ഇനിയെങ്കിലും സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറി നിര്‍ത്തണമെന്ന് സിപി ജോണ്‍; കണ്ണൂരില്‍ എംവിആറിനെതിരെ നടത്തിയ അതിക്രമങ്ങള്‍ മറക്കാനാവാത്തത്

ഇന്ത്യാ സഖ്യത്തോടൊപ്പം നിന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പൊരുതുന്ന സിപിഎം കേരളത്തില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് – മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തുകയില്ലെന്ന് പ്രഖ്യാപിക്കണം. സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണിന്റെ ഈ പ്രസ്താവനക്ക് മറുപടി പറയാന്‍ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

എംവി രാഘവന്‍ ബദല്‍രേഖാ വിവാദത്തെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്തായി സിഎംപി രൂപീകരിച്ച 1987 – 88 കാലത്ത് മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ ഏറെ പ്രതിസന്ധികളും അക്രമങ്ങളും നേരിട്ട പശ്ചാത്തലം കൂടി പറഞ്ഞാണ് സിപി ജോണ്‍ ഈ ആവശ്യം ഉയര്‍ത്തുന്നത്. സഹകരണ തിരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ സിഎംപി സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുകയും തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുകയും ചെയ്യുന്നത് സിപിഎമ്മിന്റ സ്ഥിരം പരിപാടിയായിരുന്നു. സിഎംപി രൂപീകരിച്ച ശേഷം 1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും സ്ഥാനാര്‍ത്ഥികളോടും സിപിഎം ചെയ്ത നെറികേടുകളെക്കുറിച്ച് അദ്ദേഹം ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.
‘കടുത്ത വെല്ലുവിളികളെയാണ് സിഎംപി സ്ഥാനാര്‍ത്ഥികള്‍ നേരിട്ടത്. ഇകെ നായനാര്‍ക്കെതിരെ മത്സരിച്ച അഡ്വ ആലീസ് കൃഷ്ണനെ വീടുകള്‍ കയറി വോട്ടു ചോദിക്കാന്‍ പോലും അനുവദിച്ചില്ല. അഴിക്കോട് വോട്ട് ചോദിക്കുന്നതിനിടയില്‍ എന്നെ ആക്രമിക്കാന്‍ വന്നു. കാഞ്ഞങ്ങാട് പള്ളിക്കരയില്‍ വേണുഗോപാലന്‍ നായരെ കൊല്ലാന്‍ ശ്രമിച്ചു. സഖാവിനെ തെങ്ങില്‍ കെട്ടിയിട്ട് കാലിനടിയില്‍ തീയിടുകയായിരുന്നു. തുടയില്‍ നിന്ന് ഒരു മാംസക്കഷണം അറുത്തെടുക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷപ്പെടുത്തിയത്. ഇത്തരം അതിക്രമങ്ങളെ അഭിമുഖീകരിച്ചാണ് സിഎംപി തിരഞ്ഞെടുപ്പ് രംഗത്ത് നിന്നത്.’
(ഒരു ജന്മം – എം വി ആറിന്റെ ആത്മകഥ. Page – 332. )

കേരളത്തില്‍ സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചതോടൊപ്പം എതിരാളികളെ വെട്ടിക്കൊന്നുമാണ് പല തിരഞ്ഞെടുപ്പ് വിജയങ്ങളും നേടിയിട്ടുള്ളതെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് സിപി ജോണ്‍ നടത്തിയത്. എംവിആറിനെ പുറത്താക്കിയ ശേഷം അദ്ദേഹം ചെയര്‍മാനായിരുന്ന കണ്ണൂരിലെ എകെജി സ്മാരക ആശുപത്രി തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കള്ള ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയാണ് സിപിഎം അന്ന് എകെജി ആശുപത്രിയുടെ ഭരണം പിടിച്ചെടുത്തത്. വോട്ടു ചെയ്യാനെത്തിയ എംവി രാഘവനെ പോളിംഗ് സ്റ്റേഷനില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. അദ്ദേഹത്തെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു – ഈ സംഭവങ്ങള്‍ക്കെല്ലാം കേരളം സാക്ഷ്യം വഹിച്ചതാണ്.
ഇതിനേക്കാള്‍ ക്രൂരവും നിന്ദ്യവുമായ ഒരു സംഭവം എംവിആര്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.

‘എകെജി ആശുപത്രി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തിയ സിപിഎം നേതാവും ഇടത് മുന്നണി കണ്‍വീനറുമായിരുന്ന പിവി കുഞ്ഞിക്കണ്ണന്‍ നോക്കി നില്‍ക്കെ അദ്ദേഹത്തിന്റെ മകളോട് സിപിഎം പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറി. പിവിയോട് ഒരു സിഐടിയുക്കാരന്‍ പറഞ്ഞത്, ‘ കെളവന് നല്ല ചരക്കിനെ കിട്ടിയല്ലോ ‘ എന്നാണ്. വോട്ടര്‍ അല്ലാത്തവര്‍ വോട്ടു ചെയ്തു. ഒ ഭരതനും കോടിയേരി ബാലകൃഷ്ണനും സി പി നാരായണനും അക്കൂട്ടത്തില്‍ പെടും'(ഒരു ജന്മം – പേജ് 336). എവിആറിനു സഹായിച്ചു എന്ന സംശയത്തിന്റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്ന സമയത്തായിരുന്നു വിപി കുഞ്ഞിക്കണ്ണനെതിരെ ഈ അതിക്രമം ഉണ്ടായത്.
ALSO READ : രാഷ്ട്രീയ വനവാസത്തിലാകുന്ന ഇടതു കണ്‍വീനര്‍മാര്‍; കുഞ്ഞിക്കണ്ണന്‍ മുതല്‍ ഇപിവരെ
ഇത്തരത്തില്‍ സിപിഎം അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറികള്‍ നടത്തുന്നത് പതിവാണ്. ബംഗാളില്‍ 34 കൊല്ലവും ഇത്തരം അതിക്രമങ്ങള്‍ നടത്തിയിരുന്നു. 2004 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച അഫ്‌സല്‍ അമാനുള്ള കമ്മിഷന്‍ ബംഗാളിലെ വോട്ട് ചോരിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബംഗാളില്‍ സിപിഎം നടത്തുന്നത് സയന്റിഫിക് റിഗ്ഗിംഗ് ആണെന്ന് ആയിരുന്നു അമാനുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട്.
ഇനിയെങ്കിലും സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന സിപി ജോണിന്റെ ആഹ്വാനത്തോട് പാര്‍ട്ടി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here