യുവ നേതാവിന്റെ ശബ്ദരേഖയും വെളിപ്പെടുത്തലും സിപിഎമ്മിനെ ബാധിക്കില്ല; പതിവ് ന്യായീകരണത്തില്‍ എല്ലാം ഒതുക്കും എന്ന് ഉറപ്പ്

‘നേതാക്കള്‍ ഒരുഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുന്നു. സ്വരാജ് റൗണ്ടില്‍ കപ്പലണ്ടിക്കച്ചവടം ചെയ്തിരുന്ന എംകെ കണ്ണന് കോടാനുകോടിയുടെ സ്വത്തുണ്ട്. എസി മൊയ്തീന്‍ സമ്പന്നരുമായാണ് ഡീലിംഗ്‌സ് നടത്തുന്നത്’. ഇക്കഴിഞ്ഞ ദിവസം തൃശൂരിലെ സിപിഎം നേതാക്കള്‍ക്കെതിരെ പുറത്തുന്ന ശബ്ദരേഖയില്‍ പറയുന്ന വാക്കുകളാണിതെല്ലാം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് സഹപ്രവര്‍ത്തകനും ജില്ലാ കമ്മറ്റി അംഗവുമായ നിബിന്‍ ശ്രീനിവാസനുമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നടത്തിയ ഫോണ്‍ സംഭാഷണത്തിലെ ഭാഗങ്ങളാണ് പുറത്തവന്നത്.
കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ രണ്ട് പ്രമുഖ നേതാക്കളാണ് കണ്ണനും മൊയ്തീനും. വ്യാജരേഖകള്‍ സംഘടിപ്പിച്ച് കോടികള്‍ സിപിഎം നേതാക്കള്‍ ബാങ്കില്‍ നിന്ന് വായ്പയായും മറ്റും തരപ്പെടുത്തി എന്നാണ് ആരോപണം. കരിവന്നൂര്‍ മോഡലില്‍ നിരവധി ബാങ്കുകളാണ് തൃശൂര്‍ ജില്ലയില്‍ പൊളിഞ്ഞത്. ഒട്ടുമിക്കവയും സിപിഎം ഭരിക്കുന്നവയാണ്. കേന്ദ്ര ഏജന്‍സികള്‍ വലിയ ആവേശത്തോടെ അന്വേഷിച്ചെങ്കിലും ചില ഒത്തുകളിയുടെ ഭാഗമായി അതെല്ലാം ആവിയായിപ്പോയി. അന്വേഷണങ്ങള്‍ വെറും അന്വേഷണം മാത്രമായി. ഈ ഒത്തുകളിയുടെ ഭാഗമായാണ് സുരേഷ് ഗോപി തൃശൂരില്‍ നിന്ന് ജയിച്ചതെന്നും ആരോപണങ്ങളുണ്ട്.
എന്തായാലും ഇന്നലെ പുറത്തു വന്ന ശബ്ദരേഖ കരിവന്നൂര്‍ തട്ടിപ്പ് ഒരിക്കല്‍ കൂടി ചര്‍ച്ചാ വിഷയമാക്കുകയാണ്. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സികളുടെ പതിവ് അന്വേഷണ നാടകങ്ങള്‍, ചോദ്യം ചെയ്യല്‍, സ്വത്ത് കണ്ടുകെട്ടല്‍ ഒക്കെ വീണ്ടും നടന്നേക്കാം. ഒരുഘട്ടം കഴിയുമ്പോള്‍ സ്വിച്ചിട്ട പോലെ ഇതെല്ലാം നിലയ്ക്കും. സംസ്ഥാന ക്രൈംബ്രാഞ്ച് കൊണ്ടുപിടിച്ച് അന്വേഷിക്കുകയാണ് എന്നാണ് പറയുന്നത് . പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കാശ് നഷ്ടപ്പെട്ട പാവങ്ങള്‍ ആത്മഹത്യ ചെയ്തത് മിച്ചം. ഒട്ടേറെപ്പേര്‍ നിക്ഷേപിച്ച പണം തിരിച്ചു കിട്ടാന്‍ ഇപ്പോഴും ബാങ്കിന്റെ തിണ്ണ നിരങ്ങുകയാണ്.
സിപിഎമ്മില്‍ അനധികൃത സ്വത്ത് സമ്പാദനം ഇപ്പോള്‍ ഒരു വാര്‍ത്ത പോലും അല്ലാതായി കഴിഞ്ഞു. നേതാക്കളും അണികളും ഭരണത്തിന്റെ മറവിലും അല്ലാതെയും പണം വാരി കൂട്ടുന്നത് ഔദ്യോഗിക പാര്‍ട്ടി പ്രവര്‍ത്തനമായി. എന്ത് അധമപ്രവര്‍ത്തിയേയും ന്യായീകരിക്കുന്ന സംസ്‌കാരം പാര്‍ട്ടി വളര്‍ത്തി കൊണ്ടുവന്നതുകൊണ്ട് ഏത് ആരോപണവും ന്യായീകരിച്ച് സബൂറാക്കും. അതുകൊണ്ട് തന്നെ സ്വരാജ് റൗണ്ടില്‍ കപ്പലണ്ടി വിറ്റു നടന്ന കണ്ണന്‍ കോടാനുകോടിയുടെ സ്വത്ത് സമ്പാദിച്ചുവെന്ന യുവ നേതാവിന്റെ വെളിപ്പെടുത്തലില്‍ സിപിഎം നേതൃത്വത്തിന് പ്രത്യേകിച്ച് ഞെട്ടല്‍ ഉണ്ടാവാനിടയില്ല.
1996- 2001 കാലത്തെ നായനാര്‍ മന്ത്രിസഭയുടെ കാലം മുതലാണ് പാര്‍ട്ടിയും നേതാക്കളും അണികളും സ്വത്ത് വാരിക്കൂട്ടാന്‍ തുടങ്ങിയത്. 1996ലെ ചാരായ നിരോധനത്തിനു ശേഷം അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ ഒത്താശയോടെ ചെറുപ്പക്കാരും ഇടത്തരം നേതാക്കളും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്ത് നടത്തി പണക്കാരായി. സ്പിരിറ്റ് രാജാക്കന്മാരായ മണിച്ചന്‍, യമഹ സുരേന്ദ്രന്‍ തുടങ്ങിയവരൊക്കെ തഴച്ചു വളര്‍ന്നത് ഇക്കാലത്താണ്. അക്കാലത്ത് പുറത്തു വന്ന മദ്യ മുതലാളിമാരുടെ മാസപ്പടി കണക്കുകളില്‍ സിപിഎം നേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. അതെല്ലാം വെറും ആരോപണങ്ങളായി ഒതുങ്ങി.
മാധ്യമ പ്രവര്‍ത്തകനും സിപിഎം അംഗവുമായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിക്കുള്ളിലെ സ്വത്തുസമ്പാദന ആക്രാന്തത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. “ഇടത് മുന്നണിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം സ്ഥാനം സുപ്രധാനമാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരന്‍. പി ശശിയെ ഈ സ്ഥാനത്ത് നിയമിച്ചു. ദൈനം ദിന ഭരണകാര്യങ്ങള്‍ നായനാര്‍ ശ്രദ്ധിക്കാതെ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ പണം കൊടുത്ത് സ്വാധീനിക്കാവുന്ന നില സംജാതമായി. മണിച്ചന്‍ കേസിലെ സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ അന്നത്തെ നായനാര്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണ്. മണിച്ചനെപ്പോലെയുള്ള ഒരാള്‍ക്ക് വ്യാജമദ്യത്തിന്റെ വലിയൊരു സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ സാധിച്ചത് അന്നത്തെ ഭരണ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്‍ബലം കൊണ്ടാണ്. ഇതൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല’ എന്നാണ് ബര്‍ലിന്‍ എഴുതിയിരിക്കുന്നത്. (ഒളിക്യാമറകള്‍ പറയാത്തത് – പേജ് 19, 20, 21)
ഏറെ പഴകി നാറിയ അച്ചടക്ക മരുന്നു കഞ്ഞിയും ഒരിക്കലും ഒരു തെറ്റും തിരുത്താത്ത തെറ്റു തിരുത്തല്‍ രേഖയുമൊക്കെ കാണിച്ച് അണികളെ നിരന്തരം പറ്റിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന് ശരത് പ്രസാദിന്റെ വെളിപ്പെടുത്തല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഭരണഘടനാതീത ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതികളിലിരിക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസിലെ ഐജി ഹൈക്കോടതിയില്‍ എഴുതി കൊടുത്തിട്ട് അധിക കാലമായില്ല. ഭരണത്തിന്റെ തണലില്‍ സിപിഎം നേതാക്കളുടെ സ്വത്ത് സമ്പാദനം മുറപോലെ നടക്കുന്നുവെന്നതിന് തെളിവ് തേടി കവടി നിരത്തേണ്ട കാര്യമില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here