഠം പഠിപ്പിക്കും എന്നൊക്കെ പ്രഖ്യാപനങ്ങളിറക്കും. വിശ്വാസികളിൽ കുറച്ചു പേരൊക്കെ അതുകേട്ട് അനുസരണയുള്ള കുഞ്ഞാടുകളായി അഭിനയിച്ച് വോട്ട് ചെയ്യും. 99% പേരും സ്വന്തം രാഷ്ട്രീയബോധ്യം അനുസരിച്ചും വോട്ട് ചെയ്യും!
നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയാലോ നികുതി വർദ്ധിപ്പിച്ചാലോ പെൻഷൻ മുടങ്ങിയാലോ കിടപ്പാടം പോയാലോ സമുദായ നേതാക്കന്മാർ അറിഞ്ഞ ഭാവം നടിക്കാറില്ല. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പം തിന്ന് ജീവിക്കുന്നവരെ വിലക്കയറ്റവും നികുതി വർദ്ധനയുമൊന്നും ബാധിക്കില്ലല്ലോ! സമുദായാംഗങ്ങളുടെ വോട്ട് സ്വന്തം മുണ്ടിന്‍റെ കോന്തലയിലും കുപ്പായത്തിന്‍റെ കീശയിലുമാണെന്ന് ഈ പ്രമാണിമാർ അവകാശപ്പെടും. ഇവരെ മൈൻഡ് ചെയ്താതിരുന്നാൽ എന്ത് സംഭവിക്കുമെന്നു ചോദിക്കാൻ ഒരു നേതാവിനും ധൈര്യവുമില്ല.
ആയിരം തിരഞ്ഞെടുപ്പ് തോറ്റാലും സമുദായങ്ങളുടെ തിണ്ണ നിരങ്ങാൻ പോവില്ലെന്ന് ബഡായി പറഞ്ഞ പാർട്ടിയാണ് സിപിഎം. തരാതരം പോലെ അവരും പെരുന്നയിലും കണിച്ചുകുളങ്ങരയിലും പലപല അരമനകളിലും കയറിയിറങ്ങും. ഏതായാലും പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ എന്ന മട്ടിൽ സമുദായ നേതാക്കൾ തയാറെടുത്തുകഴിഞ്ഞു. അവർക്കു കൊടുക്കാനുള്ള മറുപടി പോളിങ് ബൂത്തിൽ കൊടുക്കാൻ പൊതുജനവും!

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here