ന്യായീകരണമൊന്നും ഫലിക്കുന്നില്ല, ഒപ്പമുള്ളോരും വിശ്വസിക്കുന്നില്ല!! തിരഞ്ഞെടുപ്പു കാലത്ത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിൽ സിപിഎം

ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡൻ്റിനെ എ.പത്മകുമാറിനെ ന്യായീകരിച്ച് പ്രചാരണ തന്ത്രങ്ങളൊരുക്കാനുള്ള സിപിഎം ശ്രമമെല്ലാം പാളുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെട്ട ലൈംഗികാപവാദ കഥകളും മറ്റുമുയർത്തി പ്രതിരോധിക്കാനും യുഡിഎഫിനെ തിരിച്ചടിക്കാനുമുള്ള ശ്രമങ്ങളൊന്നും ഫലം കാണുന്നില്ല എന്ന സത്യം പാർട്ടി തിരിച്ചറിയുന്നു. എത്ര മറയ്ക്കാൻ ശ്രമിച്ചിട്ടും ശബരിമല അയ്യപ്പൻ്റെ സ്വർണം കട്ടകേസ് വിശ്വാസികളുടെയോ സാധാരണക്കാരുടെയോ മനസിൽ നിന്ന് ഈ തിരഞ്ഞെടുപ്പ് കാലത്തെങ്കിലും മായുന്ന ലക്ഷണമില്ല.
അതേസമയം പേരിനെങ്കിലും ഒരു അച്ചടക്കനടപടിയെടുത്ത് മുഖം രക്ഷിക്കാൻ ശ്രമിക്കുമെന്ന് പാർട്ടിയിലും പുറത്തും പലരും കരുതിയെങ്കിലും അത് ഇണ്ടാകുന്നുമില്ല. നേതൃത്വത്തിൽ ഒരുവിഭാഗം ഇക്കാര്യത്തിൽ പതിവില്ലാത്ത കടുംപിടുത്തത്തിലാണ്. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ ഉള്ളിലുള്ള പത്മകുമാറും വാസുവും അടക്കമുള്ള പ്രതികളെ പ്രകോിപ്പിക്കാതിരിക്കുക എന്നതാണ് പാർട്ടി ലൈൻ എന്നതാണ് സൂചന. എന്നാൽ പൊലീസ് നടപടിയുടെ പേരിൽ അംഗങ്ങൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാണ് ഇപ്പോൾ നേതൃത്വത്തിൻ്റെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിൽ തലവേദനയാകുന്നുണ്ട് എങ്കിലും അത് ചോദിക്കുന്നവരോടെല്ലാം പത്മകുമാറിനെയും വാസുവിനെയും ചൂണ്ടിക്കാണിക്കുകയാണ് ഇപ്പോള്‍ വിഡി സതീശൻ മുതല്‍ നേതാക്കളെല്ലാം. ഇത് ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. പത്മകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ഘടകകക്ഷികള്‍ക്കുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട ജില്ലാകമ്മിറ്റി യോഗം ചേരുമ്പോഴെങ്കിലും ഇതിൽ ചര്‍ച്ചയുണ്ടാകുമെന്നും പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് നടപടി ശിപാര്‍ശ ചെയ്യുമെന്നും പലരും ധരിച്ചു. എന്നാല്‍ എം.വി.ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിൽ വിഷയം വിഷയം ചർച്ചയായതു പോലുമില്ല.
നടപടിക്ക് പലകോണുകളില്‍ നിന്നുമുള്ള മുറവിളി തുടരുമ്പോള്‍ സി.പി.എം സമ്മര്‍ദ്ദത്തിലുമാകുന്നുണ്ട്. മന്ത്രിമാരായിരുന്ന ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി ഘടകകക്ഷികളും സി.പി.എമ്മില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു ആരോപണം ഉയര്‍ന്നാലോ അറസ്റ്റുണ്ടായാലോ ല്‍ ഉടന്‍ നടപടി സ്വീകരിക്കുന്ന നിലപാട് പാർട്ടിക്കില്ല എന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ ലാവലിന്‍ കേസിൽ ആരോപണം ഉയര്‍ന്നപ്പോള്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് പ്രഖ്യാപിച്ചത്.
മാത്രമല്ല മതിയായ ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ ഒരു അംഗത്തിനെതിരെ നടപടിയെടുത്താൽ അയാളെ അവിശ്വസിക്കുന്നതിന് തുല്യമാകും. ശബരിമലക്കേസിൽ പൊലീസ് പറയുന്നത് കേട്ട് ഇപ്പോൾ നടപടിയിലേയ്ക്ക് കടന്നാൽ, ഇതുവരെയുള്ള അവരുടെ കണ്ടെത്തലുകളെ മുഴുവന്‍ പാര്‍ട്ടി അംഗീകരിച്ചു എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറും. അത് പാടില്ലെന്നും അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം കൊടുക്കുമ്പോൾ പത്മകുമാറിനെതിരെ ചുമത്തുന്ന കുറ്റങ്ങൾ പരിശോധിച്ച് പാർട്ടി തീരുമാനം എടുക്കും എന്നാണ് ഇപ്പോഴത്തെ ലൈൻ. ഇതാണ് എക്കാലവും സി.പി.എം നിലപാടെന്നും ആണ് ന്യായം.
ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തിരിക്കെ ആണ് ആരോപണം വന്നത്. അതിനാലാണ് അധികാരത്തിൽ നിന്ന് മാറ്റിയത്. അപ്പോഴും ജയരാജനെതിരെ സംഘടനാ നടപടിയൊന്നും ഉണ്ടായില്ല. സി.പി.എമ്മിന്റെ ഈ ന്യായങ്ങളൊക്കെ അംഗീകരിച്ചാലും പത്മകുമാറിനെതിരെ നടപടിയില്ലാത്തത് പാര്‍ട്ടിക്ക് എന്തോ മറയ്ക്കാനുള്ളത് കൊണ്ടാണെന്ന പൊതുബോധം സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ട് എന്നാണ് ഘടകകക്ഷികള്‍ പറയുന്നത്. അതിന് തടയിടേണ്ടത് ഏറ്റവും അനിവാര്യമാണ്. അല്ലെങ്കില്‍ വല്ലാത്ത തിരിച്ചടിയുണ്ടാകുമോയെന്ന ഭയവും അവര്‍ക്കുണ്ട്.
അത് മറികടക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാം എന്നാണ് സി.പി.എമ്മിന്റെ നിലപാട്. അതോടൊപ്പം രാഹുൽ വിവാദത്തെ പ്രതിരോധിക്കാൻ പത്മകുമാറിനെ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷനീക്കത്തെ വരും ദിവസങ്ങളില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് തീരുമാനം. ശബരിമല കേസില്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പത്മകുമാറിനെ അറസ്റ്റു ചെയ്യുക മാത്രമാണ് ചെയ്തത്; ഒരു തെളിവും പുറത്തുവന്നിട്ടില്ല. എന്നാല്‍ രാഹുൽ വിഷയത്തില്‍ വ്യക്തമായ ശബ്ദരേഖകളും വാട്സാപ്പ് ചാറ്റുകളുമാണ് ഇതിനകം പുറത്തുവന്നത്. അതൊന്നും നിഷേധിക്കാന്‍ രാഹുൽ തയ്യാറാകുന്നുമില്ല.
സാഹചര്യം ഇങ്ങനെയായിരിക്കെ രാഹുലിനെച്ചൊല്ലി യുഡിഎഫിലും കോൺഗ്രസിലും ഉണ്ടാകുന്ന ഭിന്നതകളെ തുറന്നുകാണിക്കാനും മുതലെടുക്കാനുമുള്ള ശ്രമങ്ങളും ഇനി സിപിഎം നടത്തും. സസ്പെൻഡ് ചെയ്യപ്പെട്ടുവെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും അയാളെ മുന്നിൽ നിർത്തിയാണ് പാലക്കാട്ടെങ്കിലും പ്രചാരണം നടക്കുന്നത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.സുധാകരന്‍ അടക്കം അയാളെ ന്യായീകരിച്ചതും എല്ലാം ഉയർത്തിക്കാട്ടും. പത്മകുമാറിന്റെ കേസില്‍ ഇങ്ങനെ എന്തെങ്കിലും ഒരു തെളിവ് പുറത്തുവന്നാൽ ആ നിമിഷം നടപടി ഉണ്ടാകുമെന്നും ആണ് ഒപ്പം നിൽക്കുന്നവർക്ക് സിപിഎം നൽകുന്ന ഉറപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here