നാവടക്കൂ പണിയെടുക്കൂ… നേതാക്കളെ ‘സെൻഷ്വർ’ ചെയ്യേണ്ട അവസ്ഥയിൽ സിപിഎം; തിരഞ്ഞെടുപ്പ് വർഷത്തിൽ കരുതലോടെ നീങ്ങാൻ മുന്നണി

നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും നേതാക്കളുടെയും മന്ത്രിമാരുടെയും വാവിട്ട വര്‍ത്തമാനങ്ങള്‍ സി.പി.എമ്മിനേയും ഇടതുമുന്നണിയേയും വല്ലാതെ അലട്ടുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് തലേന്ന് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാദപ്രസ്താവന നടത്തിയതെങ്കില്‍ ഇപ്പോള്‍ മറ്റൊരു പ്രസ്താവന നടത്തി പാര്‍ട്ടിയേയും മുന്നണിയേയും സര്‍ക്കാരിനേയും വെട്ടിലാക്കിയത് മന്ത്രി സജി ചെറിയാനാണ്. തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷം പോലുമില്ലാത്ത സാഹചര്യത്തില്‍ നേതാക്കളും മന്ത്രിമാരും ഉപയോഗിക്കുന്ന വാക്കുകളും നടത്തുന്ന പ്രസ്താവനകളും വളരെ ജാഗ്രതയോടെ ആകണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയും മുന്നണിയും.
ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ഒന്നടങ്കം ഒരുങ്ങിയിരിക്കെയാണ് ഇന്നലെ സജി ചെറിയാന്‍ വിവാദ പ്രസ്താവനയുമായി രംഗത്തു എത്തിയത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ട് സ്വകാര്യ ആശുപത്രിയില്‍ പോയി ജീവന്‍ രക്ഷിച്ചെടുത്തു എന്നര്‍ത്ഥം വരുന്ന തരത്തിലായിരുന്നു പ്രസ്താവന. ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളജുകള്‍ക്കുമെതിരെ നടക്കുന്ന കടുത്ത എതിര്‍പ്രചരണങ്ങളെ സര്‍ക്കാരും ഇടതുമുന്നണിയും ഒന്നുപോലെ പ്രതിരോധിക്കുമ്പോഴാണ് സജിചെറിയാന്റെ വിവാദ പരാമര്‍ശമെന്നത് കടുത്ത അതൃപ്തിക്ക് വഴിവച്ചിട്ടുണ്ട്.
തന്റെ പ്രസ്താവനയിലെ ഒരു ഭാഗം അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടാക്കുന്നതെന്ന് വിശദീകരിച്ച് അദ്ദേഹം രംഗത്തുവന്നെങ്കിലും ഉണ്ടാക്കിയ ഡാമേജ് പരിഹരിക്കാൻ അതിനായിട്ടില്ല.ആരോഗ്യ വകുപ്പിനെതിരെ നടക്കുന്ന നീക്കങ്ങളെ വിമര്‍ശിച്ച്, സര്‍ക്കാര്‍ ആശുപത്രികളില്‍ തങ്ങളും ചികിത്സയ്ക്ക് പോകാറുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് സജി ചെറിയാന്‍ വിവാദമാകാവുന്ന പരാമര്‍ശത്തിലേയ്ക്ക് കടന്നത്. പൂർണ രൂപത്തിൽ കേട്ടാൽ പ്രശ്‌നമില്ലെന്ന് തോന്നാമെങ്കിലും സര്‍ക്കാരിനേയും മുന്നണിയേയും രാഷ്ട്രീയമായി ആക്രമിക്കാൻ തയാറെടുത്തു നില്‍ക്കുന്നവര്‍ക്ക് ഇത് വലിയ ആയുധമായി എന്നാണ് സി.പി.എം നേതൃത്വം തന്നെ വിലയിരുത്തുന്നത്.
സാധാരണ നിലയിലായിരിക്കും നേതാക്കളും മന്ത്രിമാരും കാര്യങ്ങള്‍ വിശദീകരിക്കുന്നത് എങ്കിലും അതിനെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് എല്ലാവരും മനസിലാക്കണം എന്നാണ് മുന്നണി നേതൃത്വം വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് പല വിഷയങ്ങളിൽ മാധ്യമങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ. ഇത് കണക്കിലെടുത്ത് മന്ത്രിമാരും നേതാക്കളും എന്തു പറയുന്നുണ്ട് എങ്കിലും രണ്ടുവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷമായിരിക്കണം. കാണുന്നിടത്ത് വച്ചെല്ലാംമാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയേക്കും.
സജി ചെറിയാന്‍ മുന്‍പും സര്‍ക്കാരിനെ ഇത്തരത്തില്‍ പലതവണ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിവരദോഷം പറഞ്ഞതിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന വ്യക്തി കൂടിയാണ് അദ്ദേഹം. എന്നിട്ടും ഇപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ എവിടെ വച്ചും മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതി ഇദ്ദേഹത്തിനുണ്ട്. ഇതിനി ഒഴിവാക്കേണ്ടി വരും. ഇങ്ങനെ സര്‍ക്കാരിനെയും മുന്നണിയേയും വെട്ടിലാക്കുന്ന വാക്കുകള്‍ അദ്ദേഹത്തോളം വേറെയാരും നടത്തുന്നില്ല. ഇത് പാടില്ലെന്ന നിലപാട് ഘടകകക്ഷികള്‍ക്കുമുണ്ട്. കേരളത്തിലെ പൊതുജനാരോഗ്യ രംഗം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അഭിമാനിക്കുന്ന വേളയിലാണ് സജി ചെറിയാന്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.
പ്രതിപക്ഷം സമരം നടത്തുമ്പോഴും അത് സ്വകാര്യലോബിക്ക് വേണ്ടിയാണെന്ന വാദം ഉയര്‍ത്തിയാണ് സര്‍ക്കാരും രാഷ്ട്രീയനേതൃത്വവും അതിനെ ചെറുക്കുന്നത്. ഒരുപരിധിവരെ അത് പൊതുസമൂഹത്തില്‍ എത്തുന്നുമുണ്ട്. ആ സമയത്ത് ഒരു മന്ത്രി തന്നെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് സ്വകാര്യ ആശുപത്രിയില്‍ പോയി എന്ന് പറയുന്നത് ഉണ്ടാക്കാവുന്ന തിരിച്ചടി ചെറുതല്ല എന്നാണ് വിലയിരുത്തല്‍. മന്ത്രി ഏത് ഉദ്ദേശത്തോടെയാണ് പറഞ്ഞെങ്കിലും അതൊന്നുമല്ല സമൂഹത്തിലേക്ക് എത്തുന്നത്. പകരം സര്‍ക്കാരിനെതിരെ മന്ത്രി പോലും, എന്ന നിലയിലാണ് ഈ പ്രസ്താവന പ്രചരിക്കുന്നത്. ഇതിന് പരിഹാരം കാണാൻ ഏറെ പണിപ്പെടേണ്ടിയും വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here