എന്ത് പറഞ്ഞിട്ടും മെനയാകുന്നില്ലല്ലോ സജീ!! വീണയെ സംരക്ഷിക്കാന്‍ ടീച്ചറമ്മയുടെ കാലത്തും മോശം ചികിത്സയെന്ന് വിളിച്ച് പറഞ്ഞ് സാംസ്‌കാരിക മന്ത്രി

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ രക്ഷിക്കാനിറങ്ങി വെട്ടിലായി മന്ത്രി സജി ചെറിയാന്‍. സിപിഎമ്മിനേയും സര്‍ക്കാരിനേയും വലിയ പ്രതിസന്ധിയിലേക്കാണ് സജി ചെറിയാന്‍ എടുത്തെറിഞ്ഞിരിക്കുന്നത്. നമ്പര്‍ വണ്‍ ആരോഗ്യ കേരളമെന്ന് ആവര്‍ത്തിച്ച് വിളിച്ച് പറയുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും ചെയ്തു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് ഗുണം ലഭിക്കാനാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം എന്നും വിമര്‍ശനം ഉന്നയിക്കുകയാണ് നേതാക്കളും അണികളും.
എന്നാല്‍ ഇങ്ങനെ സർക്കാരിനെ പ്രതിരോധിക്കുന്നവരെയെല്ലാം വെട്ടിലാക്കുകയാണ് സർക്കാർ ആശുപത്രിയിലെ സ്വന്തം ചികിത്സാനുഭവം പറഞ്ഞ് സജി ചെറിയാന്‍. 2019ല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടി മരണത്തിന്റെ വക്കിലെത്തി. കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. 14 ദിവസം ബോധമില്ലാതെ കിടന്നു. അമൃതയിലെ ചികിത്സയാണ് തന്നെ രക്ഷിച്ചതെന്നും മന്ത്രി പറഞ്ഞു.
അന്ന് എംഎല്‍എ ആയിരുന്നു സജി ചെറിയാന്‍. ഒരു എംഎല്‍എക്ക് പോലും ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ശേഷിയില്ലാത്ത ആരോഗ്യ സംവിധാനത്തെ ആണോ നമ്പർ വണ്ണെന്ന് പുകഴ്ത്തുന്നത് എന്ന ചോദ്യത്തിന് ഇതോടെ മറുപടി പറയേണ്ട അവസ്ഥയിലെത്തി സിപിഎം. ഫലത്തിൽ മികവുറ്റതെന്ന് സർക്കാർ ഉയർത്തിക്കാണിക്കുന്ന ആരോഗ്യമേഖലയെ ആകെ തള്ളുകയാണ് മന്ത്രി.
അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയെ ടീച്ചറമ്മയാക്കി, കേരളത്തിലെ ആരോഗ്യ രംഗത്തെ കുതിപ്പിൻ്റെ കാരണക്കാരി എന്നെല്ലാം പ്രചരിപ്പിക്കുന്ന സിപിഎം ഇതോടെ ഇനിയെന്ത് പറയും എന്നാണ് ഇനി അറിയേണ്ടത്. മന്ത്രിമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതില്‍ കുഴപ്പമില്ലെന്ന് ന്യായീകരിക്കാനാണ് മന്ത്രി ഇത് പറഞ്ഞത്. ഒപ്പം മന്ത്രി വീണ ജോര്‍ജിനെ ലക്ഷ്യമിട്ടുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
ആദ്യമായല്ല ഈ മന്ത്രി ഇത്തരം പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത്. ഭരണഘടനയെ വിമര്‍ശിച്ചുള്ള കുന്തം, കുടചക്രം പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്ന ആളാണ് സജി ചെറിയാന്‍. കോടതി വിധിയിലെ സാങ്കേതികത്വം പറഞ്ഞാണ് തിരികെ എത്തിയത്. കായംകുളം എംഎല്‍എ യു.പ്രതിഭയുടെ മകനെതിരെ കഞ്ചാവ് കേസ് വന്നപ്പോള്‍ കുട്ടികള്‍ കൂട്ടംകൂടി നിന്ന് ഒന്ന് പുകവലിച്ചാല്‍ എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here