എന്‍എസ്എസ് ഒപ്പം നിന്നാലും തമ്മിലടിച്ച് നശിച്ചാലും നേട്ടം മാത്രം; ഉദിഷ്ടകാര്യം സാധിച്ച് സിപിഎം

ആഗോള അയ്യപ്പസംഗമത്തെതുടര്‍ന്ന് എന്‍എസ്എസില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഉള്ളാലെ സന്തോഷിച്ച് സിപിഎമ്മും ഇടതുമുന്നണിയും. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒപ്പം നിന്നാലും നേട്ടം, അവര്‍ക്കുള്ളില്‍ ഭിന്നത ഉണ്ടായാലും ലാഭം എന്നതാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതേസമയം ആഗോള അയ്യപ്പസംഗമത്തെ തുടര്‍ന്ന് കേരള രാഷ്ട്രീയ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയായി തുടരുകയുമാണ്.
വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനു മേൽ കുതിര കയറണ്ട; സുകുമാരൻ നായർക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ
ആഗോള അയ്യപ്പസംഗമത്തെതുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇടതുമുന്നണിയെ പുകഴ്ത്തിയതും പിന്തുണ പ്രഖ്യാപിച്ചതും സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കമായിരുന്നു. എക്കാലവും, പ്രത്യേകിച്ച് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിലേറെയായി ഇടതുപക്ഷത്തിന് എതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ ഈ മനംമാറ്റം പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി എന്‍എസ്എസിനുള്ളില്‍ തന്നെ ചില പൊട്ടലും ചീറ്റലും തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടതില്ല എന്ന നിലപാടിലാണ് സദുമായ നേതൃത്വം. നേരത്തെ ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായി ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്യമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിലപാട് പ്രഖ്യാപിച്ചപ്പോഴും ഇതേയവസ്ഥ ഉണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്നും പലരും സംഘടനയില്‍ നിന്നും രാജിവച്ചു. കോലങ്ങള്‍ കത്തിച്ചു. പരസ്യ പ്രതികരണങ്ങൾ നടത്തി. അതുകൊണ്ടൊന്നും സംഘടനയ്ക്ക് ഒന്നും സംഭവിക്കില്ല എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ ഇടതുമുന്നണിയെ എതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധം പോലെയല്ല അവരെ അനുകൂലിക്കുമ്പോള്‍ സമുദായത്തിൽ നിന്നുയരുന്ന എതിര്‍സ്വരങ്ങൾ എന്ന അഭിപ്രായം സംഘടനാ നേതൃത്വത്തിൽ ശക്തമാണ്. ആദ്യകാലങ്ങളില്‍ കരയോഗങ്ങളുടെ തലപ്പത്ത് സിപിഎമ്മിന്റെ പ്രതിനിധികള്‍ ബോധപൂര്‍വ്വം തന്നെ കടന്നുവന്നിരുന്നു. എന്നാല്‍ പിന്നീട് അത് തുടർന്നില്ല. എന്നാല്‍ അടുത്തകാലത്തായി എന്‍എസ്എസിന്റെ കരുത്തായ കരയോഗങ്ങളില്‍ പലതിന്റെയും നേതൃത്വം ബോധപൂര്‍വ്വം തന്നെ ബിജെപി പിടിച്ചെടുത്ത സംഭവങ്ങളുണ്ട്. അവരുടെ സ്വാധീനം കരയോഗങ്ങളിലാകെ വ്യാപിപ്പിക്കാൻ ഈ മാര്‍ഗ്ഗമാണ് അവര്‍ സ്വീകരിച്ചത്. മാത്രമല്ല അത്തരം കരയോഗങ്ങളില്‍ സിപിഎം അംഗങ്ങളോ അനുഭാവികളോ ആണെന്ന് ബോധ്യമുള്ളവര്‍ക്ക് അംഗത്വം പോലും നല്‍കിയതുമില്ല. ചുരുക്കത്തില്‍ കരയോഗങ്ങളില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ ബിജെപി പിടിച്ചെടുത്തിരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം.
അവരെക്കാളും കൂടുതല്‍ കരയോഗങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് അനുഭാവമുള്ളവരുടെ കൈകളില്‍ തന്നെയാണ് എന്നത് വസ്തുതയുമാണ്. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കരയോഗങ്ങള്‍ പോലെയല്ല, കോണ്‍ഗ്രസുകാര്‍ നേതൃത്വത്തിലുള്ള കരയോഗങ്ങളില്‍ എല്ലാവിഭാഗക്കാര്‍ക്കും അംഗത്വവും പ്രാധാന്യവും നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ കരയോഗങ്ങളുടെ തലപ്പത്ത് ഇടതുപക്ഷ അനുഭാവികളുടെ സ്വാധീനം വളരെ കുറവാണ്. ആ പശ്ചാത്തലത്തില്‍ നേതൃത്വം ഏകപക്ഷീയമായി രാഷ്ട്രീയ നിലപാടെടുത്ത് മുന്നോട്ടുപോയാല്‍ വലിയ തിരിച്ചടിയുണ്ടായേക്കും എന്നാണ് സമുദായ നേതൃത്വത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഇതിലെല്ലാം ഉള്ളാലെ ചിരിക്കുന്നത് ഇപ്പോൾ സിപിഎം മാത്രമാണ് എന്നതാണ് വസ്തുത. എന്‍എസ്എസ് നേതൃത്വം പിന്തുണച്ചത് കൊണ്ടും വലിയ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതില്‍ അവര്‍ക്ക് വ്യക്തതയുണ്ട്. എന്‍എസ്എസ് എതിര്‍ത്തിരുന്നപ്പോഴും പാര്‍ട്ടിക്കും മുന്നണിക്കും ഒരു കോട്ടവും ഉണ്ടായിട്ടുമില്ല. പൊതുവില്‍ നായര്‍ വിഭാഗത്തിലെ നല്ലൊരു ശതമാനം എല്ലായ്‌പ്പോഴും സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായ നിലപാടാണ് സ്വീകരിക്കാറുള്ളതും. തുടക്കം മുതല്‍ തന്നെ ഇടതുപക്ഷത്തെ എതിര്‍ത്ത ചരിത്രമാണ് എന്‍എസ്എസിനുള്ളതും. വിമോചനസമരം മുതല്‍ അത് പ്രകടവുമാണ്.
എൻഎസ്എസിന് ‘സമദൂരം’ വിട്ട് വേറെ കളിയില്ല; ബിജെപി പിന്തുണയെന്ന പ്രചരണം തെറ്റ്: സുകുമാരൻ നായർ
അതേസമയം ഇപ്പോഴത്തെ അനുകൂലനിലപാടിനെ അവര്‍ മറ്റൊരുതരത്തിലാണ് നോക്കി കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തില്‍ സിപിഎമ്മിന് മനസിലാക്കാന്‍ കഴിഞ്ഞത് എക്കാലവും ഒപ്പം നിന്ന ഭൂരിപക്ഷ സമുദായങ്ങള്‍ അകലുന്നു എന്നതാണ്. അമിതമായ ന്യൂനപക്ഷ, പ്രത്യേകിച്ച് മുസ്ലീം അനുകൂല നിലപാടുകള്‍ അതിന് കാരണമാകുന്നു എന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അത് ഒരുപരിധി വരെ മാറ്റിയെടുക്കാന്‍ എന്‍എസ്എസിന്റെ ഈ അനുകൂല നിലപാട് സഹായകരമാകും എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നേരത്തെ സംശയത്തോടെ നോക്കി കണ്ടിരുന്ന ഭൂരിപക്ഷം വിഭാഗങ്ങളുടെ മനസില്‍ നിന്നും ആ സംശയം അകറ്റാൻ എന്‍എസ്എസിന്റെ നിലപാട് ഉപകരിക്കും.
ശക്തിയുക്തം എതിര്‍ത്തിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തന്നെ സർക്കാരിനെ അനുകൂലിക്കുകയും ഇടതുപക്ഷം ആചാരം സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ അത് സമാനചിന്തയുള്ള സമുദായങ്ങള്‍ക്കിടയില്‍ അനുകൂലമായ ധ്രുവീകരണത്തിന് വഴിവയ്ക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. നായർ വോട്ട് വന്നാലും ഇല്ലെങ്കിലും, ഇത് നേട്ടമാകുമെന്ന് തന്നെയാണ് സിപിഎം വിലയിരുത്തുന്നു. മാത്രമല്ല എന്‍എസ്എസിന്റെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നതും ആഗോള അയ്യപ്പസംഗമത്തില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ട 28 സമുദായ സംഘടനകളും പങ്കെടുത്തതും ബിജെപി നടത്തിയ ബദല്‍ സംഗമം വര്‍ഗ്ഗീയവിഭജനത്തിനുള്ള ആയുധമായി മാറിയെന്ന വിമര്‍ശനവും ഗുണകരമായി എന്നുതന്നെയാണ് അവരുടെ വിലയിരുത്തല്‍.
‘ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻഎസ്എസിന് ഒന്നുമില്ല’… ഗണേഷ് കുമാർ
അതുകൊണ്ടുതന്നെ എൻഎഎസ്എസിനെ കേന്ദ്രീകരിച്ചുള്ള ഇപ്പോഴത്തെ വിവാദം ഏത് തരത്തിലേയ്ക്ക് നീങ്ങിയാലും ഗുണകരമാണെന്ന് തന്നെ സിപിഎം വിലയിരുത്തുന്നു. എന്‍എസ്എസ് നിലപാടില്‍ ഉറച്ചുനിന്നാല്‍ ഈ വിശ്വാസം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടും. അവര്‍ക്കുള്ളിലെ പടലപിണക്കങ്ങള്‍ ശക്തമായാല്‍ അതും തങ്ങള്‍ക്ക് ഗുണകരമാകുമെന്നും പഴയതുപോലെ കരയോഗങ്ങളില്‍ ശക്തമായ കടന്നുകയറ്റത്തിന് കഴിയുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ഈ വിഷയത്തില്‍ ശക്തമായ തിരിച്ചടി ഭയക്കുന്നത് കോണ്‍ഗ്രസാണ്. പ്രശ്‌നം എങ്ങനെ മറികടക്കാമെന്ന ചര്‍ച്ച ആ പാര്‍ട്ടിക്കുള്ളില്‍ സജീവവുമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here