ഫ! പുല്ല് വേണ്ടായിരുന്നു… രാഹുൽ വിവാദത്തോടെ വീണ്ടും ചർച്ചയിൽ നിറഞ്ഞ് മുകേഷ്; സിപിഎമ്മിന് തീരാതലവേദന

ഇനി സീറ്റില്ലെന്ന് തീരുമാനിക്കപ്പെട്ട് പാർട്ടി വേദികളിൽ നിന്നും പരിപാടികളിൽ നിന്നും നിർബന്ധിത ഒഴിവാക്കൽ നേരിടുന്ന കൊല്ലം എംഎൽഎ എം.മുകേഷ് വീണ്ടും പിണറായി സർക്കാരിന് തലവേദനയാകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്ന ലൈംഗിക ആരോപണ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവുമധികം പരാമർശിക്കപ്പെടുന്നത് മുകേഷ് പ്രതിയായ കേസാണ്. സംഗീത നാടക അക്കാഡമി ചെയർമാനാക്കിയും എംഎൽഎയാക്കിയും സിപിഎം ഉയർത്തിവിട്ട എം.മുകേഷ്, കുറേക്കാലമായി പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കുകയാണ്.

പ്രതിപക്ഷത്തു നിന്ന് പിണറായി വിജയനെ നിരന്തരം പേരെടുത്ത് ആക്രമിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കൈകാര്യം ചെയ്യാൻ വേണ്ടുവോളം ആയുധം കിട്ടിയിട്ടും കൈകെട്ടിയെന്ന പോലെ നിൽക്കാനേ പാർട്ടിക്കു കഴിയുന്നുള്ളു. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്നാണ് പൊതുജന അഭിപ്രായം എന്ന നിലയ്ക്കുള്ള അഴകൊഴമ്പൻ നിലപാടാണ് സിപിഎമ്മിന്. കാരണം, ഈ വിഷയത്തെ പ്രതിപക്ഷം നേരിടുന്നത് ആരോപണ വിധേയനായ മുകേഷ് ഇപ്പോഴും എംഎൽഎയായി തുടരുന്നതു ചൂണ്ടിക്കാണിച്ചാണ്.

ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ പല നേതാക്കളോടുമുള്ള സിപിഎം നിലപാട് എടുത്തു പറയുമ്പോഴും മുകേഷിന്റെ കാര്യത്തിൽ കൂടുതൽ ഉറക്കെയാണ് പ്രതിരോധം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ, എംഎൽഎ സ്ഥാനം കൂടി ഒഴിയണമെന്ന് ബിജെപി ശക്തമായി ആവശ്യപ്പെടുന്നുണ്ട്. സിപിഎമ്മും ഇത് ഉന്നയിക്കുന്നുണ്ട് എങ്കിലും തെരുവിലിറങ്ങി സമരത്തിനില്ല. സിപിഎമ്മിലെ വനിതകളടക്കം മുകേഷിനെ പിന്തുണച്ചതിൻ്റെ പഴയ വാർത്തകളും വീഡിയോ ക്ലിപ്പുകളും പുറത്തുവരുന്നുമുണ്ട്.

സംസ്ഥാന സർക്കാർ അഭിമാനപൂർവ്വം അവതരിപ്പിച്ച ചലച്ചിത്ര നയരൂപീകരണ കോൺക്ലേവിലും പങ്കെടുക്കുന്നതിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയിരുന്നു. നിലവിൽ എംഎൽഎ സ്ഥാനം ഉണ്ട് എന്നല്ലാതെ മുകേഷിനെ ഒരുകൈയ്യകലത്തിൽ നിർത്തിയാണ് കൊല്ലത്തെ പാർട്ടി പ്രവർത്തിക്കുന്നത്. ജില്ലാ സമ്മേളനത്തിൽ പോലും കാര്യമായ റോളുണ്ടായില്ല. പാലക്കാടിന് സമാനമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കില്ല എന്നാണ് കൊല്ലത്ത്, പാർട്ടി പ്രവർത്തകർക്കും ജനത്തിനും സിപിഎം നൽകിയിരിക്കുന്ന ഉറപ്പ്.

വീണ്ടും മുകേഷ് വിഷയം മാധ്യമ ചർച്ചകളിലും സോഷ്യൽ മീഡിയ ഓഡിറ്റിനും വിധേയമാകുമ്പോൾ കുഴയുന്നത് സൈബർ സഖാക്കളാണ്. താരപ്രഭയെ മുൻനിർത്തി ഇലക്ഷൻ വിജയം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം സ്ഥാനാർത്ഥിത്വം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മുകേഷിനെ ഉയർത്തിക്കാട്ടി സിപിഎമ്മിനെ നിശബ്ദമാക്കാമെങ്കിലും, ബിജെപിയുടെ നിലപാട് കോൺഗ്രസിന് തലവേദനയാണ്. കേരളത്തിലിതുവരെ പ്രധാന നേതാക്കളാരും ലൈംഗിക അപവാദങ്ങളിലൊന്നും പെട്ടിട്ടില്ലാത്തതിൻ്റെ ആവേശം ഈ വിഷയത്തിൽ പ്രകടമാണ്.

കൂടുതൽ തെളിവുകളും ശബ്ദരേഖകളും രാഹുലിന്റേതായി പുറത്തു വരുകയാണ്. അതേസമയം, അടൂരിലെ വീടിനുള്ളിൽ അഭയം തേടിയ രാഹുൽ ഇനിയും പുറത്തിറങ്ങിയിട്ടില്ല. പ്രഖ്യാപിച്ച വാർത്താസമ്മേളനം നടത്താതെ മുങ്ങുകയും ചെയ്തു. രാഹുലിനു വേണ്ടി സംസാരിച്ച് തുടങ്ങിയിരിക്കുന്ന ഷാഫി പറമ്പിലും പരോക്ഷമായി മുകേഷ് വിഷയം ഉന്നയിച്ചിട്ടുണ്ട്. രാഹുലിനെ ന്യായീകരിച്ച് ഷാഫി നടത്തിയ വാർത്താസമ്മേളനം കോൺഗ്രസിനുള്ളിൽ കോളിളക്കമാകുന്നതിന്റെ തെളിവായി. കൂടുതൽ നേതാക്കളുടെ പ്രതികരണം വരുകയുമാണ്.

പഴയ കരുണാകരൻ – ആൻ്റണി യുഗത്തിലേതു പോലെ വിഴുപ്പലക്കൽ തുടങ്ങിയാൽ പിന്നെ രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കാൻ മറ്റു പാർട്ടികളുടെ സമരത്തിന്റെ ആവശ്യവും ഉണ്ടാകില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top