ശബരിമലയിൽ ന്യായീകരണങ്ങൾ മാറ്റിപിടിക്കേണ്ട അവസ്ഥയിൽ സിപിഎം; ജയകുമാറിനെ കൊണ്ടുവന്നതും ഗുണവും ചെയ്യില്ല

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിർണായക ഘട്ടത്തിലെത്തി നിൽക്കെ ശബരിമല സ്വർണപ്പാളി മോഷണക്കേസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിയമനടപടികൾ സിപിഎം നേതൃത്വത്തിൻ്റെ ഉറക്കം കെടുത്തുന്നു. ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍.വാസുവിന്റെ അറസ്റ്റ് ഉണ്ടാക്കിയ രാഷ്ട്രിയക്ഷീണത്തിൽ നിന്ന് കരകയറാൻ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇനി പാർട്ടിക്കും മുന്നണിക്കും കഴിയില്ല. വിവാദത്തിൽ നിന്ന് മുഖം രക്ഷിക്കാൻ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കി കെ ജയകുമാറിനെ ബോർഡിൻ്റെ തലപ്പത്തേക്ക് കൊണ്ടുവന്നതിൻ്റെ മെച്ചവും ഇനിയൊന്നും കിട്ടാനില്ല എന്ന സ്ഥിതിയായി. പൊലീസ് നടപടികളിൽ ഇടപെടാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടിയും സർക്കാരും.
Also Read: ജുഡീഷ്യൽ പദവിയിൽ നിന്ന് ജയിലിലേക്ക്… ഉഗ്രപ്രതാപിയായി വാണ വാസു വീണതോടെ വിയർത്ത് സിപിഎമ്മും സർക്കാരും
ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണം ആയതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോ അറിവോ ഇല്ലാതെയായിരുന്നു അറസ്റ്റ്. ഇത് സിപിഎം ക്യാമ്പുകളില്‍ വല്ലാത്ത ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ പാര്‍ട്ടിയെ ബന്ധിപ്പിക്കാന്‍ ഒന്നുമില്ലെന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന സിപിഎമ്മിന് ഇനി അത്തരം ന്യായീകരണങ്ങളെല്ലാം മാറ്റിപ്പിടിക്കേണ്ട സ്ഥിതിയായിരിക്കുന്നു. വിഷയത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എങ്കിലും യുഡിഎഫും ബിജെപിയും ശബരിമല ശക്തമായ ആയുധമായി ഉയര്‍ത്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
വാസുവിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഈ നിര്‍ണ്ണായക ഘട്ടത്തിലാകുമെന്ന് പാര്‍ട്ടിയോ സര്‍ക്കാരോ കരുതില്ല. സിപിഎം രാഷ്ട്രീയ നിയമനമായി നൽകിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയിലിരുന്ന് നടത്തിയ എന്തിൻ്റെയെങ്കിലും പേരില്ല ഇപ്പോഴത്തെ അറസ്റ്റ്, മറിച്ച് ക്രമക്കേടുണ്ടായ കാലത്തെ ദേവസ്വം കമ്മിഷണര്‍ എന്ന നിലയിലാണ് ഈ നടപടി എന്നുള്ള വിശദീകരണമാണ് ഇപ്പോള്‍ പാർട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നത്. അതുകൊണ്ട് പാര്‍ട്ടിയെ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നും ഇന്നലെ മുതല്‍ നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ശബരിമലയിലെ കള്ളൻ ആരായാലും പിടിയിലാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും ആവര്‍ത്തിക്കുന്നുണ്ട്.
Also Read: ഐഎഎസ് പ്രതിച്ഛായയിൽ മുഖം മിനുക്കാൻ സർക്കാർ; കെ ജയകുമാർ ദേവസ്വം തലപ്പത്തേക്ക്
ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെങ്കിലും ഇതുവരെ അറസ്റ്റിലായവരൊക്കെ കോണ്‍ഗ്രസ്, ബിജെപി സംഘടനാ നേതാക്കള്‍ എന്ന നിലയില്‍ അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും നടന്നിരുന്നത്. ഇടതു അനുകൂല ഹാന്റിലുകള്‍ സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ശബരിമല സ്വര്‍ണ്ണപാളി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തു നിന്നും ഉയര്‍ന്നുവന്നിരുന്ന ആരോപണങ്ങളെ സിപിഎം പ്രത്യക്ഷത്തിൽ തന്നെ പ്രതിരോധിച്ചിരുന്നതും ഇത് ഉയര്‍ത്തിക്കാട്ടിയുമായിരുന്നു.
എന്നാല്‍ ദേവസ്വം കമ്മിഷണര്‍ എന്ന നിലയിലേക്ക് വാസുവിൻ്റെ വലുപ്പമോ സ്വാധീനമോ ഒന്നും കുറച്ചുകാണിക്കാൻ സിപിഎമ്മിന് കഴിയില്ല എന്നതാണ് വസ്തുത. പാര്‍ട്ടിയുടെയും, മുഖ്യമന്ത്രിയുടെ തന്നെയും വിശ്വസ്തനും, പഞ്ചായത്ത് പ്രസിഡൻ്റുമൊക്കെ ആയിരുന്നു വാസു. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ബോര്‍ഡിനെ നിയന്ത്രിച്ചിരുന്നത് പോലും അദ്ദേഹമാണ്. അതുകൊണ്ടുതന്നെ ലളിതമായി ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കൈകഴുകാനാവില്ല. വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് രജിസ്റ്ററില്‍ ചെമ്പുപാളിയെന്ന് എഴുതിയത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ടുള്ള ന്യായീകരണത്തിന് സിപിഎം നന്നായി വിയർക്കും.
ഇത് ഇതിനകം തന്നെകോണ്‍ഗ്രസും ബിജെപിയും ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റിയിട്ടുമുണ്ട്. ഇപ്പോഴും ഇക്കാര്യത്തില്‍ ഇരുകക്ഷികളും പ്രതിഷേധ പ്രകടനങ്ങളും മറ്റും ശക്തിയായി നടത്തുകയുമാണ്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിന് ഉപരിയായി നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് ഈ വിഷയം കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് ഇരുകക്ഷികളുടെയും ഭാഗത്തു നിന്നുള്ളതും. കുറേക്കൂടി വിശാലമായി ദേശവ്യാപക പ്രചാരണമായി ഇതിനെ മാറ്റാനാണ് ബിജെപിയുടെ നീക്കം. വരുന്ന സീസണില്‍ ഭക്തരുടെ ഒരുകോടി കത്ത് പ്രധാനമന്ത്രിക്ക് അയച്ച് ദേശീയതലത്തില്‍ ഇതൊരു വലിയ വിഷയമായി നിലനിര്‍ത്തുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധി വന്ന സമയത്ത് ഉണ്ടായതു പോലെയുള്ള പ്രതിഷേധവും മറ്റും ശക്തമാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസും അതുതന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. വിഷയം ഈ നിലയില്‍ പോകുന്നത് ഇപ്പോള്‍ ഇടതുമുന്നണിയെ പിന്തുണച്ചു കൊണ്ടിരിക്കുന്ന എന്‍എസ്എസിനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ്. പ്രത്യേകിച്ചും സർക്കാർ അനുകൂല നിലപാടിൻ്റെ പേരിൽ സംഘടനക്കുള്ളിൽ നിന്ന് തന്നെ സുകുമാരൻ നായർ അടക്കമുള്ളവർക്ക് കടുത്ത വിമർശനമേറ്റ പശ്ചാത്തലത്തിൽ. അന്വേഷണം പുരോഗമിക്കുന്നതോടെ ഇനിയും നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here