പിണറായിയെ വെല്ലുവിളിക്കാന്‍ പിജെയില്ല; കൂത്തുപറമ്പ് ചര്‍ച്ചയാക്കാന്‍ ശ്രമിച്ചില്ല; എല്ലാം മാധ്യമ സൃഷ്ടി

കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചതിന് പിന്നാലെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞ് സിപിഎം നേതാവ് പി ജയരാജന്‍. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വിശദീകരണം നല്‍കിയാണ് ജയരാജന്റെ പിന്‍മാറ്റം. ഡിജിപി നിയമനത്തില്‍ മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചാണ് താന്‍ പ്രതികരിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിനെ താറടിച്ചു കാണിക്കുന്നതിന്റെ ഭാഗമായാണ് ചില മാധ്യമങ്ങള്‍ ഈ ദുര്‍വ്യാഖ്യാനം നടത്തിയത്. സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് സ്വഭാവികമായും സര്‍ക്കാരാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരു നിയമനം നടത്തിയതിന് എതിര്‍ക്കേണ്ട ആവശ്യമില്ല. വലതുപക്ഷ മാധ്യമങ്ങള്‍ ഓരോ കാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.

ALSO READ : കൂത്തുപറമ്പ് വെടിവയ്പ്പില്‍ രവാഡ ചന്ദ്രശേഖര്‍ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ല; ഇതുവരെ പ്രസംഗിച്ചതെല്ലാം വിഴുങ്ങി സിപിഎം

രവാഡ ചന്ദ്രശേഖരന്റെ നിയമന വിവരം പുറത്തു വന്നതിന് പിന്നാലെ കൂത്തുപറമ്പ് വെടിവയ്പ്പിലേക്ക് നടന്ന സംഭവം വിശദീകരിച്ചാണ് പി ജയരാജന്‍ മാധ്യമങ്ങളെ കണ്ടത്. സര്‍ക്കാര്‍ തീരുമാനത്തിന്റെ മെറിറ്റ് പരിശോധിക്കാന്‍ താന്‍ അധികാരത്തിന്റെ ഭാഗമല്ല. പാര്‍ട്ടി നയപരമായ കാര്യങ്ങളാണ് തീരുമാനിക്കുന്നത്. മറ്റെല്ലാം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ്. യോഗേഷ് ഗുപ്തയുടെ അയോഗ്യത എന്തെന്ന് സര്‍ക്കാര്‍ വക്താക്കളോടുതന്നെ ചോദിക്കണമെന്നും ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നു.

ALSO READ : രവാഡയുടെ നിയമനത്തില്‍ പി ജയരാജന്‍ കലിപ്പില്‍; പിണറായിയെ വിമര്‍ശിക്കാന്‍ ധൈര്യമില്ല; കൂത്തുപറമ്പ് ഓര്‍മ്മിപ്പിച്ച് പ്രതികരണം

പി ജയരാജന്‍ മാത്രമാണ് സിപിഎമ്മില്‍ നിന്നും ഇത്തരൊമൊരു പ്രതികരണം നടത്തിയത്. മറ്റെല്ലാവരും നിയമനത്തെ അനുകൂലിച്ചും മന്ത്രിസഭാ തീരുമാനത്തെ സാങ്കേതികത്വം പറഞ്ഞ് ന്യായീകരിച്ചുമാണ് പ്രതികരിച്ചത്. കൂത്തുപറമ്പ് വെടിവയ്പ്പ് പഴയ സംഭവം അല്ലേ എന്നുവരെ പ്രതികരണമുണ്ടായി. ഇതോടെ പാര്‍ട്ടിയില്‍ എതിര്‍ സ്വരം ഉന്നയിച്ച് ഏക ആളായി പി ജയരാജന്‍ മആറി. ഇതിലെ തിരിച്ചടി മനസിലാക്കി തന്നെയാണ് മാധ്യമങ്ങളെ പഴിചാരി പി ജയരാജന്റെ രക്ഷപ്പെടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top