കത്തു ചോര്‍ച്ചയിൽ എൽഡിഎഫിൽ അസ്വസ്ഥത; സിപിഎമ്മിലെ പുതിയ വിഭാഗീയത മൂന്നാംടേം കളയുമെന്ന ആശങ്കയില്‍ ഘടകകക്ഷികള്‍

തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്ത് വിവാദങ്ങളെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയിൽ ഇടതുമുന്നണിയില്‍ കടുത്ത അതൃപ്തി. സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് സ്വകാര്യവ്യക്തി നല്‍കിയ കത്തു ചോര്‍ന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മുന്നണിയെ വല്ലാത്ത ഗതികേടിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിനെതിരെ ഊർജിത പ്രചാരണം തുടങ്ങിവയ്ക്കേണ്ടതും, സര്‍ക്കാരിന്റെ ജനോപകാര പരിപാടികൾ ജനങ്ങളില്‍ എത്തിക്കേണ്ടതുമായ ഈ സമയത്ത് ഇത്തരം വിവാദങ്ങളെ പ്രതിരോധിക്കേണ്ടി വരേണ്ടത് വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന വികാരം മുന്നണിയില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ ഇതിനെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നാണ് സി.പി.എം ഘടകകക്ഷികളോട് പറയുന്നത്. സി.പി.എമ്മിന്റെ ഈ വിശദീകരണത്തിൽ ഘടകകക്ഷികള്‍ക്ക് വിശ്വാസം പോരാ. മൂന്നാം തവണയും ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുപോകുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണകരമല്ല എന്നുതന്നെ അവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി പാർലമെൻ്റ് സീറ്റുപിടിച്ച തൃശൂരിലെ വോട്ടുക്രമക്കേടും മറ്റും സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരുന്ന ഈ സമയത്ത് ഇത്തരം ആരോപണം പൊട്ടിവീണത് പ്രസക്തമായ അത്തരം വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിഞ്ഞുപോകാൻ ഇടയാക്കും. ഇത് വലിയതോതിൽ തിരിച്ചടിക്കുമെന്ന് എല്ലാവർക്കും ആശങ്കയുണ്ട്.

Also Read: സുരേഷ് ഗോപി വാതുറക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ; കത്ത് വിവാദത്തിൽ ഉരുണ്ടുകളിച്ച് സിപിഎം

ഘടകകക്ഷികളോട് വിശദീകരിക്കുന്നത് പോലെയല്ല സി.പി.എമ്മിനുള്ളിലെ കാര്യം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടാണ് ഈ വിവാദം പൊട്ടിച്ചതിൽ വല്ലാത്ത ആശങ്കയുണ്ട്. രാഷ്ട്രീയ വിവാദങ്ങളെ ചെറുക്കാമെങ്കിലും, ഇതിനെ ആയുധമാക്കി കേന്ദ്ര ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയാൽ പ്രതിരോധിക്കാന്‍ സമയം കിട്ടില്ലെന്ന ചിന്ത എല്ലാ തലത്തിലുമുണ്ട്. അതുകൊണ്ടുതന്നെ ഈ നിലയില്‍ പോകാതെ ഇത് അവസാനിപ്പിക്കാൻ നടപടിയുണ്ടാകണം എന്നാണ് പാർട്ടിയിലെ വികാരം. പാര്‍ട്ടി നേരിട്ട് ഇറങ്ങിയില്ലെങ്കിലും സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ഈ ആരോപണത്തിന്റെ മുനയൊടിക്കാൻ ശ്രമിക്കുന്നുണ്ട്.

Also Read: കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ഭാര്യ ; ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; തോമസ് ഐസക്ക് സഹായിച്ചു

അതേസമയം ഈ വിവാദത്തെ പാര്‍ട്ടി നേതൃത്വം ഈ വിവാദത്തെ പൂര്‍ണ്ണമായും തള്ളുകയാണ്. പിന്നില്‍ ശക്തമായ ഗൂഢാലോചനയാണ് സംശയിക്കുന്നത്. ചോർന്ന കത്ത് മുൻപ് പാർട്ടിക്ക് നൽകിയ മുഹമ്മദ് ഷർഷാദിനെ തന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ആദ്യ തന്ത്രം. അദ്ദേഹം പി.ബിക്ക് നല്‍കിയെന്ന് പറയുന്ന കത്തില്‍ മുന്‍പ് അദ്ദേഹം തന്നെ ഉന്നയിച്ച ചില ആരോപണങ്ങള്‍ അല്ലാതെ വ്യക്തമായ ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ ഇതൊക്കെ പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പുറത്തുവന്നതിന് പിന്നിലും ഇയാളെ തന്നെയാണ് സംശയിക്കുന്നത്.

Also Read: സിപിഎമ്മില്‍ എംവി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളോ? ജോതിഷി വിവാദത്തിന് പിന്നാലെ കത്ത് ചോര്‍ത്തല്‍ ആരോപണം; പാര്‍ട്ടിയുടെ അടിവേരറക്കും

ഇതേ ഷർഷാദ്, അയാൾക്കെതിരെ ഡൽഹി കോടതിയിൽ കോടതിയില്‍ മാനനഷ്ടകേസ് നല്‍കിയിട്ടുള്ള യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയെ ബന്ധപ്പെടുത്തി മുന്‍പും വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. നടൻ മമ്മൂട്ടിയെയും അതിലേക്ക് വലിച്ചിഴച്ച് വലിയ സൈബർ ആക്രമണത്തിന് വഴിവച്ചിരുന്നു. തൻ്റെ ഭാര്യയുമായി കേസ് നടത്തുന്ന ഷർഷാദ്, അവർ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ മമ്മൂട്ടിക്കെതിരെ മമ്മൂട്ടിക്കെതിരെ തിരിഞ്ഞതെന്നും ഇങ്ങനെയെല്ലാം അയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും ഉള്ള ഭാഷ്യമാണ് സിപിഎം തൽക്കാലം പുറത്തുവിടുന്നത്.

Also Read: ചോർന്ന കത്ത് സിപിഎമ്മിനെ വല്ലാതെ വേട്ടയാടും; ഇടനിലക്കാരന്‍ നേതാക്കളുമൊത്ത് വ്യാപക തട്ടിപ്പുകള്‍ നടത്തിയെന്ന ഷർഷാദിൻ്റെ ആക്ഷേപം ഞെട്ടിക്കുന്നത്

പരാതിക്കാരന്റെ മുന്‍ ബന്ധങ്ങളും അദ്ദേഹത്തിന് പിന്നിലുള്ളവരെയും ചൂണ്ടിക്കാട്ടി വലിയ രാഷ്ട്രീയ ഗൂഢാലോനയുണ്ടെന്ന് സിപിഎം ഉന്നയിക്കും. തൃശൂരില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തത് ഉള്‍പ്പെടെ ബി.ജെ.പിക്കെതിരെ ആരോപണങ്ങള്‍ ശക്തമാക്കി കൊണ്ടുവരുന്ന സമയത്ത് പൊടുന്നനെ വിവാദം സൃഷ്ടിക്കപ്പെട്ടത് സംശയകരമാണ്. ആ വിഷയം പൊതുശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തി സി.പി.എമ്മിനെ പ്രതിസ്ഥാനത്താക്കാനുള്ള നീക്കമാണ് ഇത്. ഷർഷാദിൻ്റെ രാഷ്ട്രീയലക്ഷ്യങ്ങളും അദ്ദേഹത്തിന്റെ മുന്‍ ബന്ധങ്ങളും പരിശോധിക്കണമെന്ന ആവശ്യവും പാർട്ടി ഉയർത്തും. ഇതുവരെയും അത്തരമൊന്നും കൃത്യമായി ഒത്തുവന്നിട്ടില്ല എന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ മൌനം വ്യക്തമാക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top