സിപിഎമ്മില്‍ ജോതിഷ പ്രശ്‌നം; സമയം നോക്കാന്‍ അല്ല എംവി ഗോവിന്ദന്‍ പോയത്; വൈരുധ്യാത്മക ഭൗതികവാദത്തില്‍ തന്നെയെന്ന് എകെ ബാലന്‍

സംസ്ഥാന സമിതി കഴിഞ്ഞതോടെ സിപിഎംമ്മില്‍ പുതിയ വിവാദം. നേതാക്കള്‍ ജോത്സ്യനെ കാണാന്‍ പോകുന്നതായി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വൈരുധ്യാത്മക ഭൗതികവാദം പറയുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ നല്ല സമയം നോക്കാന്‍ ജോത്സ്യനെ കണ്ടോ എന്ന പരിഹാസ ചോദ്യമാണ് ഉയരുന്നത്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോതിഷി വിഷയം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തള്ളിയിരുന്നു. അങ്ങനെ ഒരു വിമര്‍ശനമേ ഉണ്ടായിട്ടില്ലെന്നാണ് സെക്രട്ടറി പറയുന്നത്.

ഇന്ന് മാധ്യമങ്ങളെ കണ്ട മുതിര്‍ന്ന നേതാവ് എകെ ബാലന്‍ ജോത്സ്യന്മാരുടെ വീടുകളില്‍ പോകുന്നതും അവരുമായി ബന്ധമുണ്ടാകുന്നതും സാധാരണയാണ് എന്നാണ് പ്രതികരിച്ചത്. അവരോട് സംസാരിച്ചതില്‍ എന്താണ് തെറ്റ്. ജ്യോതിഷന്മാരുടെ വീട്ടില്‍ കയറാന്‍ പാടില്ല എന്നില്ല. എല്ലാ ആള്‍ക്കാരുമായും സംസാരിക്കും, ബന്ധമുണ്ടാക്കും. അവരുമായി സൗഹൃദമുണ്ടാകും. അതിന്റെ അര്‍ഥം അവര്‍ രൂപപ്പെടുത്തുന്ന ആശയവുമായി യോജിക്കുന്നു എന്നുള്ളതല്ല. വൈരുധ്യാത്മക ഭൗതികവാദത്തില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും ബാലന്‍ പറഞ്ഞു.

ഒപ്പം ജോതിഷിയെ കണ്ടത് എംവി ഗോവിന്ദനാണെന്നും ബാലന്‍ വ്യക്തമാക്കി. സമയം നോക്കാനല്ല എംവി ഗോവിന്ദന്‍ പോയത്. ആ രീതിയില്‍ പാര്‍ട്ടിയിലെ ആരും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കവിടി നിരത്തിയ മുതിര്‍ന്ന നേതാവ് ആരെന്നതിലും വ്യക്തത വന്നിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top