ജി സുധാകരന്റെ തുറന്ന് പറച്ചിലില്‍ മുഖം നഷ്ടപ്പെട്ട് സിപിഎം; തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ നടത്തിയിട്ടുണ്ടെന്ന സിപിഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വെട്ടിലാക്കി. സിപിഎമ്മിനെതിരെ എതിരാളികള്‍ സ്ഥിരം പറയുന്ന ആക്ഷേപങ്ങള്‍ നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന പൊതുചടങ്ങിലാണ് താനുള്‍പ്പടെയുള്ളവര്‍ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയിട്ടുണ്ട് എന്ന അതീവ ഗുരുതരകൃത്യം സുധാകരന്‍ വെളിപ്പെടുത്തിയത്.
തിരഞ്ഞെടുപ്പുകളില്‍ തപാല്‍ വോട്ടുകള്‍ തിരുത്തുന്നതും, ആള്‍മാറാട്ടം നടത്തി കള്ളവോട്ടു ചെയ്യുന്നതും ബൂത്ത് പിടിച്ചെടുക്കുന്നതും, ഇരട്ട വോട്ടു ചെയ്യുന്നതുമെല്ലാം സിപിഎമ്മിനെതിരെ അവരുടെ രാഷ്ട്രീയ ശത്രുക്കള്‍ നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങളാണ്. അതെല്ലാം അതേപടി ശരി വെക്കുന്ന തരത്തിലാണ് മുതിര്‍ന്ന നേതാവിന്റെ ഏറ്റുപറച്ചില്‍. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, മന്ത്രി എന്നീ പദവികള്‍ വഹിച്ച വ്യക്തിയാണ് ജി സുധാകരന്‍. പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണതകള്‍ക്കു നേരെയുള്ള വിരല്‍ ചൂണ്ടല്‍ കൂടിയാണ് ഈ പശ്ചാത്താപ പ്രസ്താവന.
1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി കെവി ദേവദാസിനു വേണ്ടി തപാല്‍ വോട്ടുകള്‍ തിരുത്തി എന്നാണ് സുധാകരന്റെ കുറ്റസമ്മതം. അക്കാലത്ത് സുധാകരന്‍ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി ആയിരുന്നു. കോണ്‍ഗ്രസിന്റെ വക്കം പുരുഷോത്തമനായിരുന്നു എതിരാളി.
“സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു” -ജി സുധാകരന്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്.
എന്നാല്‍ തിരഞ്ഞടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചില്ല എന്നതും ചരിത്രം. കാല്‍ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്നു വിജയിച്ചത്. കെ വി ദേവദാസിന് 350,640 വോട്ടും വക്കം പുരുഷോത്തമന് 375,763 വോട്ടും ലഭിച്ചു. വക്കം 25123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ 55,000 ത്തിലധികം ഇരട്ട വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അടൂര്‍ പ്രകാശിന്റെ പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തത്. സിപിഎമ്മാണ് ഇരട്ട വോട്ടുകള്‍ ചേർക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തതാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ഇടയാക്കിയതെന്നും കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കൃത്രിമങ്ങളെ കുറിച്ചുള്ള ജി സുധാകരന്റെ സ്വമേധയാ ഉള്ള കുറ്റസമ്മതം പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കും എന്ന് മാത്രമല്ല വരും തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യും. തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച ഏത് ആരോപണം വന്നാലും പാർട്ടിയുടെ പ്രതിരോധം മുൻപ് എന്നത്തേക്കാളും ദുർബലമാകുകയും ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here