മനോരമ -സിപിഎം കേസിന് കളമൊരുങ്ങി; പുതിയ ജനറൽ സെക്രട്ടറിയുടെ ഇടപെടലെന്ന് സൂചന

മലയാള മനോരമയും കമ്യൂണിസ്റ്റ് പാർട്ടിയും പരമ്പരാഗത വൈരികളാണ് എന്നാണ് പൊതുധാരണയെങ്കിലും ഇരുകൂട്ടർക്കുമിടയിൽ പലപ്പോഴും അന്തർധാരകൾ രൂപപ്പെടാറുണ്ട്. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണി അധികാരത്തിൽ ഇരിക്കുമ്പോൾ പ്രത്യേകിച്ചും. സർക്കാർ പ്രതിരോധത്തിലാകും വിധമുള്ള വലിയ വിമർശനങ്ങൾ പൊതുമധ്യത്തിലേക്ക് എത്താതിരിക്കാൻ പരസ്യത്തിൻ്റെയും മറ്റ് പല അനുമതികളുടെയും രൂപത്തിൽ സർക്കാർ കൈകൊടുക്കുമ്പോൾ, ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തുകയാണ് പതിവ്.
ഇത്തവണ പക്ഷെ ദേശീയപാത തകർന്ന വിഷയത്തിൽ സർക്കാരിനെ എന്നല്ല പാർട്ടിയെ മൊത്തത്തിൽ പ്രതിരോധത്തിലാക്കിയാണ് മനോരമ വാർത്ത പുറത്തുവിട്ടത്. കരാറെടുത്ത മേഘ കമ്പനി സിപിഎമ്മിന് 25 ലക്ഷം ഇലക്ട്രൽ ബോണ്ട് നൽകിയെന്നാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. ഇതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് നിയമപരമായി നീങ്ങണമെന്നും മനോരമയെ കൊണ്ട് തിരുത്തിക്കണം എന്നുമുള്ള വികാരം ഉണ്ടായത്. ഇതിന് അനുകൂലമായി എംഎ ബേബി പ്രതികരിച്ചതോടെ ആണ് ഉടനടി വക്കീൽ നോട്ടീസ് അയച്ചത്.

ദേശീയപാത തകർന്ന വിഷയത്തിൽ കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തം എന്നിരിക്കെ, അനാവശമായി ക്രെഡിറ്റെടുക്കാൻ നോക്കി സർക്കാർ മാനക്കേട് വരുത്തിവച്ചു എന്ന വികാരം പാർട്ടിയിൽ എല്ലാ തലത്തിലുമുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മരാമത്ത് മന്ത്രിയും ചേർന്ന് അത് പരിഹരിക്കുകയാണ് ഉചിതമെന്നുള്ള അഭിപ്രായത്തെ അനുകൂലിക്കുന്നവർ നേതൃത്വത്തിലും ഉണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് മേൽ ചെളിപുരളുന്ന ആരോപണത്തെ നിയമപരമായി പ്രതിരോധിക്കുക എന്ന നിലപാടിലേക്ക് എത്തിയത്.
ആരോപണങ്ങൾ ഉന്നയിക്കുമെങ്കിലും, കൊണ്ടുംകൊടുത്തും തന്നെ മുന്നോട്ടു പോകുമെങ്കിലും, തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളെ സ്ഥിരമായി ശത്രുപക്ഷത്ത് നിർത്തുന്ന ഇത്തരം നിലപാട് പാർട്ടിയും പ്രത്യേകിച്ച് മുഖ്യമന്ത്രിയും സ്വീകരിക്കാറില്ല. എന്നാൽ കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട് ബോധ്യപ്പെട്ടതോടെയാണ് ഞായറാഴ്ചയായിട്ടും നോട്ടീസ് അയക്കാൻ എം വി ഗോവിന്ദൻ നിർദേശിച്ചത്. മന്ത്രിയായ കാലത്തോ പിന്നീടോ മാധ്യമങ്ങളുമായി അടുത്തബന്ധം സൂക്ഷിക്കാറില്ല ബേബി; പിണറായിയെ പോലെ ‘കടക്കൂപുറത്ത് ലൈൻ’ ഇല്ലെന്ന് മാത്രം.

ഒരു നയാപൈസ പോലും ഇലക്ട്രൽ ബോണ്ട് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകി, അതിനെതിരെ പോരാട്ടം നടത്തി ഭരണഘടനാ വിരുദ്ധമെന്ന് കണക്കാക്കി റദ്ദുചെയ്യിപ്പിച്ച പ്രസ്ഥാനമാണ് സിപിഎം. വ്യാജവാർത്ത നിരുപാധികം പിൻവലിച്ച് പത്രത്തിന്റെ ഒന്നാം പേജിൽ ഖേദം പ്രസിദ്ധികരിച്ചില്ലെങ്കിൽ മനോരമക്കെതിരെ സിവിലായും ക്രിമിനലായും അപകീർത്തിക്ക് നടപടി സ്വീകരിക്കുമെന്നും പ്രസ് കൗൺസിലിന് പരാതി നൽകുമെന്നും ആണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
സ്വർണക്കടത്തിൻ്റെ കാലത്ത് പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ ഇ പി ജയരാജൻ്റെ ഭാര്യ നൽകിയ ഹർജിയിൽ മനോരമക്കെതിരെ വിധിയായിരുന്നു. ഇങ്ങനെ നേതാക്കളുമായി ബന്ധപ്പെട്ടവർ നിയമനടപടിക്ക് പോയലല്ലാതെ, നേതാക്കൾ നേരിട്ടോ പാർട്ടിയെന്ന നിലയിലോ മനോരമക്കെതിരെ കാര്യമായൊരു നടപടിക്കും പോകാറില്ല. ചോദിച്ചാൽ രാഷ്ട്രീയമായി നേരിടുകയാണ് രീതിയെന്ന് പറയും. സോഷ്യൽ മീഡിയയിലെ പോരും ഇക്കാലത്ത് സജീവമായി നടക്കും. ഇതിനേക്കാളെല്ലാം ശക്തമാണ് അന്തർധാര എന്നതാണ് സത്യം.

മനോരമയിൽ സിപിഎം സെൽ പ്രവർത്തിക്കുന്നു എന്നും ജാഗ്രത വേണമെന്നും അറിയിച്ച് കണ്ണൂർ യൂണിറ്റ് മാനേജർക്ക് ചീഫ് എഡിറ്റർ കെ എം മാത്യു അയച്ചതെന്ന മട്ടിൽ 2001ൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച കത്ത് അത്യപൂർവമായൊരു നിയമപോരാട്ടത്തിന് വഴിതെളിച്ചതാണ്. വാർത്ത വന്നതിൻ്റെ രണ്ടാംദിനം തന്നെ മനോരമ ഫയൽചെയ്ത ഈ അപകീർത്തിക്കേസ് പോലും പിൽക്കാലത്ത് ഒത്തുതീർപ്പാക്കിയെന്ന് അന്ന് ദേശാഭിമാനി ന്യൂസ് എഡിറ്ററും കേസിൽ പ്രതിയുമായിരുന്ന ജി ശക്തിധരൻ വെളിപ്പെടുത്തിയിട്ടുണ്ട്.


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here