ഭവനസന്ദര്‍ശനം വിജയം; മൂന്നാം ടേമിലേക്ക് അടുത്തുവെന്ന ആത്മവിശ്വാസത്തിൽ സി.പി.എം.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രചരണത്തിന്റെ തുടക്കം കുറിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഗൃഹസന്ദര്‍ശന പരിപാടി വന്‍ വിജയമെന്ന് സി.പി.എം അവകാശപ്പെടുമ്പോഴും ചില കമ്മിറ്റികളെങ്കിലും അത് ശരിയായ രീതിയില്‍ സംഘടിപ്പിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നു. ഇതേക്കുറിച്ച് വിലയിരുത്തിയ സി.പി.എം സെക്രട്ടേറിയറ്റില്‍ തന്നെ ഇക്കാര്യങ്ങൾ ചര്‍ച്ചയായിട്ടുണ്ട്. മലബാര്‍ മേഖലയില്‍ വളരെ സജീവമായി തന്നെ ഈ പരിപാടി നടത്തിയെങ്കിലും തെക്കന്‍ തിരുവിതാംകൂറിന്റെ പല മേഖലകളിലും പ്രത്യേകിച്ച് തലസ്ഥാന ജില്ലയില്‍ പരിപാടി വേണ്ടരീതിയില്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
ഗൃഹന്ദര്‍ശനം പാര്‍ട്ടിയുടെയും മുന്നണിയുടെയും സാദ്ധ്യതകള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് സി.പി.എം വിലയിരുത്തുന്നത്. എന്നാല്‍ ഉപരികമ്മിറ്റിയുടെ നിര്‍ദ്ദേശത്തിനോട് മുഖം തിരിഞ്ഞുനിന്ന കമ്മിറ്റികള്‍ ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നീക്കമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ വിമര്‍ശനമുയരുന്നു. തലസ്ഥാന ജില്ലയില്‍ കോര്‍പ്പറേഷന്റെ പല ഭാഗങ്ങളിലുമാണ് ഗൃഹസന്ദര്‍ശനം വേണ്ടപോലെ നടത്തുന്നതിൽ ജില്ലാ കമ്മിറ്റി പരാജയപ്പെട്ടത്. മിക്കവാറും നഗരകേന്ദ്രീകൃത മണ്ഡലങ്ങളില്‍ ഇതിനുള്ള ശ്രമം അവിടവുമായി ബന്ധപ്പെട്ട ഏരിയാകമ്മിറ്റികള്‍ മുതല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ വരെ നടത്തിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ തേടാനാണ്, ഒരു വേർതിരിവുമില്ലാതെ കേരളത്തിലെ മുഴുവന്‍ വീടും കയറി അഭിപ്രായം അറിയാൻ സി.പി.എം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെയും തെറ്റുതിരുത്തലിൻ്റെയും ഭാഗമായിരുന്നു ഇത്. ഇടതുപക്ഷവുമായി ഏറെ അടുത്തുനിന്നവർ അകന്നതിൻ്റെ കാരണം മനസിലാക്കുകയും, അതുപോലെ സര്‍ക്കാരിന്റെ ക്ഷേമപരിപാടികൾ അറിയിക്കുകയും ആയിരുന്നു ഉദ്ദേശ്യം. ഇതിലൂടെ കിട്ടുന്ന വിവരങ്ങൾ വച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുക എന്നതാണ് ഉദ്ദേശിച്ചത്. മാത്രമല്ല, ഇടയ്ക്കുവച്ച് സി.പി.എമ്മും ജനങ്ങളുമായുള്ള സമ്പര്‍ക്കം നിന്നുപോയത് പുനരജ്ജീവിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിട്ടു.
സി.പി.എം കോട്ടകളായ മലബാറിലെ ജില്ലകളില്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. മധ്യകേരളത്തിൽ വലിയ വീഴ്ചയില്ലാതെ നടന്നു. എന്നാല്‍ തലസ്ഥാന ജില്ല ഉള്‍പ്പെടുന്ന തെക്കന്‍ കേരളത്തിൽ വലിയ വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇത് പരിഹരിക്കാനുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. പരാതികളും അഭിപ്രായങ്ങളും മാത്രം കേള്‍ക്കുകയായിരുന്നു ഈ ഘട്ടത്തിൽ ലക്ഷ്യം. തര്‍ക്കിക്കാനോ മറുപടി നല്‍കാനോ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആളുകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഉടന്‍ ആരംഭിക്കുന്ന കുടുംബയോഗങ്ങളിലൂടെ മറുപടി നല്‍കും. അവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ സാധ്യമാകുന്നവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട്.
പരിപാടി പൊതുവില്‍ വലിയ ആത്മവിശ്വാസം ഉണ്ടാക്കിയെന്ന വികാരമാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായത്. ഇത് തുടരണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ആളുകളുമായി നിരന്തരം ബന്ധപ്പെടുകയും സര്‍ക്കാരിന്റെ വികസന-ക്ഷേമപരിപാടികളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പദ്ധതി തയാറാക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ പാർട്ടിയോട് പുലര്‍ത്തിപ്പോരുന്ന വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്ന ഒരു വാക്കോ നീക്കമോ ഉണ്ടാകരുത്. പാര്‍ട്ടി വിട്ടുപോകുന്നവരും പുറത്താക്കപ്പെടുന്നവരും മറ്റുപാര്‍ട്ടികളില്‍ ചേരുന്നതിനെ വിമര്‍ശിക്കാം. എന്നാൽ അവരെ മോശമായി ചിത്രീകരിച്ച് എതിര്‍പക്ഷത്തിന് വടി നല്‍കരുത്.
കഴിഞ്ഞദിവസം എസ്.രാജേന്ദ്രനെതിരെ എം.എം.മണി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയും മുന്നറിയിപ്പ് നല്‍കി. സജി ചെറിയാൻറേത് പോലെയുള്ള നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടിന്റെ പേരില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിടുന്ന കുഞ്ഞികൃഷ്ണനെതിരെ അനാവശ്യമായ പരാമര്‍ശങ്ങളോ ഭീഷണി സ്വരങ്ങളോ പാടില്ല. അത് തിരിഞ്ഞുകൊത്തും. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് പാര്‍ട്ടിയുടെ തലയില്‍ ചാരുന്നതിന് ശത്രുക്കള്‍ക്ക് അവസരം ഒരുക്കുന്നതായിരിക്കും അത്തരം നടപടികള്‍. അതുകൊണ്ടുതന്നെ വളരെ സംയമനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറെടുക്കാനാണ് കീഴ്ഘടകങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here