കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം നീളുമോ? ഒരു പരാമര്‍ശം പോലും സിപിഎമ്മിനെ തകര്‍ക്കും; ആകെ ആശങ്ക

2019ലെ ശബരിമല ശ്രീകോവിലിലെ സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി കടത്തി കൊണ്ടുപോയി എന്ന കേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും അടക്കം പ്രതിസ്ഥാനത്തേക്ക് എത്തുന്ന സ്ഥിതിയാണ്. സിപിഎമ്മിന്റെ സ്വന്തം ആളായ ദേവസ്വം മുന്‍ കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റിലായി കഴിഞ്ഞു. ദേവസ്വം കമ്മിഷണറായിരിക്കെ സ്വര്‍ണപ്പാളിയെ ചെമ്പുപാളിയായി രേഖപ്പെടുത്തി എന്നതാണ് വാസുവിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ആ ശുപാര്‍ശ അംഗീകരിച്ചത് എ പത്മകുമാര്‍ പ്രസിഡന്റായ ഭരണ സമിതിയാണ്. ഇതോടെ എ പത്മകുമാര്‍ അടക്കം അറസ്റ്റിന്റെ വക്കിലാണ്.

സിപിഎമ്മിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഈ നീക്കങ്ങളെല്ലം. എന്നാല്‍ ഇതിലും വലിയൊരു അപകടത്തിന്റെ ആശങ്കയിലാണ് പാര്‍ട്ടിയുള്ളത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടാകുമോ എന്നാണ് സിപിഎം ഭയത്തോടെ നോക്കുന്നത്. റിപ്പോര്‍ട്ട് പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയില്‍ നിന്നൊരു പരാമര്‍ശം വന്നാല്‍ പോലും സിപിഎം ആകെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മറുപടി പറയേണ്ട വിധത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയും.

ALSO READ : ഗുരുവായൂരപ്പന്റെ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കണ്ണന്റെ ‘മഞ്ചാടിക്കുരു’ പോലും അടിച്ചു മാറ്റി

മുൻ പ്രസിഡൻ്റ് പത്മകുമാറില്‍ അന്വേഷണം അവസാനിച്ചാൽ ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശം ഉള്ള സ്ഥാപനമാണ് എന്ന ന്യായീകരണം നിരത്താം. അവിടെ ഉണ്ടാകുന്ന ഒന്നിലും സർക്കാരിന് പങ്കില്ലെന്നും പറഞ്ഞുനിൽക്കാം. എന്നാൽ ദേവസ്വത്തിന്റെ ചുമതല വഹിച്ച മന്ത്രിയെ എവിടെയെങ്കിലും ഒന്ന് പരാമര്‍ശിച്ചു പോയാൽ, സര്‍ക്കാരും സിപിഎമ്മും അറിഞ്ഞുള്ള സ്വര്‍ണക്കൊള്ളയായി ഇതുമാറും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരമൊന്ന് സിപിഎമ്മിന്റെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നതാകും എന്നുറപ്പാണ്.

ശബരിമല ദ്വാരപാലക ശിൽപം ഏതെങ്കിലും പണക്കാരന് മറിച്ചുവിറ്റിട്ടുണ്ടാകാം എന്ന പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായപ്പോള്‍ തന്നെ പ്രതിപക്ഷം കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റതെന്ന് അറിയാമെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ കടകംപള്ളി സതീശന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുമുണ്ട്.

ALSO READ : കടകംപള്ളിക്കെതിരെ മണിച്ചന്റെ മാസപ്പടി അടക്കം പണ്ടും ആരോപണങ്ങള്‍; ദ്വാരപാലക ശില്‍പങ്ങള്‍ വിറ്റെന്ന ആരോപണത്തില്‍ കുടുങ്ങി മുന്‍ ദേവസ്വംമന്ത്രി

വ്യാജമദ്യ ദുരന്തത്തില്‍ പ്രതിയിൽ നിന്ന് പണം വാങ്ങി മാസപ്പടി ഡയറിയില്‍ പേര് വന്ന് ഒരിക്കല്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ചരിത്രമാണ് കടകംപള്ളിക്ക് സുരേന്ദ്രന് ഉളളത്. ഇപ്പോഴാകട്ടെ സ്വര്‍ണക്കൊള്ള അന്വേഷണം കടുത്ത ആശങ്കയില്‍ നോക്കുകയാണ് പാർട്ടി. ഇപ്പോള്‍ കട്ടളപ്പാളി കൊണ്ടുപോയ കേസില്‍ മാത്രമാണ് അന്വേഷണം നടക്കുന്നത്. ഇനി ദ്വാരപാല ശില്പം കൊണ്ടുപോയി എന്നതിലും അന്വേഷണം വരും. അതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്. ഇതില്‍ എവിടെയെങ്കിലും കടകംപള്ളിയുടെ പേര് വന്നാല്‍ ശബരിമല അയ്യപ്പനെ വരെ കടത്തി എന്ന ആരോപണത്തിന് മറുപടി പറയേണ്ടിവരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top