നിയമസഭാ യോഗം വിളിച്ച് പ്രതിപക്ഷത്തെ വെട്ടിലാക്കാനുള്ള ഇടതു തന്ത്രം പാളി; എല്ലാത്തിനും വിനയായത് സി.പി.എം-സി.പി.ഐ പോര്

പി.എം. ശ്രീ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനം എന്ന് നിയമസഭ വിളിച്ചുചേര്‍ത്ത് പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ വെട്ടിലാക്കാനുള്ള നീക്കത്തിനും മങ്ങലേറ്റു. കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് പ്രത്യേക നിയമസഭായോഗം വിളിച്ചുചേര്‍ത്തതുതന്നെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനം എന്ന പ്രഖ്യാപനം നടത്തുന്നതിനുകൂടിയായിരുന്നു. അതിനെ എതിര്‍ത്താലും അനുകൂലിച്ചാലും പ്രതിപക്ഷത്തെ വെട്ടിലാക്കാമെന്നാണ് കരുതിയിരുന്നതും. എന്നാല്‍ അതിനിടയില്‍ അപ്രതീക്ഷിതമായി ഇടതുമുന്നണിയില്‍ തന്നെ ആരംഭിച്ച മൂപ്പിളമ പോര് ആ സ്വപ്നത്തിന്റെ കടയ്ക്കല്‍ കത്തിവച്ച സ്ഥിതിയിലാണ്.

സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാന്‍ പോകുന്ന തുറുപ്പുചീട്ടാണ് അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്നത്. നവംബര്‍ ഒന്നിന് നിയമസഭയില്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ പ്രതിപക്ഷത്തിനെ അതിനെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടിവരും. അനുകൂലിച്ചാല്‍ അത് ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള ശക്തമായ പ്രചാരണത്തിന് ഇടതുമുന്നണിക്ക് കഴിയും. മാത്രമല്ല, ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായി ഉയര്‍ത്തികൊണ്ടുവരാനാകും. എതിര്‍ത്താല്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ടുള്ള പ്രചാരണവുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പി.എം. ശ്രീയുടെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോര് ആ സ്വപ്നങ്ങള്‍ക്കൊക്കെ തിരശീലയിട്ട മട്ടാണ്. പുറത്ത് പരസ്പരം പോരടിക്കുന്ന രണ്ടുകക്ഷികള്‍ക്ക് നിയമസഭയില്‍ എങ്ങനെ ഒന്നിച്ചുനിന്ന് പ്രതിപക്ഷത്തെ നേരിടാനാകുമെന്ന ചോദ്യം ഉയരുന്നു. മാത്രമല്ല, പ്രതിപക്ഷത്തിന്റെ ലക്ഷ്യവും ഇവര്‍ തമ്മിലുള്ള ഈ ചക്കളത്തിപ്പോരുമായിരിക്കും.

ALSO READ : പിണറായി പണി തുടങ്ങി; സിപിഐ കരുതി ഇരിക്കുക; കൊച്ചിയിലെ ഇറങ്ങിപ്പോക്ക് ഒരു സൂചന

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഇന്ന്. മുന്നണിയുടെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം വരുത്തികൊണ്ട് ഇന്നത്തെ മന്ത്രിസഭായോഗം സി.പി.ഐ മന്ത്രിമാര്‍ ബഹിഷ്‌ക്കരിച്ചാല്‍ അത് ഇനി അങ്ങോട്ടുള്ള കാലത്ത് ഇടതുമുന്നണിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ നല്‍കുന്ന സൂചന. പൊടുന്നനെ ഒരു മുന്നണി മാറ്റം സി.പി.ഐക്ക് സാധിക്കില്ലെങ്കിലും ഇപ്പോള്‍ ഉണ്ടാക്കുന്ന ഈ മുറിവ് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തുടര്‍ന്ന് സൗഹാര്‍ദ്ദപരമായ ബന്ധത്തിന് തടസമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രശ്നം പരിഹരിക്കാനായി തകൃതിയായ ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും നടക്കുന്നുണ്ടെങ്കിലും ഇരുപക്ഷത്തിലേയും വഴങ്ങേണ്ട നേതാക്കള്‍ വഴങ്ങുന്നില്ലെന്നിടിത്താണ് വിഷയം സങ്കീര്‍ണ്ണമാകുന്നത്. ഇന്ന് മന്ത്രിസഭായോഗത്തിന് മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മിക്കവാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്വിശ്വവുമായി ആശയവിനിമയം നടത്താനുള്ള സാദ്ധ്യതയുണ്ട്. ഇരുകൂട്ടരുടെയും മുഖംരക്ഷിക്കുന്ന തരത്തില്‍ പ്രശ്നപരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശം മുഖ്യമന്ത്രി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചെങ്കിലും ബിനോയ്വിശ്വത്തിന്റെ കടുംപിടുത്തമാണ് അതിന്റെ സാദ്ധ്യതയില്ലാതാക്കിയതെന്നാണ് സി.പി.എമ്മിന്റെ വാദം.

ALSO READ : ബേബിയുടെ വിളിയും ഗുണം ചെയ്തില്ല; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കില്ല

സി.പി.ഐയ്ക്കുള്ളിലെ വിഭാഗീയതയാണ് വിഷയം ഇത്രയും വഷളാക്കിയതെന്നും സി.പി.എമ്മിന് അഭിപ്രായമുണ്ട്. ആദ്യം കരിക്കുലം സംബന്ധിച്ചാണ് സി.പി.ഐ എതിര്‍പ്പുന്നയിച്ചത്. അതോടൊപ്പം മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തികൊണ്ട് ധാരണാപത്രം ഒപ്പട്ടുവെന്ന വാദവും അവര്‍ ഉയര്‍ത്തിയിരുന്നു. ഈ രണ്ടുകാര്യങ്ങളിലുമുള്ള വസ്തുതകള്‍ മന്ത്രി വി. ശിവന്‍കുട്ടി തന്നെ നേരിട്ട് എത്തി വിശദീകരിച്ചിരുന്നു. പാഠ്യപദ്ധതി സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസസെക്രട്ടറി തന്നെ ആശങ്കകള്‍ ദൂരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയും വിട്ടുവീഴ്ച ചെയ്യാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ സര്‍ക്കാരിനും നാടിനും എന്തുസംഭവിച്ചാലും തങ്ങളുടെ പ്രതിച്ഛായ നന്നാക്കണം എന്ന സി.പി.ഐയുടെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് സി.പി.എമ്മിനുള്ളിലെ പൊതുവികാരം.

മാത്രമല്ല, ദേശീയതലത്തില്‍ ഇടതുപക്ഷം എതിര്‍ക്കുന്നതും നയപരമായ നിലപാടുകള്‍ വേണ്ടതുമായ കാര്യങ്ങള്‍ ഒരു ചര്‍ച്ചയുമില്ലാതെ സി.പി.ഐ ഭരിക്കുന്ന വകുപ്പുകളില്‍ നടപ്പാക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ നയപ്രശ്നം എന്നുപറയുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ആദ്യം നടപ്പാക്കിയത് അതിനെ ഏറ്റവും ശക്തമായി എതിര്‍ത്ത മന്ത്രി പി. പ്രസാദ് പ്രോചാന്‍സലറായ കാര്‍ഷികസര്‍വകലാശാലയിലാണെന്നതും സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടതുപക്ഷം ശക്തമായി എതിര്‍ത്തതാണ് പ്രാക്ടിക്കല്‍ പ്രൊഫസര്‍ഷിപ്പ്. അതായത് നിര്‍ദ്ദിഷ്ട വിദ്യാഭ്യാസയോഗ്യതയില്ലെങ്കിലും കാര്‍ഷികമേഖലയിലെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊഫസറായി നിയമിക്കുന്ന വ്യവസ്ഥ. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് ഇവിടെ കാര്‍ഷികസര്‍വകശാലായില്‍ അത് നടപ്പാക്കിയിരിക്കുന്നത്. ഇത്തരം ഇരട്ടത്താപ്പിലൂടെ സ്വന്തം പ്രതിച്ഛായ നിര്‍മ്മിച്ച് ഒരു മുന്നണിയുടെ ഭാഗമായി മുന്നോട്ടുപോകാനാവില്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.

ALSO READ : മന്ത്രിസഭാ യോഗം 3.30ന്; പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് സിപിഐ മന്ത്രിമാര്‍; പിഎം ശ്രീ മരവിപ്പിച്ചാല്‍ മാത്രം സമവായം

നേതൃതലത്തില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ താഴേത്തട്ടില്‍ ബാധിക്കില്ലെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കില്ലെന്നുമൊക്കെയാണ് ഇരുപാര്‍ട്ടികളും പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ പലേടത്തും രണ്ടുപാര്‍ട്ടികളും രണ്ടായി നിലകൊണ്ടു തുടങ്ങിയിട്ടുണ്ട്. താഴേത്തട്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതിന് ഇത് തടസമാകുമെന്ന് തന്നെയാണ് ജില്ലാ നേതൃത്വങ്ങള്‍ അറിയിച്ചിട്ടുള്ളതും. മാത്രല്ല, എ.ഐ.എസ്.എഫ്, എ.ഐ. വൈ.എഫ് പോലുള്ള സംഘടനകള്‍ തുടര്‍ച്ചയായി എസ്.എഫ്.ഐയേയും ഡി.വൈ.എഫ്.ഐയേയും വിമര്‍ശിച്ചുകൊണ്ട് പരസ്യമായി രംഗത്തുവരുന്നതും മുന്നണിയില്‍ കല്ലുകടിയായിട്ടുണ്ട്.
ചുരുക്കത്തില്‍ കെട്ടുറപ്പിന്റെ പേരുപറഞ്ഞ് മേനിനടിച്ചിരുന്ന ഇടതുമുന്നണി ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാണ് ചെന്നുപെട്ടിരിക്കുന്നത്. ര

ണ്ടുപാര്‍ട്ടികളും ഒരുവിട്ടുവീഴ്ചയ്ക്കും തയാറാകാത്തത് മറ്റുകക്ഷികളിലും വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൂന്നാമതും അധികാരത്തില്‍ എത്തും എന്ന ആത്മവിശ്വാസത്തോടെ മുന്നേറികൊണ്ടിരുന്ന സര്‍ക്കാരിനേയും മുന്നണിയേയും ഈ വിഷയം പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് അവരും സമ്മതിക്കുന്നു. ഇതുകൊണ്ടുതന്നെ പലവിഷയങ്ങളും ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള പ്രചാരണത്തിനും കഴിയാത്ത സാഹചര്യമുണ്ടെന്നും പറയുന്നു. ഈ വിഷയം നീണ്ടുപോയാല്‍ മുന്നണിയിലെ മറ്റുഘടകകക്ഷികള്‍ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് (മാണി) പോലുള്ളവ മറ്റുവഴികള്‍ തേടാനുളള സാദ്ധ്യതകളും തള്ളിക്കളയാനാവില്ല. ഒരു മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ആത്മഹത്യയ്ക്ക് തയാറല്ലെന്ന നിലപാട് പല കക്ഷികളും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടതുസര്‍ക്കാരിന്റെ മുന്നോട്ടുള്ള നീക്കത്തിന് ഏറെ നിര്‍ണ്ണായകമാകും ഇന്നത്തെ ദിവസം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top