ഗുരുവായൂരപ്പന്റെ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കണ്ണന്റെ ‘മഞ്ചാടിക്കുരു’ പോലും അടിച്ചു മാറ്റി

ശബരിമലയില്‍ മാത്രമല്ല ഗുരുവായൂര്‍ ക്ഷേത്രത്തിലും തീവെട്ടിക്കൊള്ളയെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ട്. കടകംപള്ളി സുരേന്ദ്രന്‍ കടകംപള്ളിദേവസ്വം മന്ത്രിയായിരുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ ക്രമക്കേടുകളും സാമ്പത്തിക നഷ്ടവും നടന്നതായാണ് 2019-20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കാണിക്കയായി ലഭിക്കുന്ന സ്വര്‍ണത്തിനും വെളളിക്കും കൃത്യമായ കണക്കില്ല. എന്തിനധികം പറയുന്നു, കാണിക്കയായി ലഭിച്ച മഞ്ചാടിക്കുരു പോലും അടിച്ചു മാറ്റിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചത്.
ALSO READ : യോഗദണ്ഡ് സ്വർണം പൂശിയതിന് പിന്നിൽ സ്വകാര്യ ഇടപെടലോ? ശബരിമലയിൽ നിയമം നോക്കാനാളില്ലേ?
ഭഗവാന് കാണിക്കയായി ലഭിച്ച ചാക്കുകണക്കിന് മഞ്ചാടിക്കുരുവാമ് അപ്രത്യക്ഷമായത്. വിവാദ ഉദ്യോഗസ്ഥനായിരുന്ന എസ്‌വി ശിശിര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന കാലത്തെ കണ്ടെത്തലുകളാണ് 1978-ലെ ഗുരുവായൂര്‍ ദേവസ്വം ആക്ടിലെ സെക്ഷന്‍ 24 പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും വെള്ളിയും കാണിക്കയായി ലഭിക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കൊന്നും സൂക്ഷിക്കാറില്ല. രജിസ്റ്ററില്‍ അവ രേഖപ്പെടുത്താറുമില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.
പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്
സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിപ്പുള്ള വസ്തൂക്കളുടെ ഭൗതിക പരിശോധന നടത്തുന്നില്ല
1978 ലെ ഗുരുവായുര്‍ ദേവസ്വം നിയമം സെക്ഷന്‍ (102) പ്രകാരം ദേവസ്വം ഫണ്ടുകളുടേയും വിലപിടിപ്പുള്ള വസ്തു വകകുളുടേയും കൈകാര്യവും സൂക്ഷിപ്പും ദേവസ്വം മാനേജിംഗ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. 1980ലെ ഗുരുവായുര്‍ ദേവസ്വം ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം അഡ്മിനിസ്‌ട്രേറ്റര്‍ ക്ഷേത്രത്തിലെ ആഭരണങ്ങള്‍. സ്വര്‍ണ്ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ പരിപാലിക്കേണ്ടതാണ്. ചട്ടം 12(6) പ്രകാരം ദേവസ്വം മാനേജിംഗ് കമ്മിറ്റി ദേവസ്വത്തിലെ ആഭരണങ്ങളുടേയും, സ്വര്‍ണ്ണം മുതലായ ജംഗമവസ്തുക്കളുടേയും വാര്‍ഷിക ഭൗതിക പരിശോധന നടത്തി റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജൂണ്‍ 30 നകം ദേവസ്വം കമ്മിഷണര്‍ക്ക് അയക്കേണ്ടതുമാണ്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ 27.10.2009ലെ ബി-5299/2009 ഉത്തരവ് പ്രകാരം സ്വര്‍ണ്ണം, വെള്ളി മുതലായവയുടെ വാര്‍ഷികപരിശോധന നടത്തുന്നതിന് ചീഫ് ഫിനാന്‍സ് & അക്കൗണ്ട്സ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേവസ്വത്തിന്റെ ഓഡിറ്റ് പുരോഗതി അവലോകനം നടത്തുന്നതിനായി ബഹു, ദേവസ്വം കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ 20.05. 2019 ല്‍ നടത്തിയ യോഗത്തിലെ തീരുമാനം നമ്പര്‍ 6 പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ സംബന്ധിച്ച് ദേവസ്വം നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ചീഫ് ഫിനാന്‍സ് & അക്കാണ്ട്‌സ് ഓഫീസറുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ് എന്നും വെള്ളിയുടെ കാര്യത്തിലും ഭാതികപരിശോധന ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുമാണെന്നും നിര്‍ദേശിച്ചട്ടുണ്ട്.
10-12- 2020 ല്‍ നടന്ന യോഗത്തിലെ തീരുമാനം നമ്പര്‍ 3 പ്രകാരവും വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതികപരിശോധന നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ചീഫ് ഫിനാന്‍സ് & അക്കൗണ്ട്സ് ഓഫീസറോട് ആവശ്യപ്പെടിട്ടുണ്ട്. ദേവസ്വത്തിലെ സ്വര്‍ണ്ണം, വെള്ളി മൂതലായ വസ്തുവകകളുടെ പത്രിക ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഈ ഓഫീസില്‍ നിന്നും കത്ത് നല്‍കിയിരുന്നു എങ്കിലും ആയത് ലഭ്യമാക്കുകയുണ്ടായില്ല.
ഒരു മാനദണ്ഡവും പാലിക്കുന്നില്ല എന്നും കൃത്യമായ ഓഡിറ്റിംഗും പരിശോധനയും നടക്കാത്തതു കൊണ്ട് വന്‍തോതില്‍ വരുമാന ചോര്‍ച്ചയും അമൂല്യ വസ്തുക്കളുടെ മോഷണവും നടക്കുന്നു എന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

പടിഞ്ഞാറെ ഗോപുരത്തില്‍ സൂക്ഷിച്ചിരുന്ന 17 ചാക്ക് മഞ്ചാടിക്കുരു കാണാതായതാണ് റിപ്പോര്‍ട്ടിലെ പ്രധാന മറ്റൊരു കണ്ടെത്തല്‍. കിലോയ്ക്ക് 100 രൂപ നിരക്കില്‍ ലേലം ചെയ്‌തെങ്കിലും ലേലമെടുത്തയാള്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇവിടെ സൂക്ഷിച്ചിരുന്ന മഞ്ചാടിക്കുരു, 2019 ഡിസംബര്‍ 28-ന് ദേവസ്വം ട്രാക്ടറില്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ കയറ്റിക്കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. സ്ഥലസൗകര്യം ഒരുക്കുന്നതിനായി ഇവ വൈജയന്തി ഗോഡൗണിലേക്ക് മാറ്റിയെന്നാണ് അസിസ്റ്റന്റ് മാനേജര്‍ക്ക് ലഭിച്ച വിശദീകരണം.

എന്നാല്‍, പിന്നീട് ഈ മഞ്ചാടിക്കുരുവിന് എന്തുസംഭവിച്ചുവെന്ന് രേഖകളില്‍ വ്യക്തമല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇവ പിന്നീട് ലേലത്തില്‍ ഉള്‍പ്പെടുത്തിയോ നഷ്ടപ്പെട്ടോ എന്നതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ ദേവസ്വം അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് നല്‍കിയ അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. മുന്‍ മന്ത്രിയുടെ കാലത്ത് നടന്ന കൂടുതല്‍ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here