‘കമ്മ്യൂണിസം വീടിന് പുറത്ത്’; അരയ്ക്ക് താഴേക്ക് തളര്‍ന്ന മകളെ പൂട്ടിയിട്ട് മര്‍ദിച്ച് സിപിഎം നേതാവായ അച്ഛന്‍; കാരണം മതം

സിപിഎം ഉദുമ ഏരിയ കമ്മിറ്റിയംഗം പിവി ഭാസ്‌കരനെതിരെ കടുത്ത ആരോപണവുമായി മകള്‍ സംഗീത. വാഹനാപകടത്തെ തുടര്‍ന്ന് അരക്ക് താഴേക്ക് തളര്‍ന്ന് കിടക്കുന്ന തന്നെ ചികിത്സ നിഷേധിച്ചും മര്‍ദിച്ചും പീഡിപ്പിക്കുന്നു എന്നാണ് വീഡിയോ സന്ദേശത്തില്‍ സംഗീത ആരോപിച്ചിരിക്കുന്നത്. ഇതരമതസ്ഥനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനങ്ങള്‍. മുസ്ലിം വിരോധം മൂത്ത് വീട്ടുകാര്‍ തന്നെ കൊല്ലുമെന്ന കടുത്ത ആരോപണവും സംഗീത ഉന്നയിച്ചിട്ടുണ്ട്.
കുടുംബം മുഴുവന്‍ ഈ പീഡനത്തിന് രംഗത്തുണ്ട്. വിവാഹമോചന സെറ്റില്‍മെന്റ് തുകയായി തനിക്ക് ലഭിച്ച മുഴുവന്‍ തുകയും പിതാവും സഹോദരനും ചേര്‍ന്ന് കൈക്കലാക്കി. ഇപ്പോള്‍ ഒരു ചികിത്സയും നല്‍കുന്നില്ല. തലയ്ക്ക് പലപ്പോഴായി അടിച്ചിട്ടുണ്ട്. പോയി ചാകാന്‍ പലതവണ ആവശ്യപ്പെട്ട് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത പറയുന്നു.
തന്റെ ഫോണ്‍ വീട്ടുകാര്‍ ബലമായി കൈക്കലാക്കിയിരിക്കുകയാണ്. തന്റെ പക്കലുള്ള ഒരു രഹസ്യ ഫോണ്‍ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചത്. ചികിത്സക്കായി എത്തിയ മുസ്ലിം യുവാവുമായാണ് സംഗീത പ്രണയത്തിലായത്. നാഡി വൈദ്യം പരീക്ഷിക്കാനായാണ് കുടുംബം യുവാവിനെ എത്തിച്ചത്. പരസ്പരം അടുത്തതോടെ വിവാഹം കഴിക്കണം എന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോയൊണ് പീഡനം തുടങ്ങിയത്.
കമ്മ്യൂണിസവും കാര്യങ്ങളെല്ലാം വീടിന് പുറത്ത് മതി, വീടിനകത്ത് അതൊന്നും നടക്കില്ല എന്നാണ് അച്ഛൻ പറഞ്ഞത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയും. കൊലക്കേസില്‍ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും ഭാസ്‌കരൻ പറഞ്ഞതായി സംഗീത ആരോപിക്കുന്നു. കൂടാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത തന്റെ അവസ്ഥയെ പിതാവ് പരിഹസിച്ചതായും യുവതി പറയുന്നുണ്ട്.
നേരത്തേയും വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ സംഗീത ശ്രമിച്ചിരുന്നു. സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ ഹര്‍ജി നിലനിന്നില്ല. താന്‍ തടങ്കലിലാണെന്ന വിവരം പൊലീസിനോട് പറയാന്‍ പോലും അവസരം ലഭിച്ചില്ല. പിതാവിന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പൊലീസ് തന്നോട് ഒരു വിവരവും ആരാഞ്ഞില്ല. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ ഇടപെടണമെന്നും ഇത് തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നും സംഗീത ആവശ്യപ്പെടുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here