വി ശിവന്‍കുട്ടിയും സുരേഷ്‌ഗോപിയും ട്രോളിയും പരിഹസിച്ചും കളം നിറയുന്നു; വിദ്യാഭ്യാസം പറഞ്ഞും വിമര്‍ശനം; അറിയാം ഇവരുടെ യോഗ്യതകള്‍

കേരള രാഷ്ട്രീയത്തില്‍ പരസ്പരം ട്രോളിയും വിമര്‍ശിച്ചും പോരടിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. തന്നെ കാണാന്‍ എത്തിയ രണ്ട് കുട്ടികള്‍ കാല്‍തൊട്ട് തൊഴാന്‍ ശ്രമിച്ചപ്പോള്‍ അത് സുരേഷ് ഗോപിയുടെ പരിപാടിയാണ് എന്ന് പറഞ്ഞ് മന്ത്രി ശിവന്‍കുട്ടി തടഞ്ഞിരുന്നു. ഇതോടെയാണ് പരസ്പരമുള്ള പോരും ശക്തമായത്.

ഇടുക്കിയിലെ വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിനിടെ കേരളത്തിന് നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ എന്ന് പരിഹസിച്ച് സുരേഷ് ഗോപി രംഗത്ത് എത്തി. വട്ടവടയില്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടപ്പോഴാണ് സുരേഷ് ഗോപി മന്ത്രി ശിവൻകുട്ടിയെ വിമര്‍ശിച്ചത്. നിലവിലെ മന്ത്രിയില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ALSO READ : ‘കേരളത്തിൽ വിദ്യാഭ്യാസമുള്ള മന്ത്രി വരട്ടെ’; ശിവൻകുട്ടിയെ പരസ്യമായി പരിഹസിച്ച് സുരേഷ് ഗോപി

ഇതിനുള്ള മറുപടിയായി ശിവന്‍കുട്ടി പറഞ്ഞത് കേന്ദ്രമന്ത്രിയായിട്ട് ഒരു മൊട്ടുസൂചിയുടെ പോലും ഗുണം ഉണ്ടാക്കാന്‍ കഴിയാത്ത ആളാണ് സുരേഷ് ഗോപി എന്നാണ്. വായില്‍ തോന്നുന്നത് വിളിച്ച് പറഞ്ഞ് നടക്കുകയാണ്. പാവങ്ങള്‍ പരാതിയുമായി എത്തിയാല്‍ അടിച്ച് ഓടിക്കുകയാണ്. കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വായ തുറക്കുന്നത്. അഭിനയത്തിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്. എന്നാല്‍ അഭിനയിക്കാന്‍ അറിയുന്ന ആളല്ല. ദേശീയ പുരസ്‌കാരം എങ്ങനെ കിട്ടി എന്ന് അറിയാം, എന്നാല്‍ അത് പറയുന്നില്ലെന്നും കടുത്ത ഭാഷയില്‍ തിരിച്ചടിച്ചു.

ഈ പോരും ഇനിയും തുടരും എന്ന സൂചനകള്‍ തന്നെയാണ് പുറത്തുവരുന്നത്. ഇങ്ങനെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ സുരേഷ് ഗോപി ഉന്നയിച്ച മന്ത്രിയുടെ വിദ്യാഭ്യാസവും ചികയുന്നവര്‍ ചെറുതല്ല. വി ശിവന്‍കുട്ടി ഒരു എല്‍എല്‍ബി ബിരുദധാരിയാണ്. 1980-83 വര്‍ഷത്തില്‍ തിരുവനന്തപുരം ലോ അക്കദമിയില്‍ നിന്നാണ് എല്‍എൽബി നേടിയത്. 1973-76 കാലഘട്ടത്തില്‍ ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ബിരുദവും ശിവന്‍കുട്ടി നേടിയിട്ടുണ്ട്. പഠനകാലത്ത് തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനത്ത് വരെ എത്തി നില്‍ക്കുന്നത്.

സുരേഷ് ഗോപിയും വിദ്യാഭ്യാസ കാര്യത്തില്‍ പിന്നില്‍ അല്ല. എംഎ ഇംഗ്ലീഷ് വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ് സുരേഷ് ഗോപി. 1982ല്‍ കൊല്ലം ഫാത്തിമമാത കോളേജില്‍ നിന്നാണ് സുരേഷ് ഗോപി എംഎ പാസായത്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇരുവരും വിദ്യാഭ്യാസ യോഗ്യത പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top