‘നാണം കെട്ട് എന്തിനിങ്ങനെ മുന്നണിയിൽ നിൽക്കണം?’ സിപിഐയെ പരിഹസിച്ച് വി ഡി സതീശൻ

എൽഡിഎഫിലെ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ നിലനിൽക്കുന്ന തർക്കം കേരള രാഷ്ട്രീയത്തിൽ ചർച്ച ആകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ സിപിഐയെക്കുറിച്ചുള്ള വിവാദപരമായ പരാമർശങ്ങൾ ആയുധമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി.
“ആരാണ് സിപിഐ? എന്ന് എം.വി ഗോവിന്ദൻ ചോദിച്ചിട്ടും സിപിഐ എന്തിനാണ് “നാണം കെട്ട് എൽഡിഎഫിൽ” തുടരുന്നത്” സതീശൻ പാലക്കാട് വച്ച് പരിഹസിച്ചു . എന്നാൽ, താൻ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.
“ആയുഷ് മാൻ പദ്ധതിയിൽ ചേരില്ലെന്ന് ആദ്യം തീരുമാനം എടുത്ത ആരോഗ്യ വകുപ്പ് പിന്നീട് നിലപാട് മാറ്റി. രണ്ട് വർഷത്തെ കാശ് പോയത് മാത്രമാണ് ഉണ്ടായെതെന്നും ഇപ്പോൾ അതു വാങ്ങി ആരോഗ്യമന്ത്രി കേന്ദ്ര ഗവൺമെൻ്റിൻ്റെ പേര് എല്ലാ ആശുപത്രികളിലും ഒട്ടിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
Also Read : പി.എം ശ്രീയിൽ സിപിഐയുടെ ആവർത്തിച്ചുള്ള നോ; സിപിഎം പ്രതിരോധത്തിൽ
എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധി പാർട്ടികൾ നിലവിൽ യുഡിഎഫിലേക്ക് വരാനായി കാത്തുനിൽക്കുന്നുണ്ട്. എങ്കിലും, നിലവിൽ ആരുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിവാദമായ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തങ്ങളുടെ നിലപാട് വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, എന്നാൽ ബിജെപിയുടെ വർഗീയ അജണ്ട നടപ്പാക്കാൻ പാടില്ല എന്ന് അഭിപ്രായപ്പെട്ടു. “കേന്ദ്ര ഫണ്ട് മോദിയുടെ വീട്ടിൽ നിന്ന് നൽകുന്നതല്ല. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പി.എം ശ്രീ പദ്ധതി നടപ്പാക്കിയത് ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണെന്നും” സതീശൻ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here