അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ ഭരണകൂട വീഴ്ച; ഫയലുകള്‍ കെട്ടിക്കിടക്കുന്നു; പിണറായി സര്‍ക്കാരിനെ എടുത്തിട്ട് അലക്കി ജി സുധാകരന്‍

പത്തനംതിട്ട – അത്തിക്കയത്തെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ ഭരണകൂടം പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഉദ്യോഗസ്ഥരുടെ അഴിമതിക്കും അലംഭാവത്തിനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. സെക്രട്ടറിയേറ്റില്‍ 3.5 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ കുറ്റം സര്‍ക്കാരിന്റേതാണെന്ന രൂക്ഷ വിമര്‍ശനമാണ് സുധാകരന്‍ ഉയര്‍ത്തിയിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് മുതിര്‍ന്ന നേതാവിന്റെ ഈ നിലപാട്.

റാന്നി- അത്തിക്കയം സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന് 12 വര്‍ഷത്തെ ശമ്പള കുടിശിക കിട്ടാതെ വന്ന സാഹചര്യത്തില്‍ ഭര്‍ത്താവ് ഷിജോ ജീവനൊടുക്കിയ സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജി സുധാകരന്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിച്ചത്. ‘സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നു മേലധികാരികളോട് പറഞ്ഞിട്ടും പ്രയോജനമില്ലെങ്കില്‍ ഭരണകൂടം പരാജയപ്പെടുന്നു. ഫയലുകള്‍ താമസിപ്പിച്ചു തെറ്റായ തീരുമാനമെടുത്തവര്‍ക്കു ഭരണകൂടം അനുകൂലമാകുമ്പോള്‍ ആ ഉദ്യോഗസ്ഥരുടെ അഴിമതിയിലും അലംഭാവത്തിനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടെന്ന് വരുന്നു’ എന്നാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് സുധാകരന്‍ പറയുന്നത്.

നിയമ വിധേയമായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരില്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് തുലോം ചെറിയ വിഭാഗമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാഷ്ടീയക്കാര്‍ കാര്യമായ അഴിമതി നടത്തുന്നതെന്നും ഭരണകൂടമാണ് ഉത്തരവാദി എന്നും കുറ്റപ്പെടുത്തുന്നുണ്ട്. സുധാകരന്‍ ഇക്കഴിഞ ദിവസം ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ കഴിവില്ലായ്മ യെക്കുറിച്ചും പിടിപ്പുകേടിനെ കുറിച്ചും കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ചെറുപ്പക്കാരെ മന്ത്രിസഭയിലേക്കും പാര്‍ട്ടി തലപ്പത്തേക്കും കൊണ്ടുവന്നതിന്റെ ഗുണഫലങ്ങള്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ കാണാനില്ല. ഇവരുടെയൊന്നും പെര്‍ഫോര്‍മെന്‍സ് ശരാശരിക്കും മുകളില്‍ പോലുമല്ലെന്ന പരിഹാസവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top