പിരിച്ചു വിട്ടാലും തീരാത്ത നാണക്കേടിൽ സർക്കാരും പാർട്ടിയും; ഡാമേജ് കൺട്രോൾ മൂഡിൽ സിപിഎം

കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനുണ്ടായ കസ്റ്റഡി മർദനത്തിന് നേതൃത്വം നൽകിയ നാല് പോലീസ്കാരെ പിരിച്ചു വിടുമെന്ന സൂചനയാണ് സിപിഎം നൽകുന്നത്. നാടാകെ പോലീസ് അതിക്രമ വാർത്തകൾ ഒന്നിന് പിറകെ വരുന്ന ഘട്ടത്തിൽ സർക്കാരിനും പാർട്ടിക്കും പിരിച്ചു വിടൽ അല്ലാതെ മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിനുണ്ടായിട്ടുണ്ട്. അതിൻ്റെ സൂചനകളാണ് ഇ പി ജയരാജൻ, എം വി ജയരാജൻ എന്നീ നേതാക്കൾ പരസ്യ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.

പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ മുഖം സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം പാർട്ടിയെ അലട്ടുന്നുണ്ട്. പ്രത്യേകിച്ചും എൽഡിഎഫ് ഭരണകാലത്ത് സിപിഎമ്മുകാർക്കു പോലും പോലീസ് മർദ്ദനത്തിൽ നിന്ന് രക്ഷയില്ലെന്ന കഥകൾ പുറത്തു വന്നത് മുന്നണിക്കും പാർട്ടിക്കും വലിയ ക്ഷീണമായി. ലോക്കൽ സെക്രട്ടറിക്കു പോലും സ്റ്റേഷനുള്ളിൽ വെച്ച് അടി കിട്ടിയെന്ന വാർത്ത സർക്കാരിനും പാർട്ടിക്കും വല്ലാത്ത നാണക്കേടായി. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഇതൊക്കെ എന്ന പതിവ് ക്യാപ്സ്യൂൾ ഇറക്കാനുമാവാത്ത സ്ഥിതിയുണ്ട്. മർദ്ദനങ്ങൾ സംബന്ധിച്ച പരാതികൾ കിട്ടിയിട്ടും മുഖ്യമന്ത്രിയോ ഉയർന്ന ഉദ്യോഗസ്ഥരോ കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതാണ് ജനരോഷമുയരാൻ കാരണമെന്ന തിരിച്ചറിവും പാർട്ടിക്കുണ്ട്.

Also Read : പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ; റാപ്പർ ഇന്ന് പൊലീസിന് മുന്നിൽ

കുറ്റക്കാരായ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിൽ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ലെന്ന പരാതി വ്യാപകമാണ്. സിപിഎം- ഡിവൈഎഫ്ഐ- എസ്എഫ് ഐ നേതാക്കളുടെ പരാതികൾ സൂചിപ്പിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അലംഭാവത്തെക്കുറിച്ചാണ്. പി ശശിയെ പോലീസ് ഭരണം ഏൽപ്പിച്ചിട്ടും സ്ഥിതി തഥൈവ എന്ന മട്ടാണ്. കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ കുറ്റക്കാരായ 114 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടുവെന്നാണ് പാർട്ടിയും സർക്കാരും അവകാശപ്പെടുന്നത്. ക്രിമനൽ കേസിൽ ഉൾപ്പെട്ട 828 പേർ സേനയിലുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നല്കിയ മറുപടിയിൽ പറയുന്നത്.

കുറ്റാരോപിതരായ പോലീസുകാരുടെ വീടുകളിലേക്കുള്ള കോൺഗ്രസുകാരുടെ പ്രതിഷേധജാഥകൾക്ക് നാട്ടുകാർക്കിടയിൽ സ്വീകാര്യത ലഭിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരാതികൾ ഉയർന്നിട്ടും കുറ്റക്കാരെ സർക്കാർ സംരക്ഷിച്ചു നിർത്തിയെന്ന തോന്നൽ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. പാർട്ടിയുടെ ന്യായീകരണങ്ങൾ കൊണ്ടൊന്നും സംഭവിച്ച ഡാമേജുകൾ പരിഹരിക്കാനാവില്ല. അത്രമേൽ പോലീസും സർക്കാരും നാറിപ്പുഴുത്ത് നാമാവശേഷമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top