പിഎം ശ്രീയിൽ കലിപ്പടങ്ങാതെ സിപിഐ; എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചെന്ന് പ്രകാശ് ബാബു

സംസ്ഥാന സർക്കാർ പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് സിപിഐ-സിപിഎം ഭിന്നത രൂക്ഷം. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ രൂക്ഷമായ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബിയുടെ മൗനം തങ്ങളെ വേദനിപ്പിച്ചുവെന്ന് പ്രകാശ് ബാബു തുറന്നടിച്ചു.
Also Read : സിപിഐയെ മെരുക്കാൻ പിണറായിക്കാകുമോ?; പിഎം ശ്രീയിൽ ഇനി മുഖ്യമന്ത്രിയുടെ അനുരഞ്ജന നീക്കം
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് ബാബു സിപിഎം ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. “ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എം എ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും എം എ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാൻ അറിയുന്ന ആളാണെന്നും” പ്രകാശ് ബാബു പറഞ്ഞു.
വിഷയം സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്യട്ടെയെന്ന എം എ ബേബിയുടെ നിലപാടിനോടും സിപിഐ അതൃപ്തി രേഖപ്പെടുത്തി. കേരളത്തിലെ സ്‌കൂളുകൾ നിലവിൽ മികച്ച നിലയിലായതിനാൽ പിഎം ശ്രീ പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനം നടത്തേണ്ട കാര്യമില്ലെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. വിമർശനങ്ങളോട് ഉടൻ പ്രതികരിക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഎം ദേശീയ നേതൃത്വം. നാളത്തെ സംസ്ഥാന നിർവാഹക സമിതി യോഗത്തിനുശേഷം ചർച്ചകളിലൂടെ വിഷയം പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here