ഡിസി ബുക്‌സിനോട് ക്ഷമിച്ച് ഇപി; ആത്മകഥാ വിവാദത്തില്‍ നിയമനടപടി അവസാനിപ്പിച്ചു

ആത്മകഥ വിവാദത്തില്‍ നിയമനടപടികള്‍ അവസാനിപ്പിച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. പിശക് പറ്റിയെന്ന് ഡിസി സമ്മതിച്ചതിനാലാണ് എല്ലാം അവസാനിപ്പിക്കുന്നത് എന്നാണ് ജയരാജന്റെ പ്രതികരണം. ഇതോടെ സിപിഎമ്മില്‍ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഉടലെടുത്ത ആത്മകഥാ വിവാദമാണ് അവസാനിക്കുന്നത്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഇപിയുടെ ആത്മകഥ പുറത്തിറക്കുന്നു എന്ന് ഡിസി പ്രഖ്യാപിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച, വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം, ഇതിൻ്റെയെല്ലാം പേരില്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം നഷ്ടമായി അതൃപ്തനായി നില്‍ക്കുകയായിരുന്നു ഇപി. സിപിഎം നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ആത്മകഥയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും സ്വതന്ത്രര്‍ വയ്യാവേലികളാണ്, സരിന്റെ സ്ഥാനാര്‍ത്ഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും തുടങ്ങിയ വിമര്‍ശനങ്ങളാണ് ആത്മകഥയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ഇപി രംഗത്ത് എത്തിയതോടെയാണ് കളം വഷളായത്. തന്റെ ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും ഡിസിയുമായി ഒരു കരാറുമില്ലെന്നും ഇപി പ്രതികരിച്ചു. ഇപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസി ബുക്സിനെതിരെ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Also Read: ‘ആത്മകഥാമോഷണത്തില്‍’ കേസെടുക്കാതെ അന്വേഷണം; ജയരാജൻ്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് ആദ്യ പരിശോധന
ഇത്രയും വിവാദമായ സംഭവത്തിലാണ് ഇപി ഇപ്പോള്‍ പിന്‍മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. ”പിശക് പറ്റിയെന്ന് വക്കീല്‍ നോട്ടിസിനു മറുപടിയായി ഡിസി ബുക്‌സ് അറിയിച്ചു. അതിനാല്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ല എന്നാണു തീരുമാനം” ഇ.പി.ജയരാജന്‍ ഇപ്പോൾ പറയുന്നത് ഇങ്ങനെ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here