കോണ്‍ഗ്രസ് വേദികളിൽ സിപിഎം നേതാക്കൾ; നടക്കുന്നത് 2026 ലക്ഷ്യം വച്ചുള്ള യുഡിഎഫ് മാസ്റ്റർ പ്ലാനോ?

മുതിർന്ന സിപിഎം നേതാക്കൾ കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന രാഷ്ട്രീയ വേദികളിൽ പങ്കെടുപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയെ അനുസ്മരണ പ്രഭാഷണം നടത്തുന്നതിന് ക്ഷണിച്ചിരിക്കുന്നതാണ് അവസാന സംഭവം. പാർട്ടി വേദികളിൽ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനിൽക്കുകയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിട്ടു നിൽക്കുന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ വിശദീകരണം.

ഇലക്ഷൻ പൊളിറ്റിക്സിൽ സിപിഎമ്മിന്റെ സ്റ്റാർ ക്യാമ്പയിനറായിരുന്നു ഐഷാ പോറ്റി. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അയിഷ പോറ്റിയെ രംഗത്തിറക്കിയാണ് സി.പി.എം ആർ. ബാല കൃഷ്ണപിള്ളയിൽ നിന്ന് കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിച്ചത്. 2011ലും 2016 ലും അയിഷ പോറ്റിയിലുടെ സി.പി.എം മണ്ഡലം നിലനിർത്തി. മണ്ഡലം പിടിച്ചെടുത്ത അയിഷ പോറ്റി രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തിരുന്നു.

Also Read : ഭരണമാറ്റ സാധ്യതകള്‍ മുന്നില്‍ കണ്ട് സഭകള്‍ക്ക് ചാഞ്ചാട്ടം; യുഡിഎഫ് അനുകൂല നിലപാടിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം

2006ൽ 12,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അയിഷ പോറ്റി ബാലകൃഷ്‌ണപിള്ളയുടെ കുതിപ്പിന് തടയിട്ടത്. 2011ൽ കേരള കോൺഗ്രസ് ബിയിലെ ഡോ. എൻ. മുരളിയെ 20,592 വോട്ടുകൾക്ക് പരാജയപ്പെടു ത്തി. 2016ൽ 42,632 വോട്ടിന് കോൺഗ്രസിലെ സവിൻ സത്യനെ തോൽപിച്ച അയിഷ പോറ്റി മൂന്നാം തവണയും നിയമസഭാംഗമായി. നിലവിൽ സിപിഎമ്മുമായി അകലം പാലിക്കുകയും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്‌ത അയിഷ പോറ്റി ജനകീയായ രാഷ്രീയ നേതാവാണ്.

സിപിഎമ്മിൽ നിന്നും അകലം പാലിച്ചു നിൽക്കുന്ന ശക്തരായ നേതാക്കളെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന വാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കോൺഗ്രസ് വേദിയിലേക്കുള്ള ഐഷ പോറ്റിയുടെ കടന്നുവരവിന് വലിയ പ്രാധാന്യം ലഭിച്ചിരിക്കുകയാണ്.

Also Read : തദ്ദേശ തെരഞ്ഞെടുപ്പ് മരണക്കളി; തോറ്റാൽ കോൺഗ്രസ് കേരളത്തിൽ ഉണ്ടാകില്ല

നേരത്തെ, കോണ്‍ഗ്രസ് വേദിയിൽ സിപിഎം നേതാവ് പികെ ശശി പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. മണ്ണാര്‍ക്കാട് മേഖലയിൽ പികെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം നേരത്തെ തുടങ്ങിയതാണ്. ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരൽപ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായി. അതിനിടെയാണ് യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി എത്തിയത്.

മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി ഇടഞ്ഞുനിൽക്കുന്ന സിപിഎം നേതാക്കളെ തങ്ങളുടെ പക്ഷത്താക്കാനുള്ള ശ്രമങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട് എന്ന വാദങ്ങൾ ഇതോടെ ശക്തമായി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗത്തെയും തിരികെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന ചർച്ചകളും സജീവമാണ്. 2026ൽ വരാൻപോകുന്ന ഇലക്ഷൻ ലക്ഷ്യം വച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന സംഘടന വിപുലീകരത്തിന്റെ ഭാഗമായുള്ള നീക്കങ്ങളാണിവയെന്നുള്ള ചർച്ചകൾ സജീവമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top