ഇടത് നേതാവിനെതിരെ ലൈംഗികാതിക്രമ കേസുണ്ടായിട്ടും മുതലെടുക്കാനാവാതെ കെപിസിസി; ഒളിച്ചു കളിച്ച് മഹിള കോണ്‍ഗ്രസ്

ചലച്ചിത്ര പ്രവര്‍ത്തകയോട് ഇടത് മുന്‍ എംഎല്‍എ പിടി കുഞ്ഞുമുഹമ്മദ് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചന്ന ആരോപണം രാഷ്ടീയമായി മുതലെടുക്കാനാവാതെ കോണ്‍ഗ്രസ്. വഴിപാട് പ്രസ്താവനകളിറക്കി കൈ കഴുകി മാറി നില്‍ക്കയാണ് പാര്‍ട്ടി നേതാക്കളും മഹിള കോണ്‍ഗ്രസ് നേതൃത്വവും. പരാതി കിട്ടിയതിന്റെ പതിമൂന്നാം ദിവസമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്.
ഐഎഫ്എഫ്‌കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ വെച്ച് ജൂറി അംഗമായ വനിതയുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കന്റോണ്‍മെന്റ് പൊലീസിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതി ഉടന്‍ പോലീസിന് കൈമാറിയില്ല. പകരം 13 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് കൈമാറിയത്.
കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ കേസെടുക്കുന്നതില്‍ ഉണ്ടായത് ഗുരുതരമായ കാലതാമസമാണ്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഒരു പ്രതിഷേധം പോലും നടത്താതെ ഉരുണ്ടുകളിക്കയാണ്. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാല്‍സംഗ പരാതികള്‍ സിപിഎം ആളിക്കത്തിക്കുകയും തെരുവില്‍ പ്രതിഷേധിക്കയും ചെയ്തിരുന്നു. രാഹുലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസിലെ വനിത നേതാക്കളാരും തന്നെ വേണ്ട രീതിയില്‍ പ്രതിഷേധം ഉയര്‍ത്താത്തതും ശ്രദ്ധേയമാണ്.
എന്തുകൊണ്ട് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വനിത നേതാക്കള്‍ പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യത്തിന് കെപിസിസി നേതൃത്വത്തിനും മഹിള കോണ്‍ഗ്രസുകാര്‍ക്കും മറുപടിയില്ല. തിരഞ്ഞെടുപ്പ് തിരക്കിലായതുകൊണ്ടാണ് പ്രതിഷേധത്തിന് കാലതാമസമെന്നാണ് കോണ്‍ഗ്രസുകാരുടെ ന്യായീകരണം. കൈയ്യില്‍ വീണു കിട്ടിയ സുവര്‍ണാവസരം ഉപയോഗിക്കാനറിയാത്ത കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടിനെക്കുറിച്ചാണ് പ്രവര്‍ത്തകരുടെ പ്രധാന പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here