മണ്ണിലും പൊന്നിലും തട്ടിപ്പുനടത്തി നേതാക്കൾ; മണ്ണിൽ കയ്യിട്ടുവാരിയവർക്കെതിരെ അന്വേഷണം; ശബരിമല സ്വർണക്കൊള്ളയിൽ ന്യായീകരണം

മണ്ണു കടത്താൻ കരാറെടുത്തവരോട് കമ്മിഷൻ ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ സംസാരം ചോർന്നത് തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്ക് വല്ലാത്ത മാനക്കേടാണ് ഉണ്ടായക്കിയത്. കരാറുകാരനിൽ നിന്ന് സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ആർ കെ ബൈജുവും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലിലും ചേർന്ന് രണ്ടുലക്ഷത്തോളം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം ആണ് പുറത്ത് വന്നത്. നാട്ടുകാർ മുഴുവൻ ഇത് കേട്ട സാഹചര്യത്തിലാണ് പാർട്ടിതല അന്വേഷണം നടത്തി മാനക്കേടിൽ നിന്ന് തലയൂരാൻ സിപിഎം നീക്കം തുടങ്ങിയിരിക്കുന്നത്.
മൂന്നംഗ കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്താൻ ആണ് സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റിയുടെ തീരുമാനം. മൂന്നു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. യഥാർത്ഥത്തിൽ ഇതാണ് സിപിഎം സംഘടനാരീതി. ആദ്യ പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ഇ.പി.ജയരാജനെതിരെ ബന്ധുനിയമന വിവാദം പുറത്തുവന്നപ്പോഴെ, ഒരന്വേഷണത്തിനും കാക്കാതെയാണ് മന്തിസഭയിൽ നിന്ന് പുറത്താക്കിയത്. എകെ ശശീന്ദ്രനെതിരെ മംഗളം ചാനൽ പുറത്തുവിട്ട വാർത്തയിലും നടപടി ഈവിധമായിരുന്നു. ഈ കീഴ്വഴക്കമാണ് ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തെറ്റുന്നത്.
പ്രാദേശികതലത്തിൽ നേതാക്കൾക്കെതിരായ അഴിമതിപരാതികളിൽ ഈവിധം നീങ്ങുന്ന പാർട്ടിയാണ്, ഇതിനെക്കാളെല്ലാം സർക്കാരിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന ശബരിമല കൊള്ളയിലെ പ്രധാനപ്രതിക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നത്. ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ ചെയ്ത കുറ്റത്തിന് തെളിവ് കിട്ടിയില്ലെന്ന് പറയുന്ന പാർട്ടി പക്ഷെ സ്വന്തം നിലക്ക് അന്വേഷണത്തിന് പോലും തയ്യാറായിട്ടില്ല. പൊലീസ് കുറ്റപത്രം നൽകട്ടെ എന്നാണ് ന്യായം. നേതാക്കൾ നിരനിരയായി ജയിലിലേക്ക് പോയ ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പോലും സ്വന്തം അന്വേഷണം നടത്തി അവരെ വെറുതെവിട്ട പാർട്ടിയാണ് സിപിഎം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here