സ്ത്രീവിഷയമല്ലെങ്കില്‍ വ്യാജരേഖ ചമയ്ക്കല്‍; രാഹുലിനെ കുരുക്കാനുറച്ച് സി.പി.എം; പ്രതിരോധിക്കാനാകാതെ കോണ്‍ഗ്രസ്

മുഖം രക്ഷിക്കാനാണെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത സാഹചര്യം പരമാവധി മുതലെടുക്കാന്‍ സി.പി.എമ്മും സര്‍ക്കാരും. സസ്പെൻഷന് പിന്നാലെ നിയമ നടപടിക്ക് സർക്കാർ തുടക്കമിട്ടത് ഈ തീരുമാനത്തിൻ്റെ ഭാഗമാണ്. സ്ത്രീകളുടെ പുറത്തുവന്ന ശബ്ദരേഖകളുടെയും മറ്റ് ചാറ്റുകളുടെയും അടിസ്ഥാനത്തില്‍ കേസ് എടുത്തത് മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കിയെന്ന കേസും സജീവമാക്കിയാണ് സി.പി.എം തന്ത്രം മെനയുന്നത്. പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസില്‍ രാഹുൽ രക്ഷപ്പെട്ടാലും മറ്റേ കേസില്‍ കുടുക്കുകയാണ് ലക്ഷ്യം.
പുറത്തുവന്ന ഓഡിയോകൾ പരിശോധിക്കാനുള്ള തീരുമാനം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടനെയാണ് ഉണ്ടായത്. ഇത്രയും വ്യക്തമായ തെളുവുകൾ പുറത്തുവന്നിട്ടും സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന പരാതി പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു. അത് ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തോടെ അവസാനിച്ചു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ ഉദ്ദേശ്യം തന്നെ രാഹുലിൻ്റെ വിഷയത്തിലെ പ്രതികരണമായിരുന്നു. അത് കഴിഞ്ഞയുടന്‍ തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ധൃതിയില്‍ തീരുമാനം ഉണ്ടായത് യാദൃഛികമല്ല.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് എങ്കിലും ഇത് ഫലപ്രദമാകുമോയെന്ന കാര്യത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനും സംശയമുണ്ട്. ഓഡിയോ റെക്കോർഡുകളും മറ്റും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തിയാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഇരകള്‍ സഹകരിക്കുമോയെന്ന കാര്യത്തിലൂം സി.പി.എമ്മില്‍ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഈ അന്വേഷണം ഒരിടത്തും എത്തില്ലെന്നും അവര്‍ ബോദ്ധ്യമുണ്ട്.
ആ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച കേസ് വീണ്ടും സജീവമാക്കുന്നത്. ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ പങ്ക് തെളിയിക്കുന്ന ചില ശബ്ദസന്ദേശങ്ങളും മൊഴികളും അന്വേഷണസംഘത്തിന്റെ പക്കലുണ്ടുതാനും. എന്നാല്‍ വിഷയം രാഷ്ട്രീയമായി മാറുമെന്നതു കൊണ്ടാണ് ഇതുവരെ ക്രൈംബ്രാഞ്ച് മൗനം പാലിച്ചതും. കഴിഞ്ഞദിസം രാഹുലിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതോടെ ഈ കേസ് ക്രൈംബ്രാഞ്ച് സജീവവുമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ഈ സാഹചര്യത്തില്‍ രാഹുലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയോ അറസ്റ്റുചെയ്യുകയോ മറ്റ് നിയമനടപടികളിലേയ്ക്ക് പോകുകയോ ചെയ്താല്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി ഏറ്റെടുക്കാനാവില്ലെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത് സജീവമാക്കുന്നതും. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുള്ള ഒരു വ്യക്തിയെ സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസിന് പ്രത്യക്ഷമായി രംഗത്തിറങ്ങാനാവില്ല. ഇതോടെ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ ഒറ്റയ്ക്ക് നേരിടേണ്ട സ്ഥിതിയാണുണ്ടാക്കിയിട്ടുള്ളത്. ഇത് രാഹുല്‍ മാങ്കൂട്ടത്തിന് മാത്രമല്ല, കോണ്‍ഗ്രസിന് തന്നെ പുതിയ തലവേദനയ്ക്കുള്ള വഴിയാണ് ഒരുക്കുന്നതും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here